കായിക ഉപകരണങ്ങൾ കാണാതായ സംഭവം: കായികവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: 2015ലെ ദേശീയ ഗെയിംസിൽ അത്‍ലറ്റിക്സ് മത്സരങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വാങ്ങിയ ഒന്നരക്കോടിയുടെ മത്സര ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ കായികവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനോട് വിശദീകരണം തേടിയതായും ഉപകരണങ്ങളുടെ കണക്കെടുക്കാനും നിർദേശം നൽകിയതായി കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കായികവകുപ്പിന്‍റെ പൊതുമേഖല സ്ഥാപനം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർക്കാണ് പരിശോധന ചുമതല.
ജി.വി. രാജ സ്പോർട്സ് സ്കൂൾ, കായികവകുപ്പ് ഡയറക്ടറേറ്റ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ, കുമാരപുരം ടെന്നീസ് കോംപ്ലക്സ്, വട്ടിയൂർകാവ് ഷൂട്ടിങ് റേഞ്ച്, ആറ്റിങ്ങൽ ശ്രീപാദം എന്നിവിടങ്ങളിലായിരിക്കും പരിശോധന.
ഉപകരണങ്ങളുടെ എണ്ണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് നിർദേശം. ദേശീയ ഗെയിംസിനുശേഷം കായിക ഉപകരണങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിന് കൈമാറുമെന്നാണ് കായികവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇവയെല്ലാം കൗൺസിലിലേക്ക് എത്തിയില്ലെന്നതാണ് വിവരം. ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‍ലറ്റിക്സ് ഉപകരണങ്ങളാണ് കാണാതായവയിൽ ഏറെയും.
ഉപകരണങ്ങൾ കാണാതായതോടെ സംസ്ഥാനത്ത് നടക്കുന്ന കായികമേളക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലക്ഷങ്ങൾ വാടക നൽകി കായിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് അത്ലറ്റിക്സ് അസോസിയേഷൻ. കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഡൽഹിയിലെ ഒരുസ്വകാര്യ കമ്പനിയിൽനിന്നാണ് വാടകക്കെടുത്തത്. തലസ്ഥാനത്ത് അടുത്തിടെ നടത്തിയ ഇന്ത്യൻ ഗ്രാൻപ്രീ, ദേശീയ ഓപൺ ജംപ്സ് എന്നിവക്കും ഉപകരണങ്ങൾ വാടകക്കെടുത്ത വകയിൽ ഏഴുലക്ഷത്തിലധികം രൂപയാണ് ചെലവായത്.
കേരള ഗെയിംസിനോടനുബന്ധിച്ച് നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾക്കും ഉപകരണങ്ങളിൽ ചിലത് വാടകക്കെടുക്കേണ്ടിവരും. മറ്റുള്ളവ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽനിന്നും മറ്റും എത്തിക്കാനാണ് തിരുവനന്തപുരം ജില്ല അത്ലിറ്റിക്സ് അസോസിയേഷന്‍റെ തീരുമാനം.
കേരള ഗെയിംസ്: ഇനി പോരാട്ടം വെള്ളത്തില്‍
തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ അക്വാട്ടിക്സ് മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരം പിരപ്പന്‍കോട് ബി.ആര്. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ അക്വാട്ടിക്സ് കോംപ്ലക്സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക് സ്ട്രോക്, 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈസ്, 200 മീറ്റര്‍ ബാക് സ്ട്രോക് ഹീറ്റ്സ് മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, സ്ത്രീകളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, പുരുഷ വനിതാ വിഭാഗം 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x50 മീറ്റര്‍ മിക്സഡ് ഫ്രീസ്റ്റൈല്‍ റിലേ മത്സരങ്ങളുടെ ടൈം ട്രയലും രാവിലത്തെ സെഷനില്‍ പൂര്‍ത്തിയാകും. ശേഷം പുരുഷ വനിതാ വിഭാഗം വാട്ടര്‍ പോളോ പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. വൈകീട്ട് ആറുമുതല്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. നാളെയാരംഭിക്കുന്ന മത്സരങ്ങള്‍ എട്ടാം തീയതിവരെ നീളും. വാട്ടര്‍ പോളോയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഴാം തീയതിയും ഫൈനല്‍ മത്സരങ്ങള്‍ എട്ടിനും നടക്കും.
ഗെയിംസിലെ കബഡി മത്സരങ്ങള്‍ക്കും വെള്ളിയാഴ്ച തുടക്കമാകും. കൊല്ലം കടപ്പാക്കട ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ടെന്നിസ്, റെസലിങ് മത്സരങ്ങളും നാളെയാരംഭിക്കും. ടെന്നിസ് മത്സരങ്ങള്‍ ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബിലും റെസലിങ് മത്സരങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലുമാണ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.