തീയിൽ കുരുത്ത മോഡ്രിച്
text_fieldsഇടത്തോട്ട് തെറ്റിയാൽ ചിലപ്പോൾ മണ്ണിൽ ഒളിഞ്ഞിരിക്കുന്ന കുഴിബോംബുകൾ പൊട്ടിത്തെറിക്കും. പന്തിൽ ആഞ്ഞൊന്നടിച്ചാലോ, നിലംഅറിഞ്ഞൊന്നു ചവിട്ടിയാലോ ഒരു പൊട്ടിത്തെറിയിൽ ജീവൻ നിലക്കും. ഒന്നൊച്ചവെച്ചാൽ, ആ ദിക്കു തേടി സെർബിയൻ പട്ടാളക്കാരുടെ തോക്കുകൾ തീ തുപ്പും. അതിനാൽ, കാൽപന്തു ഭ്രമം ബാധിച്ച മകനെ രക്ഷിതാക്കൾ ഒളിപ്പിച്ചു വളർത്തി. അഭയാർഥിക്യാമ്പിലെ കാർപാർക്കിങ് മാത്രമായി അവെൻറ കളിസ്ഥലം. അവിടെ നിന്നു സഹോദരിക്കൊപ്പം പന്തുകളിയുടെ ബാലപാഠം പഠിച്ചവൻ ഇന്ന് ലോകമറിയുന്ന താരമായത് നിങ്ങൾക്കുമറിയാം. യൂറോപ്യൻ വൻകരയിൽ പൊട്ടുപോലെ തിളങ്ങുന്ന ക്രൊയേഷ്യയെന്ന രാജ്യത്തിെൻറ ലോകപൗരനാണിവൻ. പേര് ലൂക്ക മോഡ്രിച്.
ബോംബുകൾക്കും മരണത്തിനുമിടയിൽ പന്തുകളിയെ ഉപാസിച്ചവനെ തളക്കാനായിരുന്ന സൗത്ത്ഗേറ്റും ജോർജ് സാംപോളിയും മറ്റുമെല്ലാം റഷ്യൻമണ്ണിൽ തന്ത്രം മെനഞ്ഞത്. മൈനുകൾക്കും ബോംബുകൾക്കും വെടിയൊച്ചകൾക്കുമിടയിൽ പന്തിനെ ഡ്രിബ്ൾചെയ്ത് വിജയിച്ചവനെ പിടിച്ചുകെട്ടാനുള്ള പാഠങ്ങളൊന്നും ഫുട്ബാൾ അക്കാദമികളിലൂടെയെത്തിയ എതിരാളികൾക്ക് അറിവില്ലായിരുന്നു. ജീവിതപാഠത്തിനു മുന്നിൽ അവരുടെ അക്കാദമിക് അഭ്യാസങ്ങൾ മുനയൊടിഞ്ഞു വീണു.
സാധ്യതകളൊന്നുമില്ലാതെയെത്തിയ ക്രൊയേഷ്യ വിശ്വപോരാട്ടത്തിെൻറ ഫൈനലിൽ ഇടംപിടിക്കുേമ്പാൾ മധ്യനിരയിലെ കളിമിടുക്കുമായി ടീമിനെ നയിച്ച മോഡ്രിച്ചിെൻറകൂടി വിജയമാണിത്.
***
1990 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ട് പന്തുതട്ടുേമ്പാൾ ജന്മനാട്ടിൽ മരണത്തിനും ജീവിതത്തിനുമിടയിലായിരുന്നു ലൂക്ക മോഡ്രിച് എന്ന ആറു വയസ്സുകാരെൻറ ജീവിതം. യൂഗോസ്ലാവ്യയുടെയും സെർബുകളുടെയും പീഡനത്തിൽനിന്നും സ്വാതന്ത്ര്യം തേടിയുള്ള ക്രൊയേഷ്യയുടെ പോരാട്ടകാലമായിരുന്നു അത്. സ്വാതന്ത്ര്യപോരാട്ടത്തെ അടിച്ചമർത്താനായി യൂഗോസ്ലാവ്യൻ സൈന്യവും സെർബ് അക്രമികളും കയറി നിരങ്ങിയപ്പോൾ മറ്റു ക്രൊയേഷ്യക്കാരെപ്പോലെ മോഡ്രിച്ചിെൻറ കുടുംബവും പെരുവഴിയിലായി.
മാതാപിതാക്കളായ സ്റ്റീഫ് മോഡ്രിച്ചും റദോക ഡുപോഡും കുടുംബം പുലർത്താനായി നഗരത്തിൽ ജോലിക്ക് പോയതോടെ, സദർ സിറ്റിയിലെ മോഡ്രിച്ചി എന്ന ഗ്രാമത്തിൽ മുത്തച്ഛനൊപ്പമായിരുന്നു ലൂക്കയുടെ ബാല്യം. അതിനിടെ ഒരു ദിനം സെർബ് അക്രമികളും സൈന്യവും ആ ഗ്രാമത്തെ ആക്രമിച്ച് അവുടെ വീട് അഗ്നിക്കിരയാക്കി. മുത്തച്ഛനെയും മറ്റും തടവിലാക്കി പീഡിപ്പിച്ചശേഷം വെടിവെച്ചുകൊന്നു.
