സ്കൂള്‍ മീറ്റല്ല, ഒളിമ്പിക്സാണ് ലക്ഷ്യം -പി. ടി ഉഷ
text_fields1984 ലോസാഞ്ജലസ് ഒളിമ്പിക്സില്‍ മുടിനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായ സമയം. ‘പി.ടി ഉഷ, ഇന്ത്യ’ എന്ന വിലാസത്തില്‍ വിദേശത്തുനിന്നൊരു ആരാധകനെഴുതിയ കത്ത് കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിലെ വീട്ടിലത്തെിയൊരു കഥയുണ്ട്. ഇന്ത്യന്‍ അത്ലറ്റിക്സ് എന്നാല്‍, അന്നും ഇന്നും പി.ടി ഉഷയാണ്. ഒളിമ്പ്യന്മാരും താരങ്ങളും ഏറെയത്തെുന്ന കോഴിക്കോട്ടെ 61ാമത് ദേശീയ സ്കൂള്‍ കായികമേളയുടെ വേദിയിലും പി.ടി ഉഷയാണ് താരം. മേളക്ക് കൊടി ഉയരും മുമ്പേ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ഭര്‍ത്താവ് ശ്രീനിവാസനൊപ്പം അവരുണ്ട്. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെയും, ഗുജറാത്തിലെ അക്കാദമിയിലെയും താരങ്ങള്‍ക്ക് പരിശീലനവും പിന്തുണയുമായി ഉഷയത്തെുമ്പോള്‍ മീറ്റിലെ വിലപിടിപ്പുള്ള സെലബ്രിറ്റിയും അവര്‍ തന്നെ.
ഉഷയെ കണ്ടാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സെല്‍ഫി പകര്‍ത്തണം. ചിലര്‍ക്ക് ഓട്ടോഗ്രാഫ്, മറ്റുചിലര്‍ക്ക് അനുഗ്രഹവും ഉപദേശവും. തിരക്കിനിടയും ആരെയും മുഷിപ്പിക്കാതെ നില്‍ക്കുന്ന ഉഷ സ്കൂള്‍ കായികമേളയെയും ഇന്ത്യന്‍ അത്ലറ്റിക്സിനെയും തന്‍െറ പ്രിയ ശിഷ്യരുടെ ഒളിമ്പിക്സ് ഒരുക്കങ്ങളെയും കുറിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
ദേശീയ സ്കൂള്‍ കായികമേളയുടെ സംഘാടനം?
ഏറ്റവും ചുരുങ്ങിയ ദിവസം കൊണ്ട് ഏറ്റവും മികച്ച നിലവാരത്തില്‍ സംഘടിപ്പിച്ച കായികമേളയെന്ന പ്രത്യേകത കോഴിക്കോടിനുണ്ട്. രാജ്യാന്തര നിലവാരത്തിലാണ് മത്സരങ്ങളുടെ സംഘാടനം. ഫൗള്‍സ്റ്റാര്‍ട്ട് ഡിറ്റക്ടറും ഇലക്ട്രോണിക് ടൈമിങ്ങും ഉള്‍പ്പെടെ സങ്കേതിക തികവിന് മുഴുവന്‍ മാര്‍ക്ക് നല്‍കാം. മത്സരങ്ങളുടെ സമയക്രമം, അത്ലറ്റുകള്‍ക്കുള്ള ഭക്ഷണ-താമസ സൗകര്യങ്ങള്‍ എല്ലാം കുറ്റമറ്റതായിരുന്നു.
നാലു ദിനത്തിലെ കേരളത്തിന്‍െറ പ്രകടനത്തെക്കുറിച്ച് ?
