ഖത്തർ എക്സോൺ മൊബിൽ ഓപൺ ടെന്നിസ് ഇന്നു മുതൽ
text_fieldsദോഹ: ആധുനിക ടെന്നിസിലെ മിന്നും താരങ്ങൾ മാറ്റുരക്കുന്ന ഖത്തർ എക്സോൺ മൊബിൽ ഓപൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ തുടക്കമാകും. ബ്രിട്ടന്റെ ആൻഡി മറെ, ജർമനിയുടെ അലക്സാണ്ടർ സ്വെരേവ്, റഷ്യയുടെ ആൻഡ്രി റുബ്ലേവ് എന്നീ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച ദോഹയിൽ എത്തിയിട്ടുണ്ട്.
ടൂർണമെന്റിൽ കളികാണാൻ താൽപര്യമുള്ള തങ്ങളുടെ ഉപയോക്താക്കൾക്ക് ദോഹ മെട്രോ അതിനായി അവസരമൊരുക്കും. ഖത്തർ ടെന്നിസ് ഫെഡറേഷനുമായി സഹകരിച്ച് ദോഹ മെട്രോ ഫെബ്രുവരി 20 മുതൽ ഖത്തർ ഓപണിൽ പ്രതിദിനം 200 സൗജന്യ ടിക്കറ്റുകൾ നൽകും. കളി നടക്കുന്ന ദിവസങ്ങളിൽ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലെ ടിക്കറ്റിങ് ഓഫിസിൽ സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബ് അല്ലെങ്കിൽ കോർപറേറ്റ് ട്രാവൽ കാർഡ് ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കുമെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു. ഫെബ്രുവരി 20 മുതൽ 25 ഫൈനൽ വരെയുള്ള മുഴുവൻ ദിവസങ്ങളിലും 200 സൗജന്യ ടിക്കറ്റുകൾ നൽകും. ഒരാൾക്ക് ഒരു സൗജന്യ ടിക്കറ്റ് മാത്രമേ നൽകൂ. സൗജന്യ ടിക്കറ്റുകൾ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും ടിക്കറ്റ് നൽകുകയെന്നും ദോഹ മെട്രോ അറിയിച്ചു. മെട്രോ യാത്രക്കാർക്ക് റെഡ് ലൈൻ ഉപയോഗിച്ച് കോർണിഷിൽ ഇറങ്ങി ടൂർണമെന്റ് നടക്കുന്ന ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ എത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.