‘കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽനിന്ന് പുറത്തേക്കോടി’; ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണിൽ നിന്നുണ്ടായ ലൈംഗികാതിക്രമത്തിൽ വെളിപ്പെടുത്തലുമായി സാക്ഷി മാലിക്
text_fieldsന്യൂഡൽഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിൽനിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക്. ‘വിറ്റ്നസ്’ എന്ന ആത്മകഥയിലാണ് തുറന്നുപറച്ചിൽ.
2012ല്‍ കസാകിസ്താനിലെ അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെ ബ്രിജ്ഭൂഷണ്‍ തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സാക്ഷി വെളിപ്പെടുത്തുന്നത്. മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ ഹോട്ടലിലെ അയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് സംഭവിച്ചത് ജീവിതത്തിലെ ഏറ്റവും ആഘാതമുണ്ടാക്കുന്ന സംഭവങ്ങളിലൊന്നായിരുന്നെന്നും സാക്ഷി ആത്മകഥയിൽ പറയുന്നു.
‘സിങ് എന്നെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടുത്തി. അതൊരു നിരുപദ്രവകരമായ കാര്യമായാണ് തോന്നിയത്. എന്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിച്ചപ്പോള്‍, അനിഷ്ടകരമായ ഒന്നും സംഭവിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ഫോൺ വെച്ചതിന് പിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാൻ അയാളെ തള്ളിമാറ്റി കരയാന്‍ തുടങ്ങി. അതോടെ അയാൾ പിൻവാങ്ങി. അയാളുടെ താൽപര്യത്തിന് ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയതോടെ ഒരു പിതാവ് ചെയ്യുന്നതുപോലെയാണ് സ്പർശിച്ചതെന്ന് പറയാന്‍ തുടങ്ങി. എന്നാൽ, അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽനിന്ന് പുറത്തേക്കോടി’ -സാക്ഷി ആത്മകഥയിൽ പറയുന്നു.
ജീവിതത്തില്‍ ഇത്തരമൊരു ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ആദ്യമല്ലെന്നും സ്കൂൾ പഠനകാലത്ത് ട്യൂഷന്‍ അധ്യാപകരില്‍ ഒരാള്‍ മോശമായി സ്പര്‍ശിച്ചിരുന്നെന്നും സാക്ഷി വെളിപ്പെടുത്തുന്നു. ‘എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്നെ ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നെ അയാളുടെ സ്ഥലത്തേക്ക് ക്ലാസിന് വിളിക്കും. പലപ്പോഴും മോശമായി സ്പർശിക്കാൻ ശ്രമിച്ചു. എനിക്ക് ട്യൂഷന്‍ ക്ലാസുകള്‍ക്ക് പോകാന്‍ ഭയമായിരുന്നു. ഇത് ഏറെക്കാലം തുടര്‍ന്നു. എന്റെ തെറ്റാണെന്ന് കരുതി, അമ്മയോടടക്കം അതിനെക്കുറിച്ച് പറയാന്‍ കഴിഞ്ഞില്ല’ -സാക്ഷി കുറിച്ചു.
ഗുസ്തി താരങ്ങളുടെ സമരത്തിന് പ്രേരിപ്പിച്ചത് ബി.ജെ.പി നേതാവ് ബബിത ഫോഗട്ടാണെന്ന് ‘ഇന്ത്യ ടുഡെ’ക്ക് നൽകിയ അഭിമുഖത്തിൽ സാക്ഷി മാലിക് വെളിപ്പെടുത്തി. ബബിതക്ക് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തെത്താൻ വേണ്ടിയായിരുന്നു ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് ബബിത ഫോഗട്ട് ഗുസ്തി താരങ്ങളുടെ യോഗം വിളിച്ച് പ്രതിഷേധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബബിതക്ക് അധ്യക്ഷ പദത്തിലെത്താൻ വേണ്ടിയാണ് തങ്ങളെ കരുവാക്കിയതെന്നും കോൺഗ്രസായിരുന്നില്ല സമരത്തിന് പിന്നിലെന്നും സാക്ഷി പറഞ്ഞു. ബി.ജെ.പി നേതാക്കളായ ബബിത ഫോഗട്ട്, തിരത് റാണ എന്നിവരാണ് ഗുസ്തി താരങ്ങളുടെ സമരത്തിന് ഹരിയാനയിൽ പിന്തുണയും സഹായവും നൽകിയതെന്നും ബബിത തങ്ങൾക്കൊപ്പം സമരത്തിൽ പങ്കെടുത്ത് തങ്ങൾക്ക് വേണ്ടി സംസാരിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും സാക്ഷി പറഞ്ഞു.
രാജ്യത്തിനുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിത ഗുസ്തി താരമാണ് സാക്ഷി മാലിക്. 2016ലെ റിയോ ഒളിമ്പിക്സിൽ 58 കിലോ വിഭാഗത്തിലാണ് സാക്ഷി വെങ്കലം സ്വന്തമാക്കിയത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ 40 ദിവസത്തോളം രാജ്യതലസ്ഥാനത്ത് സമരം നടത്തിയിരുന്നു. ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ, ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മലിക് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചെന്ന് പറഞ്ഞ് വാർത്ത സമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ച സാക്ഷി, തന്‍റെ ബൂട്ട് ഉപേക്ഷിച്ചാണ് അന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.