റഫേൽ നദാൽ കളമൊഴിയുന്നു; ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം
text_fieldsമാഡ്രിഡ്: ലോകം കണ്ട ഇതിഹാസ ടെന്നിസ് താരങ്ങളിൽ ഒരാളായ റഫേൽ നദാൽ ടെന്നിസ് കോർട്ടിൽനിന്ന് പിൻവാങ്ങുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പ്രത്യേക വിഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം’ -താരം വിഡിയോയിൽ അറിയിച്ചു.
നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസായിരിക്കും സ്പെയിൻകാരന്റെ അവസാന മത്സരം. 22 ഗ്രാൻഡ്സ്ലാം കിരീടമടക്കം 92 എ.ടി.പി കിരീടങ്ങളാണ് കരിയറിൽ അലങ്കാരമായുള്ളത്. കളിമൺ കോർട്ടിലെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 14 ഫ്രഞ്ച് ഓപണും നാല് യു.എസ് ഓപണും രണ്ട് വീതം ആസ്ട്രേലിയൻ ഓപണും വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിൽ നൊവാക് ദ്യോകോവിച് മാത്രമാണ് നദാലിന് മുന്നിലുള്ളത്. ഒളിമ്പിക്സിൽ സിംഗിൾസിലും ഡബിൾസിലും സ്വർണം നേടിയിട്ടുള്ള താരം, അഞ്ചുതവണ സ്പെയിനിനെ ഡേവിസ് കപ്പ് ജേതാക്കളാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
കരിയറിന്റെ അവസാനത്തിൽ താരത്തെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു. പാരിസ് ഒളിമ്പിക്സിന് ശേഷം നദാലിന് കോർട്ടിൽ ഇറങ്ങാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.