അംഗീകാരം നഷ്ടമായ വോളി അസോസിയേഷന്റെ രക്ഷാധികാരി കായിക മന്ത്രി
text_fieldsകോഴിക്കോട്: വിവിധ ആരോപണങ്ങളെ തുടർന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം റദ്ദാക്കിയ കേരള വോളിബാൾ അസോസിയേഷന്റെ രക്ഷാധികാരി സംസ്ഥാന കായികമന്ത്രി വി. അബ്ദു റഹ്മാൻ. വോളി അസോസിയേഷന്റെ ലെറ്റർ പാഡിലാണ് മന്ത്രിയുടെ പേര് തന്നെ സ്ഥാനം പിടിച്ചത്.
കായിക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വോളി അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചത്. അതേ മന്ത്രി തന്നെ അസോസിയേഷന്റെ രക്ഷാധികാരിയാകുന്നുവെന്നതാണ് വിചിത്രം. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് രക്ഷാധികാരികളുടെ പട്ടികയിലെ ഒന്നാമൻ. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ മന്ത്രിയും എം.പിയും സി.പി.ഐയുടെ സമുന്നത നേതാവുമായ കെ. ഇ ഇസ്മയിലും രക്ഷാധികാരികളാണ്.
അംഗീകാരം നഷ്ടമായി പ്രവർത്തിക്കുന്ന സംഘടനയുടെ രക്ഷാധികാരികളായി മന്ത്രിമാർ തന്നെ മാറുന്നത് കേരള കായിക ചരിത്രത്തിൽ തന്നെ ആദ്യമാണ്. വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വി.എഫ്.ഐ) ക്ക് 2020 ജൂൺ മുതൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം നഷ്ടമായിരുന്നു. വി.എഫ്.ഐ യുടെ കീഴ്ഘടകമായ കേരള വോളിബാൾ അസോസിയേഷന് കഴിഞ്ഞ വർഷമാണ് അഫിലിയേഷൻ റദ്ദായത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ നിർത്തിവെച്ചിരിക്കുകയാണ്. ജൂനിയർ , സീനിയർ തല മത്സരങ്ങൾ നടക്കാനുണ്ട്. സ്പോർട്സ് കൗൺസിൽ നടത്തുന്ന മത്സരങ്ങൾക്കാണ് അംഗീകാരമുള്ളത്. അതിനിടെയാണ് അടുത്ത ആഴ്ച്ച മുതൽ ഭുവനേശ്വറിൽ ദേശീയ ചാമ്പ്യൻഷിപ്പ് നടത്താൻ വി.എഫ്.ഐ തീരുമാനിച്ചത്. കേരള വോളി അസോസിയേഷൻ ടീമിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള സർക്കാർ അംഗീകാരം റദ്ദാക്കിയ അസോസിയേഷന്റെ ടീമിൽ കേരള പോലിസിന്റെയും കെ.എസ്.ഇ.ബിയുടെയും താരങ്ങളുണ്ടെന്നതാണ് മറ്റൊരു കൗതുകം.
രാജ്യത്തെ മുൻ നിര പുരുഷ താരങ്ങളെല്ലാം ഹൈദരാബാദിൽ അടുത്ത ആഴ്ച്ച തുടങ്ങുന്ന പ്രൈം വോളി ലീഗിൽ കളിക്കാനിരിക്കുകയാണ്. പ്രൈം വോളിക്ക് 'പാര' പണിയാനായാണ് അതേ സമയത്ത് ദേശീയ ചാമ്പ്യൻഷിപ്പ് നടത്തുന്നാണ് ആക്ഷേപം. കേരള സ്പോർട്സ് കൗൺസിൽ പുറത്താക്കിയ വോളി അസോസിയേഷന്റെ ടീമുകൾ കോഴിക്കോട്ടെ സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.