രോഹിതിനും കോഹ്‍ലിക്കും 2027 ലോകകപ്പ് വരെ കളിക്കാനാവുമെന്ന് ഗൗതം ഗംഭീർ
text_fieldsമുംബൈ: ട്വന്റി 20 ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ 2027ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടും മുമ്പ് മുംബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത്തിലും വിരാടിലും ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഇരുവരും ലോകോത്തര താരങ്ങളാണ്. ഏതൊരു ടീമും കഴിയുന്നത്ര കാലം ഇരുവരുടെയും സാന്നിധ്യം ആഗ്രഹിക്കും. 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും തീർച്ചയായും കളിക്കും. 2027ലെ ഏകദിന ലോകകപ്പിലും അവർക്ക് കളിക്കാനായേക്കും. എന്നാൽ, അവരുടെ ഫിറ്റ്നസ് സെലക്ടർമാർ നിരീക്ഷിക്കുമെന്നും ഗംഭീർ പറഞ്ഞു. രോഹിതും വിരാടും രണ്ട് ഫോർമാറ്റുകളിൽ മാത്രമേ കളിക്കുന്നുള്ളൂ. അതിനാൽ അവർക്ക് കളിയുടെ ആധിക്യം മാനേജ് ചെയ്യാനാവുമെന്നും നന്നായി കളിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
‘ട്വന്റി 20 ലോകകപ്പായാലും 50 ഓവർ ലോകകപ്പായാലും വലിയ വേദിയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ തെളിയിച്ചുവെന്ന് ഞാൻ കരുതുന്നു. ഒരു കാര്യം എനിക്ക് വളരെ വ്യക്തമായി പറയാൻ കഴിയും, ഈ രണ്ടു പേരിലും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. അതിലും പ്രധാനമായി, ചാമ്പ്യൻസ് ട്രോഫിയും ആസ്‌ട്രേലിയൻ പര്യടനവും വരുന്നു, അതിൽനിന്ന് വേണ്ട പ്രചോദനം ലഭിക്കും. അവർക്ക് ഫിറ്റ്നസ് നിലനിർത്താൻ കഴിയുമെങ്കിൽ, 2027 ലോകകപ്പ് മുന്നിലുണ്ട്’ -ഗംഭീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.