റിൻഷ മറിയം ഐ.എസ്.എൽ ജൂനിയർ ടീമിൽ
text_fieldsതൃക്കരിപ്പൂർ: ആയോധന കായിക മേഖലയിൽ പ്രതിഭ തെളിയിച്ച 14കാരി റിൻഷ മറിയം ഐ.എസ്.എൽ ഗേൾസ് ജൂനിയർ ടീമിൽ ഇടംനേടി. തൈക്വാൻഡോ, കരാട്ടേ ഇനങ്ങളിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സ്വർണമെഡൽ നേടിയ മിടുക്കിയാണ്. ഐ.എസ്.എൽ ടീമായ ബാംഗ്ലൂർ എഫ്.സിയുടെ അണ്ടർ-17 ഗേൾസ് ടീമിലാണ് റിൻഷയുടെ പുതിയ കാൽവെപ്പ്. തൃക്കരിപ്പൂർ നീലമ്പം സ്വദേശിയാണ്. ബംഗളൂരുവിലാണ് ഇപ്പോൾ താമസം. 14 വയസ്സിന് താഴെയുള്ള കർണാടക ഗേൾസ് മിനി ഒളിമ്പിക് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബാംഗ്ലൂർ ജില്ല ടീമിൽ നടത്തിയ പ്രകടനമാണ് ബാംഗ്ലൂർ എഫ്.സിയിൽ എത്തിച്ചത്. 2018ൽ നേപ്പാളിൽ നടന്ന 10 വയസ്സിന് താഴെയുള്ളവരുടെ തൈക്വാൻഡോ ഇന്റർനാഷനൽ ഐ.ടി.എഫ് ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള വിഭാഗങ്ങളിൽ ഒക്കിനാവ ഷോറിൻ റി യു കരാട്ടേ മാസ്റ്റേഴ്സ് കപ്പിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. അഞ്ചുവർഷം മുമ്പ് തൈക്വാൻഡോയും കരാട്ടേയും പരിശീലിച്ചുതുടങ്ങി. വിവിധ ഇവന്റുകളിലായി 28ഓളം ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് അക്കാദമി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. സഹോദരൻ മുഹമ്മദ് റിഷാനും ഫുട്ബാൾ രംഗത്തുണ്ട്. പാലക്കാട് ഐഫ റസിഡൻഷ്യൽ ഫുട്ബാൾ അക്കാദമി പ്ലസ് വൺ വിദ്യാർഥിയാണ്. ബംഗളൂരുവിൽ ബിസിനസ് ചെയ്യുന്ന എം.പി. റഷീദ്- എ.കെ. മറിയംബി ദമ്പതിമാരുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.