‘നിങ്ങൾ ഒരുമാസമായല്ലേ ആയുള്ളൂ, ഞാൻ ആറരക്കൊല്ലമായി ലോക്ഡൗണിലാണ്’ - ശ്രീശാന്ത്
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരുമാസത്തിലേറെക്കാലമായി ലോക്ഡൗണിലായ ഇന്ത്യൻ ജനത ഏറെ പ്രയാസത്തിലാണ്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനാകാതെയും പുറത്തിറങ്ങാനാകാതെയും മനംമടുപ്പിക്കുന്ന അവസ്ഥയിലാണ് പലരും. എന്നാൽ കരിയറിൽ കഴിഞ്ഞ ആറര വർഷമായി താൻ ലോക്ഡൗണിൽ കഴിയുകയാണെന്ന് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. 2013ലെ ഐ.പി.എൽ വാതുവെപ്പ് കേസിൽ ലഭിച്ച വിലക്ക് അടുത്ത സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ ഈ വർഷം വീണ്ടും ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുന്ന ശ്രീശാന്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിലക്ക് കാലവും ക്രിക്കറ്റിനെക്കുറിച്ചും ഉള്ളുതുറക്കുകയാണ് ശ്രീശാന്ത്.
ആറരക്കൊല്ലമായി ക്രിക്കറ്റ് എന്നിൽ നിന്ന് പറിച്ചുമാറ്റപ്പെട്ടു
‘എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാൻ എെൻറ പ്രഫഷനൽ ജീവിതത്തിൽ ആറര വർഷമായി ലോക്ഡൗണിലാണ്. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട് മാത്രമാണ് ഇക്കാലയളവിൽ ഞാൻ പ്രവർത്തിച്ചത്. ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് എന്നിൽ നിന്ന് പറിച്ചുമാറ്റപ്പെട്ടു. അതെന്നോെടാപ്പമില്ലായിരുന്നു’ -37കാരനായ ശ്രീശാന്ത് പറഞ്ഞു.
‘ഒരുകാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശിക്കാൻ എനിക്ക് അനുവാദമില്ല. പക്ഷേ, ഞാൻ വീട്ടിനുള്ളിൽ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. ഏറെ സമയം ഞാനവിടെ ചെലവഴിക്കുന്നു. അക്കാലത്ത് പുറത്തിറങ്ങുക എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ഡൗൺ ചെലവഴിക്കുന്നത്
‘എട്ടുമണിക്കൂർ ഉറക്കം. നാല്, അഞ്ച് തവണകളായി ദിവസം രണ്ട് മണിക്കൂർ ഭക്ഷണത്തിനായി ചെലവഴിക്കും. ആറ് മണിക്കുർ പരിശീലനം. മറ്റ് കഴിവുകൾ, കരുത്ത്, ചലനശക്തി എന്നിവക്കായി മൂന്ന് മണിക്കൂർ. രണ്ട്മുതൽ മൂന്ന് മണിക്കൂർ വരെ കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണും. അത്കൂടാതെ ദിവസം ഒരുമണിക്കൂർ പ്ലേസ്റ്റേഷനിൽ ഗെയിമും കളിക്കും’.
പന്തിലെ തുപ്പൽപ്രയോഗം നിരോധിക്കുന്നത് അസംബന്ധം
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബൗളർമാർ പന്തിൽ ഉമിനീർ പ്രയോഗിക്കുന്നത് നിരോധിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ബൗളർമാർക്ക് തിരിച്ചടിയാണ്.
‘അല്ലെങ്കിൽ തന്നെ ഇത് ബാറ്റ്സ്മാെൻറ കളിയാണ്. ഈ നിയമം നടപ്പിൽ വരുത്തുകയാെണങ്കിൽ റിവേഴ്സ് സ്വിങ് പന്തുകൾ എറിയാൻ പ്രയാസമാകും. കളിക്കളം വീണ്ടുമുണരുേമ്പാൾ രോഗമില്ലാത്തവരായിരിക്കണം ഇറങ്ങുന്നത്. അസുഖബാധിതർ എന്തിനാണ് കളിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം’.
‘ചില സമയങ്ങൾ പന്ത് മിനുസപ്പെടുത്താൻ ഉമിനീരിനേക്കാൾ നല്ലത് വിയർപ്പാണ്. ഫാസ്റ്റ് ബൗളിങ് ഒരുകലയാണ്. റിവേഴ്സ് സ്വിങ്ങിനായി പന്ത് പഴയതാകുന്നത് വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമല്ല. സാധാരണ സ്വിങ് ലഭിക്കുന്ന സമയം തന്നെ പന്ത് റിവേഴ്സ് സ്വിങ് ചെയ്യിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. ഞാൻ വീണ്ടും കളിക്കളത്തിലെത്തുേമ്പാൾ നിങ്ങൾക്കത് കാണാം. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകാൻ ഇനിയും എനിക്ക് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം’ താരം പറഞ്ഞു നിർത്തി.
ഇന്ത്യൻ പേസ് ഫാക്ടറിയിലേക്കുള്ള അടുത്ത കണ്ടെത്തലായി 2005ൽ അവതരിച്ച ശ്രീശാന്ത് 2007ലും 2011ലും ലോകകപ്പുയർത്തിയ ഇന്ത്യൻ ടീമിനൊപ്പം ഭാഗ്യശ്രീയായി നിലകൊണ്ടു. മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിെൻറ പ്രധാന പേസ് ആയുധമായി നില കൊള്ളുേമ്പായും ക്ഷിപ്രകോപിയായ താരം വിവാദങ്ങളുടെ തോഴനായി മാറി. കളിക്കളത്തിൽ സ്ഥിരത നിലനിർത്താൻ സാധിക്കാത്തതും പ്രയാസമായി മാറി. 2013ൽ ഐ.പി.എൽ വാതുവെപ്പ് കേസിൽ ആരോപണവിധേയനായ ശ്രീശാന്തിനെ ആജീവനാന്തമായിരുന്നു ബി.സി.സി.ഐ വിലക്കിയത്. എന്നാൽ വിലക്ക് ഓംബുഡ്സ്മാൻ ലഘൂകരിച്ചതാണ് ശ്രീശാന്തിന് തുണയായത്. 2011ലാണ് ശ്രീ അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.