അമ്പെയ്ത്തിൽ ചരിത്രമെഴുതി ശീതൾ ദേവി; പാരാലിമ്പിക്സിൽ വിജയിച്ച് തുടങ്ങി ഇന്ത്യ
text_fieldsപാരിസ്: ഒളിമ്പിക്സിന് പിന്നാലെയെത്തിയ പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ ചരിത്രമെഴുതി ഇന്ത്യയുടെ ശീതൾ ദേവി. വ്യക്തിഗത കോംപൗണ്ട് ഓപൺ റാങ്കിങ് റൗണ്ടിൽ ശീതൾ 703 പോയന്റ് നേടി. ഒരു ഇന്ത്യൻ പാര ആർച്ചർ 700പോയന്റ് പിന്നിടുന്നത് ഇതാദ്യമായാണ്. രണ്ടാം സീഡ് പൊസിഷനിലേക്ക് കുതിച്ച് മെഡൽ സാധ്യത നിലനിർത്തി. ജന്മനാ കൈകളില്ലാത്ത ശീതൾ ദേവി കാലുകൊണ്ടാണ് അമ്പെയ്യുന്നത്.
ബാഡ്മിന്റൺ സിംഗ്ൾസിൽ ഇന്ത്യക്ക് വിജയത്തുടക്കം. എസ്.എൽ നാല് ഗ്രൂപ്പിൽ ഇന്ത്യയുടെ സുകാന്ത് കദമും സുഹാസ് യതിരാജും തരുണും ജയിച്ചു. മലേഷ്യയുടെ മുഹമ്മദ് അമീനെയാണ് 31കാരനായ സുകാന്ത് തോൽപിച്ചത്. സ്കോർ: 17-21, 21-15, 22-20. കഴിഞ്ഞ തവണ വെള്ളിമെഡൽ നേടിയ സുഹാസ് ഇന്തോനേഷ്യയുടെ ഹിക്മത് റംദാനിയെ 21-7, 21-5 എന്ന സ്കോറിനാണ് തോൽപിച്ചത്. ബ്രസീലിന്റെ ഒളിവിയേറയെയാണ് തരുൺ ആദ്യ റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 21-17, 21-19.
ഉദ്ഘാടന ചടങ്ങ് പാരിസ് നഗരത്തിന് അഴക് കൂട്ടി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ശാരീരിക, മാനസിക വെല്ലുവിളികൾക്കപ്പുറം വ്യത്യസ്തമായ കഴിവുകളുള്ള താരങ്ങളുടെ പാരാലിമ്പിക്സ് ഉദ്ഘാടനം ചെയ്തത്. ജാവലിൻ ത്രോ താരം സുമിത് ആന്റിലും ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവുമാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. 12 ഇനങ്ങളിൽ 84 ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്. ഒഫിഷ്യലുകളുടെ വൻ പടയടക്കം 179 അംഗ സംഘത്തെയാണ് ഇന്ത്യ പാരീസിലെത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയുംപേർ പാരാലിമ്പിക്സിൽ പങ്കെടുക്കുന്നത്.
ടോക്യോ പാരാലിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയ താരമാണ് ഇന്ത്യൻ പതാകയേന്തിയ സുമിത്. ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഷോട്ട്പുട്ടിൽ ഭാഗ്യശ്രീ ജാദവ് വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ അഞ്ച് സ്വർണമടക്കം ഇന്ത്യ 19 മെഡലുകൾ നേടിയിരുന്നു. സ്വർണനേട്ടം ഇരട്ട അക്കത്തിലെത്തിക്കാനാണ് ഇത്തവണ ശ്രമം. ആകെ മെഡലുകളുടെ എണ്ണം 25 ആയി ഉയർത്താനും ഇന്ത്യ ലക്ഷ്യമിടുന്നു.
ഏഷ്യൻ പാരാ ഗെയിംസിൽ 29 സ്വർണമടക്കം 111 മെഡലുകൾ ടീം വാരിക്കൂട്ടിയിരുന്നു. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ മത്സരിക്കുന്ന ആവണി ലഖാര, ആർച്ചറി താരം ശീതൾ ദേവി, ഷോട്ട്പുട്ടർ ഹൊകാതോ സെമ, തുഴച്ചിൽ താരം നാരായണ കൊങ്കനപല്ലേ എന്നിവർ ഇന്ത്യയുടെ സുവർണ പ്രതീക്ഷകളാണ്. മൈൻ സ്ഫോടനത്തിൽ അംഗപരിമിതി വന്ന താരമാണ് ഹൊകാതോ സെമ. സെപ്റ്റംബർ എട്ടുവരെ നീളുന്ന പാരാലിമ്പിക്സിൽ 4000 താരങ്ങൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.