മുൻ ലോക ഫുട്ബാളർ ജോർജ് വിയ ഇനി ലൈബീരിയൻ പ്രസിഡൻറ്
text_fieldsമൺറോവിയ: ജോർജ് വിയ എന്ന ആഫ്രിക്കൻ ഫുട്ബാൾ ഇതിഹാസം ലൈബീരിയയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിെൻറ ‘വണ്ടർ ഗോൾ’ തരംഗം തീർക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം ജോർജ് വിയ എന്നടിച്ചാൽ ആദ്യമെത്തുന്നത് 1996ൽ എ.സി മിലാെൻറ ചുവന്ന വരയൻ കുപ്പായത്തിൽ വെറോണക്കെതിരെ നേടിയ ആ വിസ്മയ ഗോൾ. സ്വന്തം പെനാൽറ്റി ബോക്സിൽനിന്നും വലതുകാലിൽ കോർത്തെടുത്ത പന്തുമായി വിയ എതിർ ബോക്സിലേക്ക് കുതിച്ചെത്തുേമ്പാൾ വെറോണയുടെ പത്ത് പേരും പിന്നാലെയുണ്ടായിരുന്നു. ഒാടിയെത്തി പന്തിലേക്ക് ഉൗർന്നിറങ്ങിയവരെയും കടുംഫൗൾ ചെയ്തവരെയും മറികടന്ന് നേടിയ ഗോൾ വിയയെ വീണ്ടുമൊരിക്കൽ ഇതിഹാസമാക്കിമാറ്റി.
അദ്ഭുത ഗോളിനെപ്പോലെ അവിസ്മരണീയമായിരുന്നു ഫുട്ബാളറിൽനിന്നും പ്രസിഡൻറ് പദവിയിലേക്കുള്ള വിയയുടെ യാത്രയും. കാൽപന്തിൽ മോഹിച്ചതെല്ലാം സ്വന്തമാക്കി ബൂട്ടഴിച്ച ശേഷമായിരുന്നു വിയയുടെ രാഷ്ട്രീയ പ്രവേശനം. മൂന്നുതവണ ആഫ്രിക്കൻ ഫുട്ബാളർ പട്ടം, 1995ൽ ഫിഫ ലോക ഫുട്ബാളർ പുരസ്കാരവും ബാലൺഡി ഒാറും. എ.സി മിലാനുവേണ്ടി രണ്ട് സീരി ‘എ’ കിരീടം, ചെൽസിയിൽ എഫ്.എ കപ്പ്, പി.എസ്.ജിയിൽ ഫ്രഞ്ച് ലീഗ്... ആ പട്ടിക നീളുന്നു.
18 വർഷം നീണ്ട ഫുട്ബാൾ കരിയറിനോട് 2003ൽ യാത്രപറഞ്ഞാണ് ലൈബീരിയയുടെ ലോക മുഖമായ ജോർജ് വിയ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആഭ്യന്തര യുദ്ധവും, ഭരണ അസ്ഥിരതയും തകർത്ത നാടിന് സമാധാനവും വികസനവും വാഗ്ദാനം ചെയ്ത് പുതിയ പാർട്ടി രൂപവത്കരിച്ചായിരുന്നു കടന്നുവരവ്. ‘കോൺഗ്രസ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച്’ (സി.ഡി.സി) എന്ന പാർട്ടിയുമായി 2005ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിയ കളത്തിലിറങ്ങി. പക്ഷേ, ലൈബീരിയക്ക് ലോക ഭൂപടത്തിൽ മേൽവിലാസം നൽകിയ ഇഷ്ടതാരത്തെ ജനം അംഗീകരിച്ചില്ല. രാജ്യത്തിെൻറ ആദ്യ വനിത പ്രസിഡൻറായിമാറിയ എലൻ ജോൺസൺ സർലീഫിനെതിരെ 40 ശതമാനം വോട്ട് മാത്രമേ വിയക്ക് നേടാനായുള്ളൂ. പക്ഷേ, അദ്ദേഹം പോരാട്ടം അവസാനിപ്പിച്ചില്ല. ജനാധിപത്യവും സ്ഥിരതയുമുള്ള രാജ്യെമന്ന വാഗ്ദാനവുമായി പൊതുപ്രവർത്തനം സജീവമാക്കി. ഫുട്ബാളറിൽനിന്നും നാടിെൻറ തുടിപ്പറിയുന്ന രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റം. 2011ലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു. എങ്കിലും തെൻറ നിരന്തര പോരാട്ടത്തിന് അതൊന്നും ക്ഷീണമായില്ല. ഇന്ന് തോറ്റാൽ നാളെ ജയിക്കുമെന്ന ഫുട്ബാളറുടെ മനഃശാസ്ത്രം തെരഞ്ഞെടുപ്പ് തോൽവികൾക്കിടയിൽ അദ്ദേഹത്തിന് പ്രചോദനമായി.
2014ൽ പ്രസിഡൻറ് സർലീഫിെൻറ മകനെ പരാജയപ്പെടുത്തി വിയ ആദ്യമായി ലൈബീരിയൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 ഏപ്രിലിൽ വരുന്ന തെരഞ്ഞെടുപ്പിലെ പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുൻ ലോക ഫുട്ബാളർ നേരത്തെതന്നെ ജോലി തുടങ്ങി. സമൂല വികസനവും ജനാധിപത്യവും വാഗ്ദാനം ചെയ്തായിരുന്നു പ്രചാരണം. നിലവിലെ വൈസ് പ്രസിഡൻറ് കൂടിയായ ജോസഫ് ബൊകായിക്കെതിരെ 61.5 ശതമാനം വോട്ടുകൾ നേടിയാണ് വിയ രാജ്യത്തിെൻറ 25ാമത്തെ പ്രസിഡൻറായി വരുന്നത്. ജനുവരി 16ന് അദ്ദേഹം സ്ഥാനമേൽക്കും. ചേരിയിൽ പിറന്ന്, ലോക ഫുട്ബാളിലെ ആഫ്രിക്കൻ നക്ഷത്രമായി വളർന്ന വിയ എന്ന വിസ്മയത്തിലാണ് ഇനി ലൈബീരിയയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.