‘ഓപറേഷൻ ഒളിമ്പ്യ’യെ വെള്ളാനയാക്കി സ്പോർട്സ് കൗൺസിൽ
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നട്ടംതിരിയുമ്പോൾ ഓപറേഷൻ ഒളിമ്പ്യയുടെ പേരിൽ കോടികൾ ചെലവിട്ട് വാങ്ങിയ കായികോപകരണങ്ങളും ജഴ്സികളും ഓഫിസ് സാമഗ്രികളും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതായി ധനകാര്യവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മുൻവർഷങ്ങളിൽ വാങ്ങിക്കൂട്ടിയ കായിക ഓഫിസ് ഉപകരണങ്ങളും കുട്ടികൾക്കുള്ള ജഴ്സികളുമാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥമൂലം കെട്ടിക്കിടന്ന് നശിച്ചത്. പ്രതിവർഷം ലഭിക്കുന്ന ജഴ്സിക്കും ടീ ഷർട്ടിനും ഷൂസിനും വേണ്ടി കായികതാരങ്ങളും പരിശീലകരും സ്പോർട്സ് കൗൺസിൽ കയറിയിറങ്ങുമ്പോഴാണ് ഗുരുതര ക്രമക്കേടുകളും കെടുകാര്യസ്ഥതയും ഓഡിറ്റ് വിഭാഗം പുറത്തുവിട്ടത്.
സ്പോർട്സ് കൗൺസിന് കീഴിലെ 53 ഹോസ്റ്റലുകളായി 1900 താരങ്ങളാണുള്ളത്. ഇവർക്ക് പ്രതിവർഷം ഒരു ജോടി ട്രാക്ക് സ്യൂട്ട്, രണ്ട് ടീ ഷർട്ടുകൾ, രണ്ട് ഷോർട്സ്, ജോഗിങ് ഷൂസ്, സ്പൈക്ക്, ഗെയിം ഷൂസ് എന്നിവയാണ് സ്പോർട്സ് കൗൺസിൽ നൽകുന്നത്. രണ്ടുവർഷമായി ഇവ നൽകാറില്ല. പരാതിയുമായി എത്തുന്ന പരിശീലകരോട് സാമ്പത്തിക പ്രതിസന്ധിയെ താങ്ങി അധികാരികൾ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ ഇത് വസ്തുതയല്ലെന്ന് തെളിയിക്കുന്നതാണ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട്.
2022 ജൂൺ 17നാണ് സ്പോർട്സ് കൗൺസിലിന്റെ സ്റ്റോർ കീപ്പറുടെ സാന്നിധ്യത്തിൽ ഓഡിറ്റ് വിഭാഗം ഗോഡൗണുകളിൽ മിന്നൽ പരിശോധന നടത്തിയത്. എന്നാൽ, സ്റ്റോക്ക് രജിസ്റ്ററിലുള്ള ഉപകരണങ്ങൾ പരിശോധനയിൽ കണ്ടെത്തിയില്ല. വിവിധ വർഷങ്ങളിൽ വാങ്ങിയ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യാത്തതിനെ തുടർന്ന് ഉപയോഗശൂന്യമായി.
അതിന് പുറമെ, 7.71 ലക്ഷം മുടക്കി പ്രിന്റ് ചെയ്ത സ്പോർട്സ് ഡയറികൾ വിതരണം ചെയ്യാതെ സൂക്ഷിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ എല്ലാ സ്വത്തുകളുടെയും സൂക്ഷിപ്പുകാരൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയാണ്. അതുകൊണ്ട് കെടുകാര്യസ്ഥതയുടെ പൂർണ ഉത്തരവാദിത്തം അന്നത്തെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിമാർക്കാണെന്ന് ഓഡിറ്റിൽ കുറ്റപ്പെടുത്തുന്നു. വാങ്ങിയ ഫർണിച്ചറുകളും ജഴ്സികളും കെട്ടിക്കിടക്കുന്ന ചിത്രങ്ങളും റിപ്പോർട്ടിനൊപ്പം ഓഡിറ്റ് വിഭാഗം സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
പൈക്കയിൽ ‘കാണാതായത്’ 11.91 കോടി
തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ കായിക വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച 11.91 കോടി സ്പോർട്സ് കൗൺസിൽനിന്ന് ‘കാണാതായി’. 2008ലെ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) പദ്ധതിക്കാണ് 36.37 കോടി നൽകിയത്. സംസ്ഥാന സ്പോർട്സ് കൗൺസിലായിരുന്നു നോഡൽ ഏജൻസി. അനുവദിച്ചതിൽ 25.37 കോടി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി. ചെലവഴിച്ച തുകക്ക് ശേഷം പഞ്ചായത്തുകൾ 1.49 കോടി കൗൺസിലിന് തിരികെ നൽകി. ആകെ 12.49 കോടി സ്പോർട്സ് കൗൺസിലിന്റെ കൈയിലുണ്ടായിരിക്കെ പദ്ധതി നിർത്തിയപ്പോൾ തിരിച്ചടച്ചത് 48.2 ലക്ഷം രൂപമാത്രം. പൈക്ക ഫണ്ടിനത്തിൽ സ്പോർട്സ് കൗൺസിലിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത് 8.97 ലക്ഷമാണ്. കാണാതായ 11.91 കോടിരൂപയെക്കുറിച്ച് ഒരു അന്വേഷണവും സർക്കാർ നടത്തിയില്ല. പദ്ധതി നടത്തിപ്പിലെ വീഴ്ചയെ തുടർന്ന് അന്നത്തെ സംസ്ഥാന കോഓഡിനേറ്ററും നിലവിലെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ എം.ആർ. രഞ്ജിത്തിനെ ചുമതലയിൽനിന്ന് നീക്കിയതല്ലാതെ ഒരു അന്വേഷണവും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.