രഞ്ജി: രോഹന് അർധ സെഞ്ച്വറി; കേരളത്തിന് മികച്ച തുടക്കം
text_fieldsആളൂര്‍: ഏറിയ പങ്കും മഴയെടുത്ത രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യദിനം കർണാടകക്കെതിരെ കേരളത്തിന് മികച്ച തുടക്കം. തകർപ്പൻ അർധ സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ മുന്നിൽനിന്ന് നയിച്ച കളിയിൽ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 31 റണ്‍സോടെ വത്സല്‍ ഗോവിന്ദും ക്രീസിലുണ്ട്.
ടോസ് നേടിയ കര്‍ണാടക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിക്കവാറും മഴ മുടക്കിയ ദിനത്തിൽ 23 ഓവര്‍ മാത്രമാണ് എറിയാനായത്. എന്നാൽ, അതിന്റെ ക്ഷീണമറിയിക്കാതെ ബാറ്റുവീശിയ രോഹന്‍ കുന്നുമ്മല്‍ 74 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമടക്കമാണ് 57 റണ്‍സെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സല്‍ ഗോവിന്ദിന്‍റെ ഇന്നിങ്‌സ്. ആദ്യ കളിയിൽ പഞ്ചാബിനെതിരെ അനായാസ ജയം കുറിച്ച ആത്മവിശ്വാസത്തിലാണ് കേരളം. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും തകർപ്പൻ തിരിച്ചുവരവുമായി എട്ടു വിക്കറ്റ് ജയമായിരുന്നു ടീം കുറിച്ചത്.
കഴിഞ്ഞ മത്സരത്തില്‍നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കർണാടകക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ എം.ഡി നിധീഷ്, കെ.എം. ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ ഉള്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.