ഗുസ്തി ഫെഡറേഷനിലെ ലൈംഗികാരോപണം: കായിക താരങ്ങളുടെ പ്രതിഷേധം ശക്തം
text_fieldsന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഡൽഹി ജന്തർമന്തറിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്.
വ്യാഴാഴ്ച കേന്ദ്ര കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാറിന്‍റെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്ന് ചർച്ചക്ക് പിറകെവ്യക്തമാക്കിയ സമരക്കാർ അടുത്ത ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കേന്ദ്രം ചില ഉറപ്പുകൾ തന്നിട്ടുണ്ടെന്നും എന്നാൽ, ബ്രിജ് ശരണ്‍ സിങ്ങിനെ നീക്കം ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍നിന്ന് പിറകോട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ പറഞ്ഞു. ലൈംഗിക ആരോപണങ്ങളില്‍ തെളിവ് സഹിതം ആറോളം പെണ്‍കുട്ടികള്‍ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നും പുനിയ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ഡബ്ല്യു.എഫ്.ഐ വാർഷിക യോഗത്തിൽ ബ്രിജ് ഭൂഷൺ രാജിവെച്ചേക്കുമെന്നാണ് സൂചന.
ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് വ്യാഴാഴ്ച രാവിലെ ജന്തർമന്തറിലെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിന് പിറകെയാണ് കേന്ദ്രം ചർച്ചക്ക് വിളിച്ചത്. തന്‍റെ കരിയറിലുടനീളം ഇത്തരം പീഡനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും തീയില്ലാതെ പുകയുണ്ടാവുകയില്ലെന്നും അവർ പറഞ്ഞു.
ആദ്യമായി താനൊരു ഗുസ്തിക്കാരിയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഗുസ്തി താരങ്ങള്‍ക്ക് ഒപ്പമാണ്. വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും ബബിത പ്രതികരിച്ചു.അതിനിടെ, സമരത്തിന് പിന്തുണയുമായി എത്തിയ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പ്രതിഷേധക്കാർ തിരിച്ചയച്ചു. സമരത്തിന് രാഷ്ട്രീയ മുഖം വരുമെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധക്കാരുടെ നടപടി.
രാജ്യത്തിന് അഭിമാനമായ കായിക താരങ്ങൾ തെരുവിലിരുന്ന് പ്രതിഷേധിക്കുന്നത് രാഷ്ട്രത്തിനാകെ അപമാനമാണെന്നും വൃന്ദ പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്, എൻ.സി.പി നേതാക്കളും രംഗത്തുവന്നു. ലോക ഗുസ്തി ചാമ്പ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഒളിമ്പ്യൻ സാക്ഷി മാലിക്, കോമൺവെൽത്ത് താരം സുമിത് മാലിക് അടക്കം 200 ഓളം പേരാണ് സമരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.