ആദ്യ രണ്ടു ദിനങ്ങളിലായി പത്ത് സ്വര്‍ണം നേടി മെഡല്‍കൊയ്ത്തിന് തുടക്കമിട്ടെങ്കിലും ആതിഥേയരെന്ന നിലയില്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതല്ല നേട്ടങ്ങള്‍. 400 മീറ്ററില്‍ ഉഷ സ്കൂളിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ കേരളത്തിനായി മെഡലണിയാന്‍ കഴിഞ്ഞുള്ളൂ. ട്രാക്കിലെ ത്രില്ലിങ് ഇനമായ 100 മീറ്ററില്‍ ഒരു സ്വര്‍ണം പോലുമണിയാന്‍ കഴിഞ്ഞില്ളെന്നത് അത്ലറ്റും പരിശീലകയുമെന്ന നിലയില്‍ അസ്വസ്ഥപ്പെടുത്തുന്നു. ജൂനിയര്‍-സീനിയര്‍ -സ്കൂള്‍ തലങ്ങളില്‍ കേരളത്തിന് എന്നും മേധാവിത്വമുള്ള 4-100 റിലേയില്‍ രണ്ട് സ്വര്‍ണം മാത്രമാണ് നേടിയത്. സാധാരണ ആറില്‍ ആറ് സ്വര്‍ണവുമണിയുന്ന കേരളത്തിന്‍െറ സ്പ്രിന്‍റ് മേധാവിത്വം നഷ്ടമാവുന്നത് ഗൗരവത്തോടെ കാണണം. സ്വന്തം നാട്ടുകാരുടെ കൈയ്യടികള്‍ക്കിടയിലായിരുന്നു നമ്മുടെ കുട്ടികളുടെ ഈ വീഴ്ച. 40-45 സ്വര്‍ണം ആകെ നേടുമ്പോള്‍ ഫേവറിറ്റ് ഇനങ്ങളായ റിലേയും 100 മീറ്ററുമെല്ലാം നിസ്സാരമാക്കുന്നതാണ് മെഡല്‍ നഷ്ടത്തിന് കാരണം. ഇത് വ്യക്തിപരമായി വലിയ നിരാശയുണ്ടാക്കി. അതേസമയം, ത്രോ ഇനത്തില്‍ ദേശീയ മീറ്റില്‍ മേഘ മറിയത്തിന്‍െറ സ്വര്‍ണനേട്ടം ശ്രദ്ധേയ തുടക്കമാണ്. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ പരമ്പരാഗത ശക്തികള്‍ മത്സരിക്കുന്ന വിഭാഗത്തില്‍ കേരളത്തിന് ഒന്നും ലഭിക്കില്ളെന്ന ധാരണ തിരുത്താന്‍ സമയമായി.
ഇതര സംസ്ഥാനങ്ങളുടെ മുന്നേറ്റത്തെ കുറിച്ച് ?
സ്പ്രിന്‍റില്‍ കേരളത്തിന്‍െറ വീഴ്ചയില്‍ തമിഴ്നാടിന്‍െറ മുന്നേറ്റം ശ്രദ്ധേയമാണ്. സാധാരണ സ്പ്രിന്‍റും ജംപ് ഇനങ്ങളും ദക്ഷിണേന്ത്യയുടെ ഇനങ്ങളാണ്. അവയില്‍ തന്നെ കേരളത്തിനായിരുന്നു മേധാവിത്വം. കേരളം പിന്നോട്ടടിക്കുമ്പോള്‍ തമിഴ്നാടും കര്‍ണാടകയും മുന്നേറുന്നത് സ്വാഭാവികം. സ്പ്രിന്‍റിന് എന്നും അതിന്‍േതായ ചന്തമുണ്ട്. മികച്ച സ്റ്റാര്‍ട്ട്, 90 ഡിഗ്രിയിലെ കുതിപ്പ്, അനായാസ ഓട്ടം എന്നിങ്ങനെ നൂറിന് വേണ്ടതായ സവിശേഷതകളൊന്നും ഇവിടെ മെഡല്‍ നേടിയവരില്‍ കണ്ടിട്ടില്ല.
യോഗ്യതാ മാര്‍ക്ക് നിലവാരമുയര്‍ത്തുമോ?
