വെങ്കല മെഡൽ തിളക്കത്തിൽ ഷഹബാസ്
text_fieldsപുനലൂർ: ദേശീയ ഷൂട്ടിങ് മത്സരത്തിൽ ലക്ഷ്യത്തിലേക്ക് വെടിയുതിർത്ത് വെങ്കല മെഡലോടെ കേരള എൻ.സി.സിക്ക് ഓവറോൾ പദവി തിരിച്ചുപിടിക്കാൻ കഴിഞ്ഞ നേട്ടത്തിന്‍റെ ഭാഗമായതിന്‍റെ അഭിമാനത്തിൽ എം. ഷഹബാസ്.
എൻ.സി.സി ന്യൂഡൽഹി ഡയറക്ടറേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ഓൾ ഇന്ത്യ തല സൈനിക ക്യാമ്പിൽ ഷൂട്ടിങ് മത്സരത്തിലാണ് ജൂനിയർ വിഭാഗത്തിൽ ഷഹബാസ് ഉൾപ്പെട്ട ആറംഗ ഗ്രൂപ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. ഇതിലൂടെ 13 വർഷത്തിനുശേഷം കേരള ഡയറക്ടറേറ്റിന് ഓവർറോൾ പദവി തിരിച്ചു പിടിക്കാനായി.
വെഞ്ചേമ്പ് എൻ.ജി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് കൊട്ടാരക്കര 9 കേരള എൻ.സി.സി ബെറ്റാലിയൻ കാഡറ്റാണ്. സ്കൂൾ തലം മുതൽ പങ്കെടുത്ത ആറ് ക്യാമ്പുകളിലെ മത്സരത്തിൽ മുന്നിലെത്തിയാണ് ദേശീയതല മത്സരത്തിന് അർഹനായത്.
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നതാണ് കേരള ഡയറക്ടറേറ്റ്. 0.22 റൈഫിൾ ഉപയോഗിച്ചാണ് വെടിയുതിർത്ത് ഷഹബാസ് ലക്ഷ്യം നേടിയത്. ഈ മത്സരങ്ങളിലെല്ലാം എൻ.സി.സിയുടേതല്ലാതെ മറ്റൊരു പരിശീലനവും ഷഹബാസിന് ലഭിക്കാതെയാണ് ഉന്നതവിജയത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
എൻ.ജി.പി.എം.എച്ച്.എസ്.എസിലെ എൻ.സി.സി പരിശീലക രശ്മിയുടെ നിർദേശങ്ങളും പ്രോത്സാഹനവുമാണ് തനിക്ക് തുണയായതെന്ന് ഷഹബാസ് പറഞ്ഞു. കൂടുതൽ പരിശീലനത്തിനായി സ്വന്തമായി റൈഫിൾ വാങ്ങണം. ഭാവിയിൽ രാജ്യത്തിനായി ഷൂട്ടിങ്ങിൽ സ്വർണ മെഡൽ നേടണമെന്ന ആഗ്രഹവും പങ്കുവെച്ചു.
വെഞ്ചേമ്പ് സുനിൽ ഹൗസിൽ മുജീബ്- ഷിജി ദമ്പതികളുടെ മകനാണ്. ഫൈസാൻ, ഫാമിസ് എന്നിവർ സഹോദരങ്ങളാണ്. സ്കൂളിൽ ഒരുക്കിയ അനുമോദനയോഗത്തിൽ മാനേജർ പി. പ്രകാശ്കുമാർ ഷഹബാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് അനിത, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.