Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅശ്വിന്‍ എന്ന യാഗാശ്വം

അശ്വിന്‍ എന്ന യാഗാശ്വം

text_fields
bookmark_border
അശ്വിന്‍ എന്ന യാഗാശ്വം
cancel
camera_alt????. ????????

എട്ടു വര്‍ഷം മുമ്പ് അനില്‍ കുംബ്ലെ ഫിറോസ് ഷാ കോട്​ലയില്‍ അവസാന ടെസ്റ്റ് കളിച്ചിറങ്ങിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലക്ഷണമൊത്തൊരു സ്പിന്നര്‍ ഇല്ലായിരുന്നു. പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞ് അതേ ഫിറോസ് ഷാ കോട്ലയില്‍ കന്നി ടെസ്റ്റ് കളിക്കാന്‍ ആര്‍. അശ്വിന്‍ എന്ന 25കാരന്‍ ഇറങ്ങുമ്പോള്‍ ഇടവേളകളിലെപ്പോഴോ വന്നുപോകുന്നൊരു സാദാ സ്പിന്നര്‍ എന്നേ പലരും കരുതിയുള്ളൂ. പക്ഷേ, വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് നാലു ദിവസം കൊണ്ട് അവസാനിപ്പിച്ച് ഇന്ത്യ അഞ്ച് വിക്കറ്റിന്‍െറ വിജയം രേഖപ്പെടുത്തിയപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് പേരു വിളിച്ചത് ആ കന്നിക്കാരനെയായിരുന്നു- രവിചന്ദ്ര അശ്വിന്‍.

ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍െറ വിരലുകളില്‍ നിന്നുയര്‍ന്ന ചുഴലി കൊടുങ്കാറ്റ് രണ്ടാമിന്നിങ്സില്‍ വിന്‍ഡീസിന്‍െറ ആറു ബാറ്റ്സ്മാന്മാരുടെ കഥ കഴിച്ചു. മൂന്നാം ടെസ്റ്റിലായിരുന്നു അശ്വിന്‍െറ വിശ്വരൂപം കണ്ടത്. രണ്ടിന്നിങ്സിലുമായി ഒമ്പത്  വിക്കറ്റുകള്‍ പിഴുത അശ്വിന്‍ ആ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ബാറ്റിങ്ങും തനിക്ക് വഴങ്ങുമെന്നു തെളിയിച്ചു.പരമ്പര അവസാനിക്കുമ്പോള്‍ മൂന്നു ടെസ്റ്റുകളില്‍നിന്ന് അശ്വിന്‍ വാരിയെടുത്തത് 22 വിക്കറ്റുകള്‍. പരമ്പരക്കൊടുവില്‍ പ്ളെയര്‍ ഓഫ് ദ സീരീസായി മറ്റൊരാളെ തിരയേണ്ടിവന്നില്ല; അശ്വിന്‍.

അതിനുശേഷം ഇന്ത്യക്കകത്തും പുറത്തും അശ്വിന്‍െറ തേരോട്ടത്തില്‍ ഇന്ത്യ വിജയങ്ങളുടെ നീണ്ട പരമ്പരകള്‍ തന്നെ സൃഷ്ടിച്ചു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരത്തിനു പുറമെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനുള്ള പുരസ്കാരവുമായി ഇരട്ട നേട്ടത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നു.തമിഴ്നാട് ജൂനിയര്‍ ടീമിന്‍െറ ഓപണറായി കരിയര്‍ തുടങ്ങിയ അശ്വിന്‍ ഓഫ് സ്പിന്നറായി മാറുകയായിരുന്നു. ക്രിക്കറ്റിന്‍െറ പെരുംപോരാട്ടങ്ങളിലേക്ക് അശ്വിനെ ആനയിച്ചത് ഐ.പി.എല്‍ ആണ്. ചെന്നൈ സൂപ്പര്‍ കിങ്സില്‍ കാഴ്ചവെച്ച മികച്ച പ്രകടനം സിംബാബ്വെക്കെതിരായ ഏകദിന ടീമില്‍ കയറിപ്പറ്റാന്‍ സഹായിച്ചു. 2010 ജൂലൈ അഞ്ചിന് ഹരാരെയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ അച്ചടക്കത്തോടെ പന്തെറിയുന്ന സ്പിന്‍ ബൗളര്‍ എന്ന മേല്‍വിലാസത്തില്‍നിന്ന് എതിര്‍ നിരയെ പിച്ചിച്ചീന്തുന്ന അക്രമകാരി എന്ന നിലയിലേക്കുള്ള അശ്വിന്‍െറ വളര്‍ച്ച പെട്ടെന്നായിരുന്നു. ഹര്‍ഭജന്‍ സിങ്ങിന്‍െറ പന്തുകളുടെ മുന തേഞ്ഞ കാലം കൂടിയായിരുന്നു അത്. അനില്‍ കുംബ്ളെ ഒഴിച്ചിട്ട സ്പിന്നറുടെ ഇരിപ്പിടത്തിലേക്ക്, കുംബ്ളെ ഒരിന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയ ഫിറോസ് ഷാ കോട്ലയിലൂടെ അശ്വിന്‍ കടന്നുവന്നു.

