കത്തിൽ ‘കുത്തി’ ഉഷ
text_fieldsന്യൂഡൽഹി: ബി.ജെ.പി അനുഭാവമുള്ള രാജ്യസഭ എം.പി കൂടിയായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് പി.ടി. ഉഷ കേന്ദ്രകായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്തയച്ചു. ഇന്ത്യൻ ഗോൾഫ് യൂനിയനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായിക മന്ത്രാലയത്തിന്റെ കത്തിനോടാണ് ഉഷ അതിനിശിതമായ പ്രതികരണവുമായി രംഗത്തെത്തിയത്.
താൻ ഐ.ഒ.എയിൽ ചുമതലയേറ്റ ശേഷം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മന്ത്രിയെ കാര്യങ്ങൾ ശരിയായി ധരിപ്പിക്കുന്നില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഹരീഷ് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഗോൾഫ് യൂനിയനെ അംഗീകരിച്ചതിനെതിരെ മന്ത്രാലയം ഐ.ഒ.എക്ക് നൽകിയ കത്ത് തെറ്റായ നടപടിക്രമമാണെന്നും വസ്തുതകൾ പരിശോധിക്കാതെയുള്ളതാണെന്നും ഉഷ പറയുന്നു. ഫെഡറേഷനുകളിൽ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായും കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ചോദ്യംചെയ്യുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും ഉഷ ചൂണ്ടിക്കാട്ടി.
കായികമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്ക് കത്ത് തന്നതെന്ന സൂചനയും ഉഷയുടെ വിമർശനത്തിലുണ്ട്.
ഇന്ത്യൻ ഗോള്‍ഫ് യൂനിയനിലെ തർക്കമാണ് ഉഷയും കായിക മന്ത്രാലയവും കോർക്കാൻ കാരണം. ഗോൾഫ് യൂനിയൻ പ്രസിഡന്റ് ബ്രിജേന്ദർ സിങ്ങിന്റെയും സെക്രട്ടറി ജനറൽ ഹരീഷ് ഷെട്ടിയുടെ നേതൃത്വത്തിലുള്ള രണ്ട് യൂനിയനുകൾ വ്യത്യസ്തമായി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഡിസംബര്‍ 15നായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിൽ ബ്രിജേന്ദര്‍ സിങ് വീണ്ടും പ്രസിഡന്റായി.
ഒളിമ്പിക് ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിഷ് കുമാര്‍ ഷെട്ടിയെയും പ്രസിഡന്റായി തെരഞ്ഞെടുത്ത്. ഷെട്ടി വിഭാഗത്തിനാണ് ഐ.ഒ.എ അംഗീകാരം നൽകിയത്. ബ്രിജേന്ദര്‍ സിങ്ങിനെ അംഗീകരിച്ച കായിക മന്ത്രാലയം, ഷെട്ടിയെ അംഗീകരിച്ച ഐ.ഒ.എയെ വിമർശിച്ച് കത്തയച്ചതാണ് പി.ടിഎ ഉഷയെ പ്രകോപിപ്പിച്ചത്.
സ്റ്റേറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ക്വാറം തികയാതെയാണ് ബ്രിജേന്ദർ സിങ് ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഉഷ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 10 സ്റ്റേറ്റ് ഗോൾഫ് അസോസിയേഷനുകളുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലായിരുന്നു. ഹരീഷ് ഷെട്ടി വിഭാഗത്തിന്റെ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും 31 പേരിൽ 21 പേരും പങ്കെടുത്തിരുന്നു. ചട്ടപ്രകാരമുള്ള ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കുകയായിരുന്നെന്ന് ഐ.ഒ.എ പ്രസിഡന്റ് വാദിക്കുന്നു.
ദേശീയ സ്പോർട്സ് ഫെഡറേഷനുകളുടെ സ്വയംഭരണാവകാശത്തിൽ ഇടപെടാനുള്ള ശ്രമത്തെയും പി.ടി. ഉഷ ശക്തമായി വിമർശിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് 2023 ഡിസംബറിൽ നടന്ന ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെസ്ലിങ് അംഗീകരിച്ചിരുന്നു. എന്നാൽ, കായികമന്ത്രാലയത്തിന്റെ അംഗീകാരം വൈകുകയാണ്.
2023 ഡിസംബർ മുതൽ അജ്ഞാതമായ കാരണങ്ങളാൽ മന്ത്രാലയം ഗുസ്തി ഫെഡറേഷന്റെ അംഗീകാരം തടഞ്ഞുവെങ്കിലും ഒളിമ്പിക്സടക്കം എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും ഫെഡറേഷൻ ടീമുകളെ തെരഞ്ഞെടുത്ത് അയച്ചിരുന്നു. ഫെഡറേഷനുകളിൽ ഇടപെടരുതെന്ന അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിലിന്റെ നിർദേശവും പാലിക്കുന്നില്ല. ബ്രിജേന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗോൾഫ് അസോസിയേഷന് അംഗീകാരം നൽകിയ കത്ത് പിൻവലിക്കണമെന്ന് ഉഷ കായിക മന്ത്രാലയത്തോട് അഭ്യർഥിച്ചു.
നിലവിൽ പി.ടി. ഉഷക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ എതിർപ്പ് അതിരൂക്ഷമാണ്. എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം പ്രസിഡന്റിനെതിരെ രംഗത്തെത്തിയിരുന്നു. സി.ഇ.ഒ നിയമനത്തിന് പി.ടി. ഉഷ സമ്മർദം ചെലുത്തിയെന്നും സി.ഇ.ഒയുടെ ശമ്പളവും ആനുകൂല്യങ്ങളും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും ആരോപണമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.