ടി20ക്ക് ആവേശം പകരാൻ വഴിയോര ഇന്ത്യൻ ജഴ്സി കച്ചവടം
text_fieldsകഴക്കൂട്ടം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ആവേശം പകരാൻ ഇന്ത്യൻ ടീമിന്റെ ജഴ്സി കച്ചവടം വഴിയോരങ്ങളിൽ പൊടിപൊടിക്കുന്നു. ഇന്ത്യൻ താരങ്ങളുടെ പേരും അവരുടെ നമ്പറും പ്രിൻറ് ചെയ്ത ജഴ്സികളാണുള്ളത്.
ഇന്ത്യൻ ടീമിന്റെ തൊപ്പി, ദേശീയപതാക തുടങ്ങിയവയും വഴിയോരങ്ങളിൽ കച്ചവടത്തിനായി നിരന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നിലും ദേശീയപാതയുടെ വശങ്ങളിലുമാണ് കച്ചവടം നടക്കുന്നത്.
ടീ ഷർട്ട് ഒന്നിന് 200 രൂപയും തൊപ്പിക്കും ദേശീയപതാകക്കും 80 രൂപ വീതവുമാണ് വില. നൂറോളം പേരാണ് കച്ചവടത്തിനായുള്ളത്. വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും പേരുവെച്ച ടീഷർട്ടിനാണ് ഏറെ ഡിമാൻഡ് ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
കൊടിക്കും വടിക്കും കുപ്പിക്കും നോ എൻട്രി
തിരുവനന്തപുരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വൈകീട്ട് 4.30 മുതൽ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന് സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ അറിയിച്ചു. മത്സരം കാണാൻ വരുന്നവർ പാസിനൊപ്പം തിരിച്ചറിയൽ കാർഡും കരുതണം.
പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്ന സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങളുമായി സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമേ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്ന് കൊണ്ടുവരരുത്.
ഭക്ഷണസാധനങ്ങൾ കാണികളുടെ ഇരിപ്പിടത്തിന് അടുത്തായിതന്നെ ലഭ്യമാകും. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ 1650 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ പദ്ധതിയിൽ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന് പുറമെ ഓരോ സോണിന്‍റെയും മേൽനോട്ടച്ചുമതല എസ്.പിമാർക്ക് ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.