മോസ്കോയിലേക്ക് ഫ്രഞ്ച് മാർച്ച്
text_fieldsഗ്രീസ്മാെൻറ ഒരു കോർണർ സാമുവൽ ഉംറ്റിറ്റിയുടെ തലയിൽനിന്ന് ബോംബുപോലെ തിബോ കർട്ടുവയെ കാഴ്ചക്കാരനാക്കി ബെൽജിയത്തിെൻറ വലയിലേക്ക് പതിച്ചപ്പോൾ 21ാം ലോകകപ്പിെൻറ മറ്റൊരു ചരിത്രമുഹൂർത്തമായി ആ ഗോൾ മാറി. 98ന് ശേഷം യൂറോപ്യൻ വൻകരയിൽ നടന്ന മൂന്നാമത്തെ ലോകകപ്പിലും അങ്ങനെ ഫ്രഞ്ചുകാർ തുടർച്ചയായി മൂന്നാം തവണയും ഫൈനലിൽ. ഇന്നത്തേത് പോലെത്തന്നെ ഗോൾഡൻ ബോയ്സ് എന്ന് വിശേഷണമുണ്ടായിരുന്ന ‘ല കൊക്കുകൾ’ നിലവിലെ പരിശീലകൻ ദിദിയർ ദെഷാംപ്സിെൻറ നേതൃത്വത്തിൽ സിദാൻ, ഒൻറി, തുറാൻ, ഇമ്മാനുവേൽ പെറ്റി, ഫാബിയാൻ ബർത്തസ് എന്നീ വിഖ്യാതരുടെ മികവിലാണ് സ്വന്തം മണ്ണിൽ 1998ൽ കപ്പുനേടുന്നത്. അതേ മികവും കെട്ടുറപ്പുമാണ് ബെൽജിയത്തിനെതിരെ കാഴ്ചവെച്ചതും.
ലോക ഫുട്ബാളിലെ രണ്ടു വൻ ശക്തികളെയും പിന്നിലാക്കിയാണ് ഈ രണ്ടു ടീമുകളും സെമിയിൽ എത്തിയത്. അർജൻറീനയെ പ്രീക്വാർട്ടറിൽ ഫ്രാൻസും ക്വാർട്ടറിൽ ബ്രസീലിനെ തടഞ്ഞിട്ട ബെൽജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രവചിക്കപ്പെട്ടതുപോലെ തീർത്തും തീപാറുന്നതായി. ആദ്യ അഞ്ചു മിനിറ്റുകൾ കളി ബെൽജിയത്തിേൻറതായപ്പോൾ ചുകന്ന ചെകുത്താന്മാർ അട്ടിമറിക്കാരാകും എന്നു കരുതപ്പെട്ടു. വലതുവശത്തുനിന്നും ചാഡ്ലിയും ഹസാർഡും ഡിബ്രൂയിനും കൂടി പാവാർഡിനെയും ഉംറ്റിറ്റിയെയും മറികടന്നു കൊണ്ടെത്തിച്ച പന്തുകൾ ലക്ഷ്യബോധമില്ലാതെയുള്ള ഷോട്ടുകളുമായി ലകാകു നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ തന്നെ തെളിഞ്ഞിരുന്നു ബെൽജിയത്തിെൻറ ദിനം ആയിരിക്കിെല്ലന്ന്. ഒരു പരിധിവരെ ചുകന്ന ചെകുത്താൻമാരുടെ ആദ്യ ഫൈനൽ പ്രവേശനം തടഞ്ഞതിന് കാരണക്കാരൻ റൊമേലു ലുകാകു തന്നെയായിരുന്നു. ഉറപ്പായ എത്ര പന്തുകളാണ് ഈ അതുല്യ ഫോർഫേഡ് നഷ്ടപ്പെടുത്തിയത്. റോബർട്ടോ മാർട്ടീനസ് എന്തുകൊണ്ട് അദ്ദേഹത്തെ പിൻവലിച്ചു മിച്ചി ബാച്ചുയ്ക്കു അവസരം നൽകിയില്ല എന്നത് അതിശയിപ്പിക്കുന്നു.
മറുവശത്തു ഫ്രഞ്ചുകാരുടെ വിജയത്തിന് കാരണക്കാരൻ ഗ്രീസ്മാനായിരുന്നു. അവശ്യ നിമിഷങ്ങളിൽ ഗോളുകൾ നേടി തെൻറ ടീമിെൻറ രക്ഷകനാകുന്ന ഈ ചെറിയ മനുഷ്യൻ പ്ലേമേക്കറായപ്പോൾ പങ്കുെവച്ച പന്തുകൾ അധികവും കർട്ടുവയുടെ കൈകളിലും പുറത്തും അടിച്ചു സായൂജ്യമടഞ്ഞ ഒലിവർ ജിറൗഡ് ആയിരുന്നു ഫ്രഞ്ച് ടീമിലെ ഇണങ്ങാത്ത കണ്ണി. രണ്ടോ മൂന്നോ അവസരങ്ങളെങ്കിലും അദ്ദേഹത്തിന് മുതലാക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഫ്രഞ്ചുകാരുടെ വിജയം അനായാസകരമാകുമായിരുന്നു. ഫ്രഞ്ചുകാരുടെ പ്രതിരോധനിര ഏറ്റവും പ്രശംസനീയമായിട്ടാണ് എഡൻ ഹസാർഡിനെയും ഡിബ്രൂയിനെയും തടഞ്ഞിട്ടത്. ഹസാർഡിെൻറ അത്യാപത്കരമായ ഒരു ഷോട്ട് വരാനെ ചാടി ഹെഡ് ചെയ്തു അകറ്റിയത് അതി സാഹസികമായിട്ടായിരുന്നു. അത് സെൽഫ് ഗോളാകാതിരുന്നത് ഫ്രഞ്ചുകാരുടെ മഹാഭാഗ്യം. ഉംറ്റിറ്റി-പാവാർഡ് എന്നിവർക്കൊപ്പം നായകൻ കൂടിയായ ഹ്യൂഗോ ലോറിസും അവസരത്തിനൊത്തുയർന്നപ്പോൾ ബെൽജിയത്തിെൻറ ആദ്യ ലോകകപ്പു മോഹം പൂവണിയാതെ പോയി.