ഏറ്റവും വേഗത്തില്‍ 50, 100, 150, 200 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് അശ്വിന്‍ സ്വന്തം വരുതിയിലാക്കി. അതിവേഗത്തില്‍ 200 വിക്കറ്റ് തികച്ച ലോകത്തിലെ രണ്ടാമത്തെ ബൗളര്‍ എന്ന അപൂര്‍വ റെക്കോഡും സ്വന്തമാക്കി. 37 ടെസ്റ്റില്‍നിന്നാണ് അശ്വിന്‍ 200ലത്തെിയത്. 36 ടെസ്റ്റില്‍നിന്ന് 200 വിക്കറ്റുകള്‍ തികച്ച ക്ളാരി ഗ്രിമ്മെറ്റിന്‍െറ പേരിലാണ് അതിവേഗത്തിന്‍െറ റെക്കോഡ്. പക്ഷേ, 37 ടെസ്റ്റുകളോടെ 216 വിക്കറ്റുമായി ഗ്രിമ്മെ കളിയവസാനിപ്പിച്ചപ്പോള്‍ അശ്വിന്‍ 44 ടെസ്റ്റില്‍നിന്ന് 248 വിക്കറ്റുമായി അശ്വമേധം തുടരുന്നു.

എതിരാളികളെ വട്ടംകറക്കുന്ന വൈവിധ്യമുള്ള പന്തുകളാണ് അശ്വിന്‍െറ ആയുധം. ഷെയ്ന്‍ വോണിനുശേഷം ഫൈ്ളറ്റഡ് ഡെലിവറി എറിയുന്ന സ്പിന്നര്‍മാരുടെ അന്ത്യം സംഭവിച്ച കാലത്താണ് ഓഫ് സ്പിന്നില്‍ പുതിയ പരീക്ഷണങ്ങളുമായി അശ്വിന്‍ കളംപിടിക്കുന്നത്. ടോപ് സ്പിന്നിനു പുറമെ ആവശ്യമുള്ള സമയത്ത് ടീമിന് ബ്രേക്ത്രൂ നല്‍കാന്‍ അശ്വിന്‍െറ കാരംബോളുകള്‍ എതിരാളികളുടെ പ്രതിരോധങ്ങള്‍ പിളര്‍ത്തി. പിച്ചു ചെയ്ത ശേഷം സ്വഭാവം മാറുന്ന പന്തുകള്‍  എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ബാറ്റ്സ്മാന്മാരെ കുരുക്കിയിട്ടു.ഇംഗ്ളണ്ടിനെതിരെ ഇക്കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 28 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. ഏഴു തവണയാണ് അശ്വിന്‍ 10 വിക്കറ്റ് നേട്ടം കുറിച്ചത്. അഞ്ച് വിക്കറ്റ് നേട്ടം 24 തവണ ആവര്‍ത്തിച്ചു.

ബൗളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും അശ്വിന്‍ ഇന്ത്യക്ക് ഏറെ തുണയായി. മുന്‍നിര റണ്‍ കണ്ടത്തൊന്‍ കഴിയാതെ വട്ടംകറങ്ങിയ നിര്‍ണായക ഘട്ടങ്ങളില്‍ അശ്വിന്‍െറ ബാറ്റില്‍നിന്ന് റണ്ണൊഴുകി. 62 ഇന്നിങ്സില്‍ നിന്ന് 1816 റണ്‍സ് ഇതിനകം അശ്വിന്‍െറ അക്കൗണ്ടിലുണ്ട്. അതില്‍ നാല് സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളുമുണ്ട്.സചിന്‍ ടെണ്ടുല്‍ക്കറിനും രാഹുല്‍ ദ്രാവിഡും ശേഷം ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍കൂടിയാണ് അശ്വിന്‍. ദ്രാവിഡിനുശേഷം ക്രിക്കറ്റര്‍ ഓഫ് ദി ഇയറും ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദി ഇയറും ഒന്നിച്ച് നേടുന്ന ഇന്ത്യക്കാരനും അശ്വിന്‍ തന്നെ. റാങ്കിങ്ങില്‍ ബൗളര്‍മാരുടെ നിരയില്‍ മാത്രമല്ല, ഓള്‍ റൗണ്ടര്‍മാരുടെ നിരയിലും കുറെയേറെ നാളുകളായി അശ്വിന്‍െറ പേരാണ് ഒന്നാമത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r ashwin
News Summary - r ashwin
Next Story