മത്സരങ്ങള്‍ക്ക് യോഗ്യതാ മാര്‍ക്ക് നിശ്ചയിക്കുന്നത് നല്ലതു തന്നെ. ചാമ്പ്യന്‍ഷിപ്പിന്‍െറ നിലവാരമുയര്‍ത്താന്‍ ഇതുവഴി കഴിയും. പക്ഷേ, ആതിഥേയരെന്ന നിലയില്‍ കേരളത്തിന് സംസ്ഥാന തലത്തിലെ മികച്ച മൂന്ന് പേര്‍ക്കും മത്സര യോഗ്യത നല്‍കാമായിരുന്നു. ഏത് ചാമ്പ്യന്‍ഷിപ്പിനും ആതിഥേയര്‍ക്ക് അങ്ങനെ ചില ഇളവുകളുണ്ട്. അത് ഉപയോഗപ്പെടുത്തേണ്ടതാണ്. ഭാവിയില്‍ യോഗ്യതാ മാര്‍ക്ക് ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. മേളയുടെ നിലവാരമുയര്‍ത്താന്‍ എപ്പോഴും ഇത് നല്ലതാണ്. അതേസമയം നിസ്സാര വ്യത്യാസങ്ങള്‍ക്ക് കുട്ടികളുടെ അവസരം കളയുന്നത് ശരിയായ നടപടിയുമല്ല.
ഷഹര്‍ബാനയുടെ പിന്മാറ്റം; ജിസ്നയുടെ അസാന്നിധ്യം
ജിസ്നാ മാത്യൂ ദേശീയ സ്കൂള്‍ മീറ്റില്‍ നിന്ന് പിന്മാറിയത് കൊണ്ട് കേരളത്തിന് നഷ്ടമൊന്നുമില്ല. കേരളം ചാമ്പ്യന്മാരാവും. ജിസ്ന ജയിക്കേണ്ടിടത്ത് ഉഷ സ്കൂളിലെ തന്നെ ഷഹര്‍ബാന ജയിച്ചിട്ടുണ്ട്. അതില്‍ 100 മീറ്റര്‍ നഷ്ടമായെന്നാണ് ആരോപണം. അത് 400 മീറ്റര്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു. ഇവിടെയുള്ള മറ്റ് കുട്ടികള്‍ സ്കൂള്‍ മീറ്റിന് മാത്രമായി ഒരുക്കുന്നതാണ്. പക്ഷേ, ഞങ്ങളുടെ കുട്ടികള്‍ സീസണില്‍ മുഴുവന്‍ ഓടുന്നതാണ്. അവര്‍ക്ക് കൃത്യമായ കരുതല്‍ നല്‍കിയില്ളെങ്കില്‍ ഇല്ലാതായി പോവും. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് ഞങ്ങളുടെ അത്ലറ്റുകളെ നിയന്ത്രിക്കാനാവില്ല. സ്കൂള്‍ മീറ്റിനേക്കാള്‍ അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷന്‍ നടത്തുന്ന ലോക അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) അംഗീകാരമുള്ള മീറ്റുകളില്‍ പങ്കെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ സ്കൂളില്‍ പങ്കെടുക്കുന്നു എന്നു മാത്രം.
റിയോ ഒളിമ്പിക്സ് ഒരുക്കങ്ങളെ കുറിച്ച്
സ്കൂള്‍ മേളകളിലെ താരമായ ജിസ്ന മാത്യൂവിന് റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സംസ്ഥാന സ്കൂള്‍ കായികമേള കഴിഞ്ഞ് ഒളിമ്പിക്സ് ലക്ഷ്യത്തിലേക്ക് പരിശ്രമമാരംഭിച്ച ജിസ്ന ഒന്നരാമാസം കൊണ്ട് മികച്ച ബേസ് വര്‍ക് ലഭ്യമാക്കി കഴിഞ്ഞു. ഇനി ഏപ്രില്‍ മാസത്തോടെ വീണ്ടും ട്രാക്കിലിറങ്ങി തുടങ്ങും. 52 സെക്കന്‍ഡിനു താഴെ സമയത്തില്‍ 400 മീറ്റര്‍ ഓടി ഒളിമ്പിക്സ് യോഗ്യത നേടുകയെന്നാണ് ലക്ഷ്യം. അതുകൊണ്ടാണ് ഈ ദേശീയ സ്കൂള്‍ കായികമേളയില്‍ നിന്ന് അവളെ ഒഴിവാക്കിയത്. സ്കൂള്‍ തലത്തിലെ ഒരു അത്ലറ്റ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് കേരളത്തിന് തന്നെ അഭിമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.