കുഞ്ഞ ലൂക്കയും കൂട്ടുകാരും അനാഥരായി. വാർത്തയറിഞ്ഞ് ഒാടിയെത്തിയ മാതാപിതാക്കൾ അവനെയുമായി സദർ പട്ടണത്തിലെ അഭയാർഥ ക്യാമ്പിൽ അഭയംതേടി. വെള്ളവും വെളിച്ചവുമില്ല. വിശപ്പടക്കാൻ സമയത്തിന് ഭക്ഷണമില്ലാതെ സന്നദ്ധ സംഘങ്ങളുടെ വാഹനങ്ങൾക്കു മുമ്പാകെ കൈനീട്ടിയ കാലം. ഒപ്പമുള്ളവരെല്ലാം ജീവിക്കാൻ പാടുപെടുേമ്പാൾ ഹൃദയത്തിലെ പന്തുകളിയെ അവൻ കെടാതെ സൂക്ഷിച്ചു. അഭയാർഥികേന്ദ്രമായ ഹോട്ടലിെൻറ കാർപാർക്കിങ്ങായിരുന്നു കളിസ്ഥലം. മൈതാനങ്ങളെല്ലാം കുഴിബോംബുകൾ നിറഞ്ഞപ്പോൾ ലൂക്കയും സഹോദരി ജാസ്മിനയും കൂട്ടുകാരുമെല്ലാം പരിമിതമായ മണ്ണിൽ പന്തുകളി പഠിച്ചു.
വെടിവെപ്പിെൻറയും സ്ഫോടനങ്ങളുടെയും ശബ്ദങ്ങൾ മാറി, യുദ്ധഭൂമി വിട്ട് ഫുട്ബാളിെൻറ മനോഹരമൈതാനങ്ങൾ കീഴടക്കുന്നത് അവർ സ്വപ്നം കണ്ടു. ഉറ്റവരും ഉടയവരും നഷ്ടമായ യുദ്ധനാളുകൾക്കൊടുവിൽ 1995ൽ ക്രൊയേഷ്യ സ്വതന്ത്രമായി. വെടിയൊച്ചകൾ നിലച്ചു. ലൂക്കയുടെ സ്വപ്നങ്ങളും തളിരിട്ടു. അടുത്തവർഷം, സദറിലെ ഫുട്ബാൾ ക്ലബിലേക്ക് അവനെ കൈപിടിച്ചു നടത്തിയത് അമ്മാവനായിരുന്നു. 10 മുതൽ 15 വയസ്സുവരെ നാട്ടിൽ കളിച്ചു. 1998ലെ ഫ്രഞ്ച് ലോകകപ്പിൽ ഡോവർ സൂക്കറുടെ നേതൃത്വത്തിൽ ക്രൊയേഷ്യ ലോക ഫുട്ബാളിൽ ചരിത്രമെഴുതുേമ്പാൾ അവർ രാവും പകലുമില്ലാതെ ആഴ്ചകളോളം ആഘോഷിച്ചു.
അന്നു സദറിൽ കൂട്ടുകാർക്കൊപ്പമിരുന്ന് കളികാണുേമ്പാൾ വിശ്വമേളയിൽ തങ്ങളും പന്തുതട്ടുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നുവെന്ന് പിന്നീടൊരിക്കൽ േമാഡ്രിച് പറയുകയും െചയ്തു. 2002ൽ ക്രൊയേഷ്യയിലെ സൂപ്പർ ക്ലബ് ൈഡനാമോ സാഗ്റബിെൻറ ട്രയൽസും വിജയിച്ച് അവരുടെ താരമായതോടെയാണ് ലൂക്കയിലെ പ്രഫഷനൽ ഫുട്ബാളർ തെളിയുന്നത്. അടുത്തവർഷം 18ാം വയസ്സിൽ സീനിയർ ക്ലബിലുമെത്തി. ശേഷം രണ്ട് ക്രൊയേഷ്യൻ ക്ലബുകളിൽതന്നെ ലോണിൽ കളിച്ചശേഷം 2008ൽ ടോട്ടൻഹാമുമായി ഒപ്പുവെച്ചതോടെ അവെൻറ പേര് അതിരുകൾ കടന്നു.
കരാറിൽ ഒപ്പിട്ടശേഷം ലണ്ടനിൽ വാർത്താസമ്മേളനത്തിനിടെ അവൻ പഴയ ഒാർമകൾ പങ്കുവെച്ച് വിതുമ്പി. ‘‘യുദ്ധം ഞങ്ങളെയെല്ലാം അഭയാർഥികളാക്കുേമ്പാൾ ആറു വയസ്സുമാത്രമായിരുന്നു പ്രായം. വല്ലാതെ തളർത്തി. ഇൗ ഒാർമകൾ നിങ്ങളുടെ ചിന്തകളേക്കാൾ ഭീകരമായിരുന്നു. ഹോട്ടൽ അഭയാർഥി താവളമാക്കി. ഭക്ഷണത്തിനും പണത്തിനുമായി വല്ലാതെ ബുദ്ധിമുട്ടി. അപ്പോഴും ഫുട്ബാളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. എങ്കിലും യുദ്ധം മാനസികമായി കരുത്തുനൽകി’’ -അപൂർവമായി മാത്രം പഴയ ഒാർമ പങ്കുവെക്കുന്ന മോഡ്രിച് അന്ന് മാധ്യമങ്ങൾക്കുമുന്നിൽ കണ്ണീരോടെ പറഞ്ഞു.
ടോട്ടൻഹാമിൽ 127 കളിയിൽ ബൂട്ടുകെട്ടി 13 ഗോളടിച്ച താരം 2012ൽ റയൽ മഡ്രിഡിലെത്തിയതോടെ സൂപ്പർ താരമായി മാറി. ഇതിനിടെ, ക്രൊയേഷ്യയുടെ ദേശീയ ടീമിലെയും സ്ഥിരസാന്നിധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.