വീണ്ടും പൂജ്യനായി മടങ്ങി സഞ്ജു; ഇന്ത്യൻ മുൻനിരയെ തകർത്തെറിഞ്ഞ് ശ്രീലങ്ക
text_fieldsപല്ലേകലെ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യനായി മടങ്ങി മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ മഹീഷ് തീക്ഷണയുടെ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി മടങ്ങിയ സഞ്ജു ഇത്തവണ നാല് പന്ത് നേരിട്ട് ഒരു റൺസും നേടാനാവാതെ തിരിച്ചുകയറുകയായിരുന്നു. ശ്രീലങ്കക്കായി അരങ്ങേറ്റത്തിനിറങ്ങിയ ചമിന്ദു വിക്രമസിംഗെയുടെ പന്തിൽ ഹരസരങ്കക്ക് പിടികൊടുത്തായിരുന്നു മടക്കം.
മഴ കാരണം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമ്പതാം ഓവറായപ്പോഴേക്കും ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ ശ്രീലങ്കൻ ബൗളർമാർ പിഴുതെറിഞ്ഞു. പത്തോവർ പിന്നിടുമ്പോൾ അഞ്ചിന് 59 റൺസെന്ന നിലയിലാണ് ഇന്ത്യ. 19 റൺസുമായി ശുഭ്മൻ ഗില്ലും നാല് റൺസുമായി റിയാൻ പരാഗുമാണ് ക്രീസിൽ.
ഒമ്പത് പന്തിൽ 10 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. മഹീഷ് തീക്ഷണ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ സഞ്ജു റണ്ണെടുക്കാതെ മടങ്ങിയതോടെ സ്കോർ രണ്ടിന് 12 എന്ന നിലയിലായി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ റിങ്കു സിങ്ങിനെ മഹീഷ് തീക്ഷണ പതിരാനയുടെ കൈയിലെത്തിച്ചതോടെ 3.1 ഓവറിൽ മൂന്നിന് 14 എന്ന ദയനീയ സ്ഥിതിയിലേക്ക് ഇന്ത്യ വീണു. രണ്ട് പന്തിൽ ഒരു റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ സൂര്യകുമാർ യാദവും വന്നപോലെ മടങ്ങി. ഒമ്പത് പന്തിൽ എട്ട് റൺസെടുത്ത താരത്തെ അസിത ഫെർണാണ്ടോയുടെ പന്തിൽ ഹസരങ്ക കൈയിലൊതുക്കുകയായിരുന്നു. ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ 13 റൺസെടുത്ത ദുബെയെ രമേശ് മെൻഡിസ് വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.
ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഋഷബ് പന്ത് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം പുറത്തിരുന്ന ശുഭ്മൻ ഗിൽ തിരിച്ചെത്തുകയും ശിവം ദുബെ, ഖലീൽ അഹ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവർ െപ്ലയിങ് ഇലവനിൽ ഇടം പിടിക്കുകയും ചെയ്തു. മൂന്ന് മത്സരമടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.