ദ്രോണാചാര്യയിലേക്ക് ഒരു ഷട്ട്ൽ
text_fieldsകോഴിക്കോട്: ബാഡ്മിന്റണിൽ 1960കളിൽ തുടർച്ചയായി ഏഴു വർഷം സംസ്ഥാന ജേതാവായിരുന്നു എസ്. മുരളീധരൻ. വിവിധ കായിക ഇനങ്ങളിൽ കാലിക്കറ്റ് സർവകലാശാലയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന പരിശീലകർക്കിടയിൽ ബാഡ്മിന്റണിൽ നേട്ടങ്ങൾ കൊയ്ത കോച്ചായി പിന്നീട് മാറി. കാലിക്കറ്റിലെ സ്ഥാനത്തിരിക്കുമ്പോൾതന്നെ ദേശീയ തലത്തിലേക്ക് ഈ പരിശീലകന്റെയും സംഘാടകന്റെയും മികവ് പടർന്നു.
രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ദ്രോണാചാര്യ അവാർഡ് സ്വന്തമാക്കി കേരളത്തിന് അഭിമാനമായിരിക്കുകയാണ് മുരളീധരൻ. കോച്ചായും റഫറിയായും മാനേജറായും കോംപറ്റീഷൻ ഡയറക്ടറായും നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മുരളീധരനുണ്ടായിരുന്നു.
നിലവിൽ ബാഡ്മിന്റൺ അസോ.ഓഫ് ഇന്ത്യ (ബായ്)യുടെ വൈസ് പ്രസിഡന്റും ടെക്നിക്കൽ ഒഫിഷ്യൽ കമ്മറ്റിയുടെ ചെയർമാനുമാണ്. പ്രകാശ് പദുക്കോണും വിമൽ കുമാറും സയ്യിദ് മോദിയും മധുമിത ബിഷ്ടും പി. ഗോപീചന്ദുമടക്കമുള്ള പേരുകേട്ട താരങ്ങളെ ‘മുരളി സാർ’ പരിശീലിപ്പിച്ചിട്ടുണ്ട്. 2001ൽ പി. ഗോപീചന്ദ് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ് നേടുമ്പോൾ ഇന്ത്യൻ ടീം മാനേജറായിരുന്നു. റിയോ ഒളിമ്പിക്സിലടക്കം ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ 1973 മുതൽ 2005 വരെ പരിശീലകനും കായിക വകുപ്പു മേധാവിയുമായിരുന്നു. ഈ സമയത്ത് 14 തവണയാണ് ദേശീയ അന്തർസർവകലാശാല കിരീടം കാലിക്കറ്റിലേക്കെത്തിച്ചത്. അഞ്ചു വർഷം ഇന്ത്യൻ യൂനിവേഴ്സിറ്റീസ് ടീമിനെയും പരിശീലിപ്പിച്ചു.
രാജ്യത്തെ മൂന്ന് ഇന്റർനാഷനൽ സർട്ടിഫൈഡ് അമ്പയർമാരിൽ ഒരാളാണ്. മലപ്പുറം ചെനക്കലിൽ ‘മുരളിക’യിലാണ് താമസം. വലിയ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.