സ്ഫോടനത്തിൻെറ നടുക്കത്തിൽ ഫ്രാൻസ്-ജർമനി സൗഹൃദ മത്സരം
text_fieldsപാരിസ്: ഫ്രാൻസും ജർമനിയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരം നടന്നത് തീവ്രവാദിയാക്രമണത്തിൻെറ ഭീതിയിൽ. മത്സരം 22 മിനിറ്റ് പിന്നിട്ടപ്പോഴാണ് ഫ്രാൻസിൻെറ ഹോം ഗ്രൗണ്ടായ സ്റ്റേഡ് ഡി ഫ്രാൻസിൻെറ പുറത്ത് ശക്തമായ സ്ഫോടനങ്ങൾ നടന്നത്. സ്ഫോടനശബ്ദം കേട്ട് കളിക്കാർ സ്തബ്ധരാകുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. സ്ഫോടനത്തിന് ശേഷവും കളി നടന്നെങ്കിലും സ്റ്റേഡിയത്തിൽ കളിയുടെ ആവേശം അധികമില്ലായിരുന്നു. മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചു.
കളി കഴിഞ്ഞതിന് ശേഷവും കാണികൾ സ്റ്റേഡിയത്തിൽ തുടർന്നു. പുറത്ത് നിലനിൽക്കുന്ന അശാന്തി കണക്കിലെടുത്തായിരുന്നു താരതമ്യേന സുരക്ഷിതമായ സ്റ്റേഡിയത്തിൽ തന്നെ കാണികൾ തങ്ങിയത്. പ്രശ്നങ്ങളൊന്നുമില്ലെന്നും പുറത്ത് ഇറങ്ങേണ്ടവർക്ക് ഇറങ്ങാമെന്നും സ്റ്റേഡിയം അനൗൺസർ പറഞ്ഞെങ്കിലും അധികം പേരും സ്റ്റേഡിയത്തിൽ തന്നെ നിന്നു. കളി കഴിഞ്ഞപ്പോൾ എല്ലാവരും മൈതാനത്ത് ഇറങ്ങുകയായിരുന്നു. കളി അവസാനിച്ചതിന് 30 മിനിറ്റിന് ശേഷവും 2000ത്തോളം കാണികൾ ഗ്രൗണ്ടിലുണ്ടായിരുന്നു. വീണ്ടും സ്റ്റേഡിയം അനൗൺസർ പുറത്ത് ശാന്തമായ അന്തരീക്ഷമാണെന്നും പൊതുഗതാഗതം സാധാരണപോലെ ഉപയോഗിക്കാമെന്നും വിളിച്ചുപറഞ്ഞു. ഇതിന് ശേഷമാണ് ആരാധകർ സാവധാനത്തിലെങ്കിലും പുറത്തേക്ക് പോയത്.
സംഭവം ഏറെ ഞെട്ടലുണ്ടാക്കിയെന്ന് ജർമൻ ഫുട്ബാൾ കോച്ച് ജൊവാക്വിം ലോ പറഞ്ഞു. തനിക്ക് വ്യക്തിപരമായി മത്സരത്തിൻെറ പ്രാധാന്യം നഷ്ടപ്പെട്ടെന്നും ലോ പറഞ്ഞു.
ഒലിവർ ജിരൂദും ആന്ദ്രെ ഗിഗ്നാകുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ അടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്തണി മാർഷ്യൽ, ആഴ്സണൽ താരം ഒളിവർ ജിരൂദ് എന്നിവരെ മുൻനിർത്തിയായിരുന്നു ഫ്രാൻസിൻെറ ആക്രമണം. മികച്ച കളി കെട്ടഴിച്ച മാർഷ്യലിൻെറ പാസിലാണ് ജിരൂദ് ഗോൾ സ്കോർ ചെയ്തത്. ഡിഫൻഡർമാരെ കബളിപ്പിച്ച് ജിരൂദിന് മാർഷ്യൽ നൽകിയ പാസ് അതിമനോഹരമായിരുന്നു. മറുവശത്ത് മരിയോ ഗോട്സെയും തോമസ് മ്യൂളറുമാണ് ജർമനിയുടെ ആക്രമണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.