റിച്ചാർലിസന്റെ ബൈസിക്കിൾ കിക്കും തോറ്റു ആ ഊന്നുവടികൾക്കു മുന്നിൽ
text_fieldsഖത്തർ ലോകകപ്പിൽ സെർബിയക്കെതിരെ ബ്രസീലിനായി റിച്ചാർലിസൻ നേടിയ ബൈസിക്കിൾ കിക്ക് ഗോളും പാവോകിനെതിരെ ഒളിമ്പിക് മാഴ്സെക്കായി ദിമിത്രി പായെറ്റ് നേടിയ ഗോളും കണ്ടവർ ഒരുവേള ആശയക്കുഴപ്പത്തിലായിരുന്നു.
ഇതിലാർക്കാവും ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരമെന്ന് ചിന്തിച്ചുകൂട്ടിയവരെ അത്ഭുതപ്പെടുത്തിയായിരുന്നു പ്രഖ്യാപനം. എല്ലാവരെയും അത്ഭുതപ്പെടുത്തി ഒറ്റക്കാലുമായി കാൽപന്തു കളിച്ച പോളണ്ടുകാരൻ മാർസിൻ ഒലെക്സി. ക്രച്ചസിൽ സോക്കർ കളിച്ച അംഗപരിമിതരുടെ മത്സരത്തിൽ പിറന്ന ആ ഗോൾ അവസാനം ചുരുക്കപ്പട്ടികയിലെത്തുംവരെ അധികമാരും കണ്ടിരുന്നില്ല.
കഴിഞ്ഞ നവംബർ ആറിന്, അംഗപരിമിതരുടെ ഫുട്ബാൾ മത്സരത്തിൽ വാർട്ട പോസ്നാനു വേണ്ടിയായിരുന്നു ഒലെക്സി കണ്ണഞ്ചിക്കുന്ന ഗോൾ കുറിക്കുന്നത്. ഇരുകൈകളിലും പിടിച്ച ഊന്നുവടികളിലൊന്ന് അമർത്തിപ്പിടിച്ച് ഒറ്റക്കാൽ ഉയർത്തി പോസ്റ്റിനു മുന്നിൽ അക്രോബാറ്റിക് ബൈസിക്കിൾ കിക്ക് പായിക്കുമ്പോൾ ഗോളിപോലും അത് പ്രതീക്ഷിച്ചിരുന്നില്ല.
അതുപക്ഷേ, അത്യപൂർവമായി പിറന്ന ഒന്നുമായിരുന്നില്ല. ഇതേക്കുറിച്ച് അടുത്തിടെ മാധ്യമപ്രവർത്തകർ ചോദ്യവുമായി എത്തിയപ്പോൾ അവർക്കു മുന്നിലും സമാന കൃത്യതയോടെ ഒലെക്സി ഗോൾ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.