സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ തർക്കം
text_fieldsകൊച്ചി: സ്കൂൾകായിക വേദിയുടെ സമാപനവേദിയിൽ കല്ലുകടിയായി വിദ്യാർഥികളുടെ പ്രതിഷേധം. അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ പോയന്‍റ് നേടിയവരിൽ ജനറൽ സ്കൂളുകൾക്കൊപ്പം സർക്കാർസഹായമുള്ള സ്പോർട്സ് സ്കൂളുകളെയും പരിഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം.
കായികമേള വെബ്സൈറ്റിലടക്കം അത്ലറ്റിക്സിൽ ഐഡിയൽ ഇ.എ.ച്ച്.എസ്.എസ് കടകശ്ശേരി, നാവാമുകുന്ദ എച്ച്.എസ്. തിരുനാവായ, മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം എന്നിവയായിരുന്നു ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനത്ത്. എന്നാൽ, സ്കൂളുകൾക്ക് ട്രോഫി നൽകിയപ്പോൾ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനെ രണ്ടാംസ്ഥാനക്കാരായി ക്ഷണിച്ചതാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഇതോടെ റാങ്കിൽ പിന്നാക്കം പോയനാവാമുകുന്ദ എച്ച്.എസ്.എസ്, കോതമംഗലം മാർ ബേസിൽ എച്ച്.എസ് എന്നിവിടങ്ങളിലെ മത്സരാർഥികളാണ് പ്രതിഷേധവുമായെത്തിയത്.
കായിക മേള നിയമാവലിക്ക് വിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ഇവർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. പ്രഖ്യാപനം നടത്തി മന്ത്രിയും ഉദ്യോഗസ്ഥരും യോഗം സമാപിച്ചയുടൻ വേദി വിട്ടതോടെ പ്രതിഷേധം ശക്തമായി. ട്രാക്കിലൂടെ പ്രതിഷേധ പ്രകടനവുമായി മത്സരാർഥികൾ രംഗത്തിറങ്ങി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് മർദിച്ചതായി ആരോപിച്ച് മാർ ബേസിലിലെ മത്സരാർഥികൾ ട്രാക്കിൽ കുത്തിയിരുന്നു. ഒടുവിൽ രാത്രി 7.30ഓടെ അധികൃതർക്ക് പരാതി എഴുതി നൽകി പ്രതിഷേധം അവസാനിപ്പിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദേശീയ മീറ്റ് ബഹിഷ്കരിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
അത്ലറ്റിക്സിൽ മികച്ച സ്കൂളായ ഐഡിയൽ കടകശ്ശേരിക്ക് 2.20 ലക്ഷം രൂപയും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 1.65 ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയുമാണുള്ളത്. വ്യക്തിഗത ചാമ്പ്യന്മാർക്ക് നാല് ഗ്രാം സ്വർണവും ട്രോഫിയും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യൻമാരായ മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അമീൻ, ജി.വി. രാജാസ് എച്ച്.എസ്.എസിലെ മുഹമ്മദ് അഷ്ഫാഖ്, കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സെർവൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് പറളി എച്ച്.എസ്.എസിലെ എം. ജ്യോതിക എന്നിവർക്കാണ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.