പെലെയുടെ നാട് വിളിക്കുന്നു
text_fieldsലാറ്റിന്‍ അമേരിക്കയിലെ എറ്റവും വലിയ രാജ്യം. ജനസംഖ്യയിലും വലുപ്പത്തിലും ലോകത്ത് അഞ്ചാമത്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യം. ജൈവ സമ്പുഷ്ടമായ ആമസോണ്‍ മഴക്കാടുകള്‍ പച്ചചാര്‍ത്തുന്ന പ്രദേശം -ബ്രസീലിനെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം. എന്നാല്‍, ലോകത്തിന്‍െറ ഏതു മുക്കുമൂലയിലും ഈ രാജ്യത്തെ പരിചയപ്പെടുത്താന്‍ രണ്ടു വാക്കിലൊരു എളുപ്പവഴിയുണ്ട്. പെലെയുടെ നാട്. കാല്‍പന്തുകളിയിലെ ‘കറുത്ത മുത്തി’ന്‍െറ പേരിനൊപ്പമാണ് ലോകം ബ്രസീലിനെ കൂടുതലായി അറിയുന്നത്.
ആ നാട്ടിലേക്കാണ് ലോക കായിക മഹാമേള എത്തുന്നത്. തെക്കേ അമേരിക്കയില്‍ ആദ്യമായി ഒളിമ്പിക്സ് വിരുന്നത്തെുമ്പോള്‍ ആഘോഷാരവം മുഴങ്ങുന്നത് രാജ്യത്തിനും ഭൂഖണ്ഡത്തിനും പുറത്ത് ലാറ്റിനമേരിക്കയില്‍നിന്ന് മൊത്തമാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായി നൂറ്റാണ്ടുകളോളം അവരുടെ കാല്‍ക്കീഴില്‍ കഴിഞ്ഞ ജനതയുടെ മോചനഗാഥയുടെ വീരചരിതത്തില്‍ കളിക്കളങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. അധിനിവേശം ബാക്കിവെച്ചുപോയ ദാരിദ്ര്യത്തില്‍നിന്നും പട്ടിണിയില്‍നിന്നും അടിമ മനോഭാവത്തില്‍നിന്നും ലോകവിഹായസ്സിലേക്കുള്ള കുതിപ്പില്‍ തെക്കേ അമേരിക്കയെ സഹായിച്ചതില്‍ മുന്‍പന്തിയില്‍ കായികമേഖലയുമുണ്ടായിരുന്നു. പ്രത്യേകിച്ച് ഫുട്ബാള്‍. ഫുട്ബാളിനെ ലോകത്തെ ഏറ്റവും സുന്ദരമായ കളിയാക്കി മാറ്റിയെടുത്തത് ലാറ്റിനമേരിക്കന്‍ പുല്‍മൈതാനങ്ങളിലെ കലാകാരന്മാരായിരുന്നു. യൂറോപ്യന്‍ ക്ളബുകളില്‍ വന്‍ പ്രതിഫലം വാങ്ങി ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയും ചിലിയുടെയുമെല്ലാം കളിക്കാര്‍ നെഞ്ചുവിരിച്ച് വാഴുന്നത് ചരിത്രബോധത്തോടെ വീക്ഷിച്ചാല്‍ തങ്ങളുടെ പൂര്‍വചൂഷകരായ വെള്ളക്കാരുടെ മേലുള്ള മധുരപ്രതികാരമായിതന്നെ കാണാം. ആ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍െറ മറ്റൊരു പ്രഖ്യാപനമാണ് റിയോ ഒളിമ്പിക്സ്. അതുകൊണ്ടുതന്നെയാണ് രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഒരേ സാംസ്കാരിക ബോധം പുലര്‍ത്തുന്ന ജനത ഒന്നടങ്കം അതിനെ നെഞ്ചേറ്റുന്നത്.
സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ലാറ്റിന്‍ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന ഭൂവിഭാഗമാണ് ലാറ്റിന്‍ അമേരിക്ക എന്നറിയപ്പെടുന്നത്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന് വടക്കുള്ള രാജ്യങ്ങളും ഇതില്‍പെടുന്നു. ഇതിനുമുമ്പ് 1968ല്‍ മെക്സികോ സിറ്റി ലാറ്റിനമേരിക്കയുടെ ആദ്യ ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടുണ്ട്. പിന്നെയം അരനൂറ്റാണ്ടോളമെടുത്തു തെക്കേ അമേരിക്കയിലേക്കത്തൊന്‍.
31ാമത് ഒളിമ്പിക്സും (ലോക മഹായുദ്ധങ്ങള്‍ കാരണം മൂന്നുതവണ മുടങ്ങിയത് കണക്കിലെടുത്താല്‍ 28ാമത് ഒളിമ്പിക്സ്) വികലാംഗര്‍ക്കായുള്ള പാരാലിമ്പിക്സും നടത്താനായി ബ്രസീലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റിയോ ഡെ ജനീറോയെ അന്താരാഷ്ട്ര ഒളിമ്പിക് സമിതി തെരഞ്ഞെടുത്തത് 2009 ഒക്ടോബറിലായിരുന്നു. ഷികാഗോ, ടോക്യോ, മാഡ്രിഡ് നഗരങ്ങളെ പിന്തള്ളിയാണ് റിയോ മുന്നോട്ടുവന്നത്. 2004ലും 2012ലും പാഴായ ശ്രമമാണ് വിജയത്തിലത്തെിയത്.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍െറ 47.3 ശതമാനവും പരന്നുകിടക്കുന്ന ബ്രസീല്‍ എന്തുകൊണ്ടും ലോകമേളക്ക് അര്‍ഹര്‍തന്നെ. കായികരംഗത്തോടുള്ള താല്‍പര്യംകൊണ്ട് മാത്രം ലോകത്തെ ഏറ്റവും വലിയ മേളക്ക് മണ്ണൊരുക്കാനാവില്ല. വലിയ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍തന്നെ ബ്രസീലിന് താങ്ങാനാകുമോ എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയില്‍ ഒന്നായ ബ്രസീലിന് ലോകത്തിന്‍െറ മുന്‍നിരയില്‍ ഇടം ഉറപ്പിക്കാനുള്ള വിളംബരം കൂടിയാണ് ഒളിമ്പിക്സ്. രണ്ടുവര്‍ഷം മുമ്പ് ലോകകപ്പ് ഫുട്ബാള്‍ ഗംഭീരമാക്കി ലോകമേളകള്‍ തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. അതിന് മുമ്പ് 2011ല്‍ ലോക മിലിട്ടറി ഗെയിംസ്, 2013ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്. 2007ല്‍ പാന്‍ അമേരിക്കന്‍ ഗെയിംസിന് ആതിഥ്യം വഹിച്ചതുമുതലാണ് ലോകമേളകളോട് ബ്രസീലിന് കമ്പവും ആത്മവിശ്വാസവും തുടങ്ങിയതെന്ന് പറയാം. 1950ലെ ഫിഫ ലോകകപ്പായിരുന്നു അതിനുമുമ്പ് ബ്രസീല്‍ മണ്ണില്‍ നടന്ന ലോകമേള.
ഒളിമ്പിക്സ് അനുവദിക്കപ്പെട്ട ശേഷം ശക്തമായ സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ അസ്ഥിരതയുമെല്ലാം അനിശ്ചിതത്വത്തിന്‍െറ കാര്‍മേഘങ്ങള്‍ ബ്രസീലിന് മുകളില്‍ സദാ നിലനിര്‍ത്തി. പോരാത്തതിന് സിക വൈറസ് ഭീതിയും വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടാക്കുന്ന സുരക്ഷാ ആശങ്കകളും. 1930ന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യം കാരണം ഒളിമ്പിക് ബജറ്റ് 30 ശതമാനം വെട്ടിക്കുറക്കേണ്ടി വന്നു. ജനം വലയുമ്പോള്‍ കായിക മാമാങ്കത്തിനുവേണ്ടി പണം ധൂര്‍ത്തടിക്കുന്നെന്ന ആരോപണവും പ്രതിഷേധവും ശക്തമായി.
രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റായ ദില്‍മ റൗസെഫ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇംപീച്ച്മെന്‍റ് നടപടികള്‍ നേരിടുകയാണ്. 2014ലെ ഫിഫ ലോകകപ്പും ഒളിമ്പിക്സും ബ്രസീലിലേക്ക് കൊണ്ടുവരുന്നതില്‍ ഏറെ പ്രയത്നിച്ച നേതാവായിരുന്നു ദില്‍മ. ഇടക്കാല പ്രസിഡന്‍റ് മൈക്കിള്‍ ടെമറാണ് ഇപ്പോള്‍ രാഷ്ട്രനായകന്‍.
എന്നാല്‍, വടക്ക് ആമസോണ്‍ തടം മുതല്‍ തെക്ക് ഇഗാസു വെള്ളച്ചാട്ടം വരെ 20 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യം നിശ്ചയദാര്‍ഢ്യത്തിന്‍െറ പുതിയ ചരിത്രം രചിക്കുന്നതിന്‍െറ സാക്ഷ്യമായിരിക്കും ഇനിയുള്ള 17 ദിവസങ്ങള്‍. ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയും ലാറ്റിന്‍ അമേരിക്കയിലെ സാമ്പത്തിക ശക്തിയുമായി വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍ 740 കോടി റിയല്‍ (ഏകദേശം 15,000 കോടി രൂപ) ആണ് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്സിനായി ചെലവഴിക്കുന്നത്. സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കിയാണ് മേള കുറ്റമറ്റതാക്കുന്നത്. 2010ല്‍ തുടങ്ങിയതാണ് ഒരുക്കങ്ങള്‍.
പകുതിയോളം വേദികള്‍ 2007ലെ പാന്‍ അമേരിക്കന്‍ ഗെയിംസിനും മറ്റുമായി പണിതത് നവീകരിക്കുകയായിരുന്നു. 25 ശതമാനം താല്‍ക്കാലിക വേദികളാണ്. ഒളിമ്പിക്സ് സ്മരണ എക്കാലവും നിലനിര്‍ത്താനുതകുന്ന രീതിയില്‍ പുതുതായി 10 വേദികളാണ് നിര്‍മിച്ചത്.
കളിക്കളങ്ങളിലെ വീറും വാശിയും ആവേശവും മാത്രമല്ല ഒളിമ്പിക് നഗരത്തില്‍ ദൃശ്യമാവുക. ലോകം ഒന്നാകെ സംഗമിക്കുന്ന സാഹോദര്യത്തിന്‍െറ ആഘോഷദിനങ്ങള്‍ കൂടിയായിരിക്കും അത്. അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ മേള കാണാന്‍ റിയോയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിംസ് ദീപമണഞ്ഞാലും റിയോ കുതിച്ചുകൊണ്ടിരിക്കും. അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ ആധുനിക സംവിധാനങ്ങള്‍ മുന്നില്‍വെച്ച് ലോകമെങ്ങുമുള്ള സന്ദര്‍ശകരെ റിയോ ക്ഷണിക്കും. അതുവഴി സമ്പദ്ഘടന കുതിക്കും. മികച്ച കായിക സൗകര്യങ്ങളുടെ ബലത്തില്‍ പുതിയ തലമുറ കൂടുതല്‍ ശക്തരാകും. അതുവഴി മറ്റൊരു കായിക കുതിപ്പിന് പെലെയുടെ നാട് ഊര്‍ജം സംഭരിക്കും. ബ്രസീലിന് റിയോ ഒളിമ്പിക്സ് സ്വപ്നസാക്ഷാത്കാരമാകുന്നത് ഇതെല്ലാം കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.