ലുസൈലിൽ ഇന്നു മുതൽ വേഗപ്പോരാട്ടം
text_fieldsദോഹ: ലോകത്ത് ഏറ്റവും വേഗത്തിൽ കുതിച്ചുപായുന്ന കാറുകളുടെ വളയംപിടിക്കുന്നവരെല്ലാം ഖത്തറിന്റെ മണ്ണിൽ ഒന്നിച്ചു. ഇനിയുള്ള മൂന്നു ദിനം അവരുടെ വേഗക്കാറുകൾ ലുസൈലിലെ ചൂടുകാറ്റിനെയും കീറിമുറിച്ച് മിന്നൽവേഗത്തിൽ ഫിനിഷിങ് ലൈനിലേക്ക് കുതിച്ചുപായുന്ന പോരാട്ട നാളുകൾ. ഫോർമുല വൺ കാറോട്ട പരമ്പരയിലെ 17ാമത് ഗ്രാൻഡ്പ്രീയിൽ യോഗ്യത റൗണ്ട് മുതലുള്ള മത്സരങ്ങൾക്ക് വെള്ളിയാഴ്ച രാത്രിയിൽ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ തുടക്കമാവുന്നു.
അത്യാധുനിക സൗകര്യങ്ങളോടെ, ലോക നിലവാരത്തിൽ നവീകരിച്ച ലുസൈൽ സർക്യൂട്ടിലേക്ക് രണ്ടാം തവണയാണ് ഫോർമുല വൺ പോരാട്ടമെത്തുന്നത്. 2021ലായിരുന്നു ഖത്തർ ഗ്രാൻഡ്പ്രീയുമായി രാജ്യം എഫ്.വൺ റേസിങ് കലണ്ടറിൽ ഇടം പിടിച്ചത്. ലോകകപ്പ് ഫുട്ബാളിനുള്ള ഒരുക്കങ്ങൾ കാരണം കഴിഞ്ഞ വർഷം ഒഴിഞ്ഞു നിന്ന എഫ്.വൺ റേസ് ഇനിയുള്ള പത്തു സീസണുകളിൽ ഖത്തറിലെ ട്രാക്കിനെ പുളകം കൊള്ളിക്കും. 40,000 കാണികൾക്ക് സൗകര്യമുള്ള ലുസൈൽ സർക്യൂട്ടിൽ മികച്ച തയാറെടുപ്പുകളാണ് നടത്തിയത്. മൂന്നു ദിനങ്ങളിലും കാണികൾക്ക് എത്തിച്ചേരാനുള്ള സംവിധാനങ്ങൾ ദോഹ മെട്രോ, മുവാസലാത്ത് ഉൾപ്പെടെ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് നടപ്പാക്കിയിട്ടുണ്ട്.
ഇന്ന് ട്രാക്കുണരും
സൂപ്പർതാരങ്ങളെല്ലാം റേസിങ് കാറുകളുമായി സർക്യൂട്ടിൽ വെള്ളിയാഴ്ച മാറ്റുരക്കും. മെയിൻ റേസിനുള്ള പ്രാക്ടീസ്, യോഗ്യത റൗണ്ടുകളാണ് ആദ്യ ദിനത്തിൽ അരങ്ങേറുന്നത്. വൈകീട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂറാണ് പ്രാക്ടീസ് റേസ്. രാത്രി എട്ടു മുതൽ ഒമ്പത് വരെ യോഗ്യത റേസ് നടക്കും. ശനിയാഴ്ചയാണ് സ്പ്രിന്റ് ഷൂട്ടൗട്ടും സ്പ്രിന്റും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടു മുതൽ മെയിൻ റേസും അരങ്ങേറും. കാണികൾക്ക് വെള്ളിയാഴ്ച ഉച്ച രണ്ട് മുതൽ സർക്യൂട്ടിലേക്ക് പ്രവേശനം അനുവദിക്കും. രാത്രി 10 മണിയോടെ മത്സരങ്ങൾ അവസാനിക്കും. ലുസൈൽ മെട്രോ സ്റ്റേഷനിൽ നിന്നും സർക്യൂട്ടിലേക്ക് ഷട്ട്ൽ ബസ് സർവിസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ച രണ്ട് മുതൽ പുലർച്ച 2.30 വരെ ഷട്ട്ൽ സർവിസ് ലഭ്യമാണ്. മെട്രോ സർവിസ് പുലർച്ച മൂന്നു വരെയും ഉണ്ടാവും.
എതിരില്ലാതെ വെർസ്റ്റപ്പൻ
22 ഡ്രൈവർമാരാണ് എഫ് വൺ ട്രാക്കിൽ മാറ്റുരക്കുന്നത്. നിലവിലെ ഫോർമുല വൺ സീസണിലെ 17ാം ഗ്രാൻഡ് പ്രീ പോരാട്ടത്തിനാണ് ഖത്തർ വേദിയാകുന്നത്. കിരീട പോരാട്ടത്തിൽ വെല്ലുവിളിയില്ലാതെ കുതിക്കുന്ന റെഡ്ബുളിന്റെ മാക്സ് വെർസ്റ്റപ്പനാണ് ദോഹയിലും ഫേവറിറ്റ്. സീസണിൽ 13 ഗ്രാൻഡ്പ്രീകളിലും ഒന്നാമതായി ഓടിയെത്തിയ വെർസ്റ്റപ്പന് 400 പോയന്റാണുള്ളത്. ഏഴു തവണ ഫോർമുല വൺ കിരീടമണിഞ്ഞ ലൂയിസ് ഹാമിൽട്ടൻ 190 പോയന്റുമായി മൂന്നാമതാണ്. രണ്ടാമത് 223 പോയന്റുള്ള സെർജിയോ പെരസാണുള്ളത്. ആറ് റേസുകൾ മാത്രമുള്ള ചാമ്പ്യൻഷിപ്പിൽ കിരീടം ഉറപ്പിച്ചാണ് വെർസ്റ്റപ്പൻ ഖത്തറിൽ വളയം പിടിക്കുന്നത്.
ടോപ് ടെൻ
1. മാക്സ് വെർസ്റ്റാപ്പൻ (റെഡ് ബുൾ) 400 പോയന്റ്
2. സെർജിയോ പെരസ് (റെഡ് ബുൾ) 223 പോയന്റ്
3. ലൂയി ഹാമിൽട്ടൻ (മേഴ്സിഡസ്) 190
4. ഫെർണാണ്ടോ അലോൻസോ (ആസ്റ്റൺ മാർട്ടിൻ) 174
5. കാർലോസ് സെയ്ൻസ് (ഫെരാറി) 150
6. ചാൾസ് ലെെക്ലർക് (ഫെരാറി) 135
7. ലാൻഡോ നോറിസ് (മക്ലരൻ) 115
8. ജോർജ് റസൽ (മേഴ്സിഡസ്) 115
9. ഓസ്കർ പിയാസ്ട്രി (മക്ലരൻ) 57
10. ലാൻസ് സ്ട്രോൾ (ആസ്റ്റൺ മാർടിൻ) 47
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.