സെമിയിലെ ഇരു പാദങ്ങളിലും തിളങ്ങി ഡാനി ആൽവസ്
text_fieldsടൂറിൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഒരു ഗോൾപോലും നേടാതെ തോറ്റമ്പിയ ബാഴ്സലോണ കണ്ണീരിൽ നനഞ്ഞു കുതിർന്നപ്പോൾ, നെയ്മറെയും മെസ്സിയെയും ആശ്വസിപ്പിക്കാനെത്തിയ ഡാനി ആൽവസിെൻറ ചിത്രം ആരാധകർ എളുപ്പം മറക്കില്ല. കഴിഞ്ഞ ജൂണിൽ വിലപോലും പറയാതെ വിറ്റൊഴിവാക്കിയ ഡാനിയെ ടീമിൽ നിലനിർത്തിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുമില്ല.
34 വയസ്സ് അയോഗ്യതയായി മുദ്രകുത്തി ഇറ്റലിയിലേക്ക് നാടുകടത്തപ്പെട്ട അതേ ബ്രസീലുകാരൻ ഡാനി ആൽവസാണ് ഇന്ന് യുവൻറസിെൻറ ഫൈനൽ പ്രവേശനത്തിലെ സൂപ്പർ ഹീറോ. യുവൻറസിലേക്കുള്ള വരവും ഡാനിക്ക് അത്ര സുഖമുള്ളതായിരുന്നില്ല. ബാഴ്സലോണ വെറുതെനൽകിയ താരത്തെ ഫ്രീട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയതിന് കോച്ച് മാസിമിലിയാനോ അലെഗ്രിക്ക് സ്വന്തക്കാരിൽനിന്ന് വരെ പഴി കേൾക്കേണ്ടിവന്നു. അവരോടെല്ലാം അലെഗ്രി ചോദിക്കുന്നു: ‘‘ഇപ്പോൾ എങ്ങനെയുണ്ടെന്ന്. മൂന്ന് മാസം മുമ്പും ചിലർ ആൽവസിനെ ടീമിൽനിന്ന് പുറത്താക്കാൻ പറഞ്ഞിരുന്നു.
കഴിഞ്ഞ രാത്രികൾ അവർക്ക് ഉത്തരം നൽകുന്നു. ഒരു താരം മികച്ചതാണെങ്കിൽ, അയാൾ ജൂണിലും സെപ്റ്റംബറിലും അടുത്ത ജൂണിലുമെല്ലാം മികച്ചതുതന്നെയാവും. കഴിഞ്ഞ മൂന്നുമാസംകൊണ്ട് ഫുട്ബാളറായതല്ല ആൽവസ്. കരിയറിൽ 29 കിരീടങ്ങളുള്ള അലങ്കാരമുണ്ട് അദ്ദേഹത്തിന്.’’ -അലെഗ്രി നൽകിയ സർട്ടിഫിക്കറ്റിനേക്കാൾ മറ്റെന്തുവേണം ആൽവസിെൻറ മികവളക്കാൻ.
ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള യുവൻറസിെൻറ വിക്ടറി മാർച്ചിൽ നിർണായക സാന്നിധ്യമായി ഇൗ 34കാരനുണ്ട്. ആദ്യ പാദത്തിൽ ഗോൺസാലോ ഹിഗ്വെയ്ൻ ഇരട്ടഗോൾ നേടി മിന്നിത്തിളങ്ങിയപ്പോൾ രണ്ട് ഗോളിനും വഴിയൊരുക്കിയത് ഡാനിയായിരുന്നു. രണ്ടാം പാദത്തിൽ മാൻസുകിച് നേടിയ റീബൗണ്ട് ഗോളിലേക്ക് ക്രോസ് നൽകിയും രണ്ടാം ഗോൾ സ്വന്തം പേരിൽ കുറിച്ചും അവൻ വിമർശകരുടെ വായടപ്പിച്ചു.
കരുത്തുറ്റ പ്രതിരോധം, മിന്നൽ പിണർ പോലെയുള്ള ആക്രമണം -ഇതാണ് ഡാനി ആൽവസിനെ അലെഗ്രിക്ക് പ്രിയപ്പെട്ടവനാക്കുന്നത്. മോണകോയെ നേരിടുേമ്പാൾ ഒരേസമയം, നിരവധി ജോലികളായിരുന്നു മുൻ ബാഴ്സലോണ താരത്തിന്. ബർസാഗ്ലിക്കൊപ്പം എതിരാളിയുടെ സ്റ്റാർസ്ട്രൈക്കർ കെയ്ലിൻ എംബായെ മാർക്ക് ചെയ്യുകയെന്ന ഭാരിച്ച ദൗത്യം. അവസരമൊരുങ്ങുേമ്പാഴെല്ലാം വിങ്ങിലൂടെ മുന്നോട്ടുകയറി ആക്രമണം ആസൂത്രണം ചെയ്യുക. ഏൽപിച്ച ജോലികളിൽ ആൽവസ് സൂപ്പർ പെർഫക്ട് ആയി. മാൻസുകിചിനും ഹിഗ്വെയ്നും എപ്പോഴും പന്തെത്തിച്ച താരം അവസരംകിട്ടിയപ്പോൾ വെടിച്ചില്ല്പോലൊരു ഷോട്ടിലൂടെ വലയും കുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.