സുരേഷ് റെയ്ന: നായകെൻറ വിശ്വസ്തനായ പടയാളി
text_fieldsഇടിയും മിന്നലുമായി പെരുമഴ പെയ്ത രാവിലെ ഒരു നിലവിളിപോലെയായിരുന്നു സുരേഷ് റെയ്നയെന്ന 33കാരൻ 13 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞത്. ഇതിഹാസ താരം എം.എസ്. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തും ആരാധകർക്കുമിടയിൽ തീർത്ത ബഹളങ്ങളിൽ റെയ്നയുടെ തീരുമാനം മുങ്ങിപ്പോയിരുന്നു.
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ധോണിയുടെ കരിയറിെൻറ നിറപ്പകിട്ടിനു പിന്നാലെയായി. ഇതെല്ലാം അറിഞ്ഞുതന്നെയാണ് ആഗസ്റ്റ് 15െൻറ രാത്രിയിൽ ധോണിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ റെയ്നയും ഇന്ത്യൻ കുപ്പായമഴിക്കാൻ തീരുമാനിച്ചത്.
മിടുക്കനായ ലീഡറായിരുന്നു ധോണിയെങ്കിൽ, 22 വാര നീളമുള്ള അങ്കത്തട്ടിൽ, നായകെൻറ വിശ്വസ്തനായ പടയാളിയായിരുന്നു റെയ്ന.റെക്കോഡുകൾ കെട്ടിപ്പടുക്കാനും, വ്യക്തിഗത നേട്ടങ്ങൾ പടുത്തുയർത്താനും നിൽക്കാതെ മാച്ച് വിന്നിങ് ഇന്നിങ്സുകൾക്കും ടീം ആവശ്യപ്പെടുന്ന രീതിക്കും അനുസരിച്ച് ബാറ്റ് വീശി. അങ്ങനെയായിരുന്നില്ലെങ്കിൽ കുഞ്ഞുനാളിലേ അദ്ദേഹം സ്വപ്നം കണ്ട ടെസ്റ്റ് ക്രിക്കറ്ററായി റെയ്ന മാറിയേനെ.
ടെസ്റ്റ് സ്വപ്നം കണ്ടു; ഏകദിന സ്പെഷ്യലിസ്റ്റായി
മികച്ച ടെസ്റ്റ് ബാറ്റ്സ്മാനാവണം എന്ന മോഹവുമായാണ് ഉത്തർ പ്രദേശിലെ ഗാസിയാബാദിൽനിന്ന് സുരേഷ് കുമാർ റെയ്ന 14ാം വയസ്സിൽ ലഖ്നോവിലെ ഗുരുഗോബിന്ദ് സിങ് സ്പോർട്സ് കോളജിലെത്തുന്നത്. ക്രിക്കറ്റിലും ഹോക്കിയിലും ഉത്തർപ്രദേശിലെ മികച്ച കേന്ദ്രമായിരുന്ന സ്പോർട്സ് കോളജിൽനിന്ന് റെയ്നയും വളർന്നു. 15ാം വയസ്സിൽ അണ്ടർ 19 ഇന്ത്യൻ ടീമിലെത്തി. 17ാം വയസ്സിൽ യു.പി രഞ്ജി ടീമിലും തൊട്ടുപിന്നാലെ 2004 അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ ടീമിലും ഇടം നേടി.
ടെസ്റ്റ് ടീമായിരുന്നു കൊതിച്ചതെങ്കിലും ആദ്യ വിളിയെത്തിയത് ഇന്ത്യൻ ഏകദിന ടീമിലേക്കായിരുന്നു (2005). അവിടെനിന്ന് അഞ്ചുവർഷം കഴിയേണ്ടിവന്നു ആദ്യ ടെസ്റ്റ് കളിക്കാൻ. എന്നാൽ, അതിനും മുേമ്പ പരിമിത ഒാവർ ക്രിക്കറ്റിലെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി റെയ്ന പേരെടുത്തു. ഒാപണിങ്ങിൽ തുടങ്ങി മധ്യനിരയിൽ ഇരിപ്പുറപ്പിച്ച താരത്തിെൻറ റോൾ എപ്പോഴും മാച്ച് വിന്നിങ് പ്രകടനമായിരുന്നു. യുവരാജ് സിങ്ങിനും ധോണിക്കുമൊപ്പം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം അതുതന്നെയായിരുന്നു നിയോഗവും. ഏകദിന, ടെസ്റ്റ്, ട്വൻറി20 എന്നീ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ, അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ, െഎ.പി.എല്ലിലെ ഒരുപിടി നേട്ടങ്ങൾ ഇങ്ങെന പോവുന്ന റെയ്നയുടെ കരിയറിലെ വ്യക്തിഗത മികവുകൾ.
എന്നാൽ, 2011ലോകകപ്പ് ഇന്ത്യ നേടുേമ്പാൾ ക്വാർട്ടറിലും സെമിയിലും റെയ്ന നടത്തിയ രക്ഷാപ്രവർത്തനം ആരാധകർ മറക്കില്ല. മികച്ച ഫീൽഡർ, അവശ്യ ഘട്ടത്തിലെ സ്പിൻ ബൗളർ അങ്ങനെ ചില മികവുകളും ആ കരിയറിന് തങ്കത്തിളക്കമായുണ്ട്. 2018 ജൂലൈയിലാണ് റെയ്ന അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.
കരഞ്ഞ രാത്രി
14നാണ് ധോണിയും റെയ്നയും കൂട്ടുകാർക്കൊപ്പം ചെന്നൈയിലെത്തിയത്. വിരമിക്കൽ പ്രഖ്യാപനത്തിെൻറ രാത്രി ചെന്നൈ സൂപ്പർ കിങ്സ് ടീമിെൻറ ഹോട്ടൽ മുറി വികാരനിർഭരമായിമാറി. ''പ്രഖ്യാപനത്തിനുശേഷം ഞാനും ധോണിയും പരസ്പരം ആേശ്ലഷിച്ച് ഏറെ നേരം കരഞ്ഞു. സഹതാരങ്ങളായ പിയൂഷ്, അമ്പാട്ടി റായുഡു, കേദാർ, കരൺ തുടങ്ങിയവർ അരികിലുണ്ടായിരുന്നു. ശേഷം ഞങ്ങളുടെ ക്രിക്കറ്റ് കരിയറിനെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ഏറെനേരം സംസാരിച്ചു'' - ആഗസ്റ്റ് 15െൻറ രാത്രിയെ കുറിച്ച് റെയ്ന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.