വനിത ട്വന്റി 20യിലെ അപൂർവ നേട്ടം സ്വന്തമാക്കി ഷഫാലി വർമ
text_fieldsദുബൈ: വനിത ട്വന്റി 20യിലെ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ താരം ഷഫാലി വർമ. 2000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തിയത്. ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് 20 വയസ്സും 255 ദിവസവും പ്രായമുള്ള താരത്തിന്റെ നേട്ടം. 23 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡ് താരം ഗാബി ലൂയിസ് സ്വന്തമാക്കിയ റെക്കോഡാണ് ഷഫാലി മറികടന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ 2000ത്തിലെത്താൻ ഷഫാലിക്ക് 18 റൺസാണ് വേണ്ടിയിരുന്നത്. 43 റൺസെടുത്താണ് താരം തിരിച്ചുകയറിയത്. വനിത ട്വന്റി 20യിൽ 2000 ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് ഷഫാലി. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിഥാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് മുൻഗാമികൾ. 2019ൽ 15ാം വയസ്സിലാണ് ഷഫാലി ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയത്. വനിത ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടിയതിന്റെ റെക്കോഡും ഷഫാലിയുടെ പേരിലാണ്. ആസ്ട്രേലിയയുടെ അനബൽ സതർലാൻഡിനെയാണ് മറികടന്നത്.
വനിത ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിന് തോൽപിച്ച് ഇന്ത്യ സെമി ഫൈനൽ സാധ്യത നിലനിർത്തിയിരുന്നു. വൻവിജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 172 റൺസെടുത്തു. ഓപണർമാരായ സ്മൃതി മന്ദാനയും (38 പന്തിൽ 50) ഷഫാലി വർമയും (40 പന്തിൽ 43) നൽകിയ അടിത്തറയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് കൂടിയായതോടെയാണ് (27 പന്തിൽ 52 നോട്ടൗട്ട്) സ്കോർ 170 കടന്നത്. മറുപടി ബാറ്റിങ്ങിൽ ലങ്ക 19.5 ഓവറിൽ 90 റൺസിന് പുറത്തായി. മലയാളി സ്പിന്നർ ആശ ശോഭന നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ ഇന്ത്യ നാല് പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. അതിനിർണായകമായ നാലാം മത്സരത്തിൽ ഞായറാഴ്ച ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.