ജപ്പാനെതിരെ ഗോളുകൾ വഴങ്ങിയ ശേഷം സംഹാരഭാവത്തോടെ കടന്നാക്രമണം സംഘടിപ്പിച്ച ബെൽജിയക്കാരുടെ മധ്യ-മുന്നേറ്റ നിരകൾ നിഷ്പ്രഭമായിപ്പോയി. ലുകാകു ഇണങ്ങാത്ത കണ്ണിയും ആയതോടെ പന്തെത്തിച്ചുകൊണ്ടിരുന്ന ചാഡ്ലിയും ഹാസാർഡും ഡിബ്രൂയിനും നിരാശരായതുപോലായിരുന്നു പിന്നീട് പ്രകടനങ്ങൾ. ഒന്നാം പകുതിയിൽ തുടർച്ചയായി എട്ടു കോർണറുകൾ ലഭിച്ചിട്ടും ഒന്നുപോലും അവർക്കു പ്രയോജനപ്പെടുത്താനുമായില്ല. കൂട്ടത്തിൽ മത്സരം നിയന്ത്രിച്ച ഉറുഗ്വായ്ക്കാരൻ റഫറി കുൻഹാ ബെൽജിയത്തിനു ലഭിക്കേണ്ടിയിരുന്ന നിരവധി ഫൗൾ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു. പെനാൽറ്റി ബോക്സിനു അടുത്തുെവച്ചു ജിറൗഡ് വിറ്റ്സലിനെ ചവിട്ടിവീഴ്ത്തിയത് റഫറിക്ക് മുന്നിൽ െവച്ചായിരുന്നു. അത് അദ്ദേഹം കണ്ടതായിപ്പോലും നടിച്ചില്ല. കളിയുടെ ഗതിക്കെതിരെ ഫ്രാൻസിന് കിട്ടിയ ആദ്യ കോർണർ തന്നെ അവർ ഗോളാക്കി മാറ്റുകയും ചെയ്തു. ഗ്രീസ്മാെൻറ കണക്കൊപ്പിച്ചുള്ള കിക്ക് താരതമ്യേന ഉയരം കുറഞ്ഞ ഉംറ്റിറ്റി തന്നേക്കാൾ ഉയരമുള്ള ഫെല്ലയ്നിയെ മറികടന്നു ഗോളാക്കിയപ്പോൾ സാങ്കേതിക മികവിലും ഫ്രഞ്ചുകാർ മുന്നിട്ടുനിന്നു. ലുകാകുവിനെപ്പോലെ ഫെല്ലയ്നിക്കും തൊട്ടതൊക്കെ പിഴക്കുകയും ചെയ്തു.
െകാംപനിയും വെർട്ടെങ്ങാനും ആൽഡർവേലും അണിനിരന്ന പ്രതിരോധനിര മറികടക്കാൻ എംബാപെക്കു കാര്യമായി കഴിഞ്ഞില്ല. ഗതിവേഗത്തിെൻറ പ്രതീകമായ ഈ മുന്നേറ്റക്കാരനെ മൂസാ ടെമ്പേലെ പരുക്കൻ അടവുകളുമായി തടഞ്ഞിട്ടുകൊണ്ടിരുന്നപ്പോൾ പൊഗ്ബയും മറ്റൂഡിയും ഗ്രീസ്മാനും കൊണ്ടെത്തിച്ച പന്തുകൾ വലയിലാക്കുവാൻ ആളുണ്ടായില്ല. മറ്റ്യൂഡിയുടെ വിസ്മയിപ്പിക്കുന്ന ലോങ് റേഞ്ചുകൾ ഒക്കെ തിബോ കർട്ടുവ തട്ടിയകറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഗോൾ നേടിയ ശേഷം ഫ്രഞ്ചുകാർ കളി തണുപ്പിച്ചപ്പോൾ അതുവരെ ഒരുമയുടെ പ്രതീകമായിരുന്ന ബെൽജിയത്തിെൻറ മധ്യനിരയിൽനിന്ന് സംഘടിത മുന്നേറ്റങ്ങളും ഉണ്ടായില്ല. ബെൽജിയം തോറ്റു പുറത്താകുവാനുള്ള കാരണവും അതായിരുന്നു. ജപ്പനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം മറന്ന അവർ അനാവശ്യമായി പ്രതിരോധത്തിനും തുനിഞ്ഞു.
ചുരുക്കത്തിൽ ബെൽജിയം പോരാട്ടവീര്യം മറന്നു കളിച്ചതും കിട്ടിയ ഒരേയൊരവസരം തന്ത്രപൂർവം വിനിയോഗിക്കുവാൻ ഫ്രഞ്ചുകാർക്കു കഴിഞ്ഞതും കളംനിറഞ്ഞുകളിക്കുവാൻ ഗ്രീസ്മാൻ ഉണ്ടായതും ഹ്യൂഗോ ലോറിസ് ലുകാകുവിനെയും ഹസാർഡിനെയും നിർവീര്യരാക്കുകയും ചെയ്തപ്പോൾ ഫ്രഞ്ചുകാരുടെ മൂന്നാം ലോകകപ്പു ഫൈനൽ വിളിപ്പാടകലെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.