പ്രണാമം, പ്രണോയ്
text_fieldsതിരുവനന്തപുരം: ‘‘അച്ഛാ, ശക്തമായ മത്സരമായിരുന്നു. കശ്യപിെൻറ ഫോമിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഒരുപാട് പാടുപെട്ടു. എങ്കിലും ഈ ദിവസം ഈശ്വരൻ എനിക്കായി തന്നു.’’ കരിയറിലെ മൂന്നാം സൂപ്പർ സീരീസ് കിരീടവും കൈയിലേന്തി പിതാവ് സുനിൽകുമാറിനെയും മാതാവ് ഹസീനയെയും വിജയവിവരം ഫോണിൽ അറിയിക്കുമ്പോൾ എച്ച്.എസ്. പ്രണോയിയുടെ വാക്കുകളിൽ വലിയ ആവേശമൊന്നുമില്ല. കാരണം മറുവശത്ത് പൊരുതി തോറ്റത് ജീവനുതുല്യം സ്നേഹിക്കുന്ന ഉറ്റചങ്ങാതി. ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയിൽ കഴിഞ്ഞ എട്ടു വർഷമായി കൊണ്ടും കൊടുത്തും തഴച്ച സൗഹൃദം. അതുകൊണ്ടുതന്നെ കശ്യപിെൻറ തോൽവിയിൽ ആവേശംകൊള്ളാൻ പ്രണോയിക്ക് കഴിയില്ലെന്ന് പിതാവ് സുനിൽകുമാർ പറയുന്നു.
വ്യോമസേനയിൽ ബാഡ്മിൻറൺ താരമായിരുന്ന സുനിൽകുമാറിനൊപ്പം ഒമ്പതാം വയസ്സിലാണ് പ്രണോയി ഷട്ടിൽ തട്ടിത്തുടങ്ങിയത്. പ്രതിഭയുടെ മിന്നിത്തിളക്കം കണ്ടതോടെ ആക്കുളം കേന്ദ്രീയവിദ്യാലയത്തിലെ പഠനത്തോടൊപ്പം തന്നെ സ്പോർട്സ് കൗൺസിലിൽ പരിശീലനത്തിനും മകനെ അയച്ചു. ശിവരാമകൃഷ്ണനും എം.എൽ. നരേന്ദ്രനുമായിരുന്നു ആദ്യകാല പരിശീലകർ. തുടർന്ന് സംസ്ഥാനതലത്തിൽ അണ്ടർ 10,13,16,19 സ്റ്റേജുകളിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങൾ.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യൻ ടീമിൽ അംഗമാകുന്നത്. പ്രണോയിയുടെ പ്രകടനം കണ്ട് അദ്ഭുതം കൂറിയ പുല്ലേല ഗോപിചന്ദ് തെൻറ അക്കാദമിയിലേക്ക് പ്രണോയിയെ ക്ഷണിക്കുകയായിരുന്നു.
2010ൽ ജൂനിയർ ലോകകപ്പിൽ വെങ്കല മെഡൽ നേടി. അതേവർഷം തന്നെ യൂത്ത് ഒളിമ്പിക്സിൽ വെള്ളിയും നേടി. അക്കാദമിയിൽ കിഡുംബി ശ്രീകാന്ത്, സായി പ്രണീത്, കശ്യപ് തുടങ്ങിയ ലോകതാരങ്ങളോടൊപ്പമുള്ള പരിശീലനമാണ് പ്രണോയിയെ ഇന്ന് ലോക അറിയുന്ന താരമായി വളർത്തിയതെന്നകാര്യത്തിൽ ഹസീനക്കും സുനിൽകുമാറിനും സംശയമൊന്നുമില്ല.
അതേസമയം രാജ്യത്തിന് അഭിമാനമായ വിജയം നേടിയിട്ടും സർക്കാറോ സ്പോർട്സ് കൗൺസിലോ ഒരു അനുമോദനംപോലും അറിയിക്കാത്തതിലുള്ള പരിഭവം ഈ കുടുംബത്തിനുണ്ട്. ‘‘അവഗണനയൊന്നും ഞാനോ മകനോ കാര്യമായിട്ടെടുത്തിട്ടില്ല. ആരുടെ മുന്നിലും കൈനീട്ടാനും പോയിട്ടില്ല. അവെൻറ മാത്രം വിയർപ്പാണ് എല്ലാ നേട്ടത്തിനും പിന്നിൽ. ആ ഉയർച്ചയുടെ പങ്കുപറ്റാൻ മാതാപിതാക്കളായ ഞങ്ങൾക്കുപോലും അർഹതയില്ല- സുനിൽകുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.