‘പരമ്പര നഷ്ടമെന്നാൽ ലോകാവസാനമല്ല’; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി രോഹിത് ശർമ
text_fieldsകൊളംബോ: ഒരു പരമ്പര പരാജയമെന്നാൽ ലോകാവസാനമല്ലെന്നും പരാജയത്തില്‍നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 110 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനം ടൈയിൽ കലാശിച്ചപ്പോൾ രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ചാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്.
'സ്പിന്നിനെതിരെ കളിക്കുകയയെന്നത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവത്തിൽ കാണേണ്ടതാണ്. ഇന്ത്യക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുമ്പോൾ അതിനൊരു സാധ്യതയുമില്ല. എന്നാൽ, നന്നായി കളിക്കുമ്പോൾ അഭിനന്ദിക്കേണ്ടതുണ്ട്. ഇത്തവണ ശ്രീലങ്ക നമ്മേക്കാള്‍ നന്നായി കളിച്ചു. പിച്ചിലെ സാഹചര്യങ്ങള്‍ നോക്കിയാണ് നമ്മള്‍ ടീമിനെ ഇറക്കിയത്. മാത്രമല്ല ടീമില്‍ ഒരുപാട് പേര്‍ക്ക് അവസരം നല്‍കേണ്ടതും ഉണ്ടായിരുന്നു. പോസിറ്റീവായ കാര്യങ്ങളേക്കാള്‍ ഒരുപാട് മേഖലകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരമ്പര നഷ്ടപ്പെടുന്നത് ലോകാവസാനമല്ല. പരാജയം എപ്പോഴും സംഭവിക്കാം. എന്നാൽ, പരാജയത്തില്‍നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതാണ് പ്രധാനം’ -രോഹിത് വ്യക്തമാക്കി.
മൂന്നാം ഏകദിനത്തിൽ തോറ്റതോടെ 27 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ പരമ്പര നഷ്ടമാകുന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അവിഷ്‍ക ഫെർണാണ്ടോയുടെയും (96), കുശാൽ മെൻഡിസിന്റെയും (59) അർധസെഞ്ച്വറികളുടെ മികവിൽ 249 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പിൽ ഒരുക്കിയത്. എന്നാൽ, ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138 റൺസിലൊതുങ്ങുകയായിരുന്നു. രോഹിത് ശർമയും (35), വാഷിങ്ടൺ സുന്ദറും (30) മാത്രമാണ് പിടിച്ചുനിന്നത്. ദുനിത് വെല്ലാലഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.