Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right‘ഷാകിബിന് സുരക്ഷ...

‘ഷാകിബിന് സുരക്ഷ ഉറപ്പാക്കാൻ ക്രിക്കറ്റ് ബോർഡ് സുരക്ഷ ഏജൻസിയല്ല’; ബംഗ്ലാദേശിലെ വിരമിക്കൽ ടെസ്റ്റ് മോഹത്തിൽ പ്രതികരണവുമായി ബി.സി.ബി അധ്യക്ഷൻ

text_fields
bookmark_border
‘ഷാകിബിന് സുരക്ഷ ഉറപ്പാക്കാൻ ക്രിക്കറ്റ് ബോർഡ് സുരക്ഷ ഏജൻസിയല്ല’; ബംഗ്ലാദേശിലെ വിരമിക്കൽ ടെസ്റ്റ് മോഹത്തിൽ പ്രതികരണവുമായി ബി.സി.ബി അധ്യക്ഷൻ
cancel

ധാക്ക: സ്വന്തം മണ്ണിൽ വിരമിക്കൽ ടെസ്റ്റ് കളിക്കുകയെന്ന ബംഗ്ലാദേശ് ആൾറൗണ്ടർ ഷാകിബുൽ ഹസന്റെ മോഹത്തിന് തിരിച്ചടി. വിരമിക്കൽ ടെസ്റ്റിന് ശേഷം സുരക്ഷിതനായി രാജ്യം വിടാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) സൗകര്യമൊരുക്കിയാൽ മിർപുരിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് സാധ്യമല്ലെങ്കിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് അവസാനത്തേതായിരിക്കുമെന്നും ഷാകിബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കേണ്ടത് ക്രിക്കറ്റ് ബോർഡല്ലെന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ബി.സി.ബി അധ്യക്ഷൻ ഫാറൂഖ് അഹ്മദ്. ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ക്രിക്കറ്റ് ബോർഡ് പൊലീസോ റാപ്പിഡ് ആക്ഷൻ ബറ്റാലിയനോ പോലെ സുരക്ഷ ഏജൻസി അല്ലെന്നും അതേസമയം, ഷാകിബ് വിരമിക്കൽ ടെസ്റ്റ് ബംഗ്ലാദേശിൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും ഫാറൂഖ് പ്രതികരിച്ചു.

‘സ്വന്തം നാട്ടിൽ വിരമിക്കൽ ടെസ്റ്റ് കളിക്കാൻ സാധിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, ഷാകിബിന്റെ സുരക്ഷ ഉറപ്പു നൽകേണ്ടത് ഞങ്ങളല്ല. അക്കാര്യത്തിൽ നിയമസംവിധാനവും താരവുമാണ് മുൻകൈ എടുക്കേണ്ടത്. ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ക്രിക്കറ്റ് ബോർഡ് പൊലീസോ റാപ്പിഡ് ആക്ഷൻ ബറ്റാലിയനോ പോലെ സുരക്ഷ ഏജൻസി അല്ല. ഒരു വ്യക്തിയുടെയും സുരക്ഷ ഉറപ്പു നൽകാനുള്ള അധികാരം ക്രിക്കറ്റ് ബോർഡിനില്ല’ – ഫാറൂഖ് അഹ്മദ് ചൂണ്ടിക്കാട്ടി.

ഇന്ത്യ–ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്യാന്തര ടെസ്റ്റ്, ട്വന്റി 20 ക്രിക്കറ്റിൽനിന്ന് ഷാകിബ് വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിൽവെച്ച് അവസാന ടെസ്റ്റ് കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഭയമുണ്ടെന്ന് ഷാക്കിബ് വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം മിർപുരിൽ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കണമെന്നാണ് ആഗ്രഹമെങ്കിലും, മത്സരത്തിനു ശേഷം ബംഗ്ലദേശിൽനിന്ന് സുരക്ഷിതനായി പുറത്തുപോകാൻ സൗകര്യമൊരുക്കുമെങ്കിൽ മാത്രമേ അതിനു തയാറാകൂവെന്നും അതല്ലെങ്കിൽ ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തന്റെ വിരമിക്കൽ ടെസ്റ്റ് ആയിരിക്കുമെന്നും 37കാരൻ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എം.പിയാണ് ഷാക്കിബുൽ ഹസൻ. ഹസീനയുടെ രാജിയിൽ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ താരത്തി​നെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേസിലെ 28ാം പ്രതിയാണ് ഷാകിബ്. ഈ സാഹചര്യത്തിലാണ്, മത്സരത്തിന് ശേഷം ബംഗ്ലാദേശിൽനിന്ന് പുറത്തുപോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം താരം ഉന്നയിച്ചത്.

2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഷാകിബ് ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റും നേടിയിട്ടുണ്ട്. 70 ടെസ്റ്റിൽ നിന്നായി അഞ്ച് സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും അടക്കം 4600 റൺസും 242 വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാമൻ കൂടിയാണ്. ട്വന്റി 20യിൽ 129 മത്സരങ്ങളിൽനിന്ന് 2551 റൺസും 149 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 7000 റൺസും 300 വിക്കറ്റും നേടിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shakib Al HasanBangladesh Cricket Board
News Summary - Shakib's security is not in the board's hand -BCB President
Next Story