സാത്വിക്-ചിരാഗ് സഖ്യം ഗ്രൂപ് ജേതാക്കൾ; അമ്പെയ്ത്തിൽ ബജൻ കൗർ പ്രീ ക്വാർട്ടറിൽ
text_fieldsപാരിസ്: ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബ്ൾസ് ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ജോടിയെന്ന ചരിത്രം കുറിച്ച സാത്വിക് സിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജയത്തോടെ മുന്നോട്ട്. പുരുഷ ഡബ്ൾസ് മത്സരത്തിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് റയാൻ അർദിയാന്റോ-ഫജർ അൽഫിയാൻ സഖ്യത്തെ ഇവർ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചു. സ്കോർ: 21-13 21-13.
ഇതോടെ ഗ്രൂപ് സിയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യൻ ജോടി. രണ്ടാം സ്ഥാനക്കാരായി ഇന്തോനേഷ്യയും കടന്നു. ഫ്രാഞ്ച് സഖ്യത്തെ തോൽപിച്ചാണ് സാത്വികും ചിരാഗും തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഇവരുടെ ജർമൻ എതിരാളികൾ പിന്മാറിയതിനെത്തുടർന്ന് വാക്കോവർ ലഭിച്ച് ക്വാർട്ടറിലുമെത്തി.
ബജൻ കൗർ പ്രീ ക്വാർട്ടറിൽ
അമ്പെയ്ത്ത് വനിത റീ കർവ് വ്യക്തിഗത ഇനത്തിൽ പ്രീക്വാർട്ടറിൽ കടന്ന് ഇന്ത്യയുടെ ബജൻ കൗർ. റൗണ്ട് 32 എലിമിനേഷനിൽ ഇന്തോനേഷ്യയുടെ സായിഫ കമാലിനെ 7 -3നും റൗണ്ട് 16 എലിമിനേഷനിൽ പോളണ്ടിന്റെ വയലെറ്റ മിസോറിനെ 6 -0ത്തിനുമാണ് കൗർ തോൽപിച്ചത്. അതേസമയം, റൗണ്ട് 32 എലിമിനേഷനിൽ മറ്റൊരു ഇന്ത്യൻ താരം അങ്കിത ഭകത് 4 -6ന് വയലെറ്റ മിസോറിനോട് തോറ്റ് മടങ്ങി.
ബോക്സിങ്ങിൽ അമിത് പംഘാൽ പുറത്ത്
ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അമിത് പംഘാലിന് പ്രീക്വാർട്ടറിൽ മടക്കം. പുരുഷന്മാരുടെ 51 കിലോയിൽ സാംബിയയുടെ പാട്രിക് ചിൻയെംബയോട് 1-4ന്റെ തോൽവി ഏറ്റുവാങ്ങി മുൻ ലോക ഒന്നാം നമ്പറുകാരൻ. ഒന്നാം റൗണ്ടിൽ ബൈ ലഭിച്ചാണ് പൻഘൽ പ്രീക്വാർട്ടറിലെത്തിയത്.
പിന്നെയും തോറ്റ് അശ്വിനി-തനിഷ സഖ്യം
ബാഡ്മിന്റൺ വനിത ഡബ്ൾസിൽ ഇതിനകം പുറത്തായ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ -തനിഷ ക്രാസ്റ്റോ സഖ്യത്തിന് തുടർച്ചയായ മൂന്നാം തോൽവി. ആസ്ട്രേലിയയുടെ സെറ്റ്യാന മപാസ -ആൻജെല യു കൂട്ടുകെട്ട് 15 -21, 10 -21 സ്കോറിനാണ് ഇവരെ മടക്കിയത്. ഇതോടെ ഗ്രൂപ് സിയിൽ മൂന്ന് മത്സരങ്ങളിലും തോറ്റ് നാലാം സ്ഥാനത്ത് അവസാനിപ്പിച്ചു ഇന്ത്യൻ ജോടി.
തുഴച്ചിൽ: പൻവാർ ക്വാർട്ടറിൽ പുറത്ത്
പാരിസ്: തുഴച്ചിലിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ പുറത്ത്.
പുരുഷ സിംഗ്ൾ സ്കൾ ക്വാർട്ടർ ഫൈനൽ ഹീറ്റ്സിൽ 7 മിനിറ്റ് 5.10 സെക്കൻഡിൽ അഞ്ചാമതായി പൻവാർ. നാല് ഹീറ്റ്സിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സെമി ഫൈനൽ പ്രവേശനം. 13 മുതൽ 24 വരെ സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇനി പങ്കെടുക്കും പൻവാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.