വെടിയൊച്ചകള്‍ നിലക്കാത്ത ഫവേലകള്‍
text_fieldsഏത് വന്‍ നഗരങ്ങളെയുംപോലെ റിയോ ഡെ ജനീറോക്കും രണ്ട് മുഖമുണ്ട്. ലോകകപ്പിനും ഒളിമ്പിക്സിനും വേണ്ടി ഏറെ മുഖംമിനുക്കിയിട്ടും ഫവേലകള്‍ എന്ന ചേരിപ്രദേശങ്ങള്‍ ഇരുണ്ടകാഴ്ചയായി മലഞ്ചെരിവുകളില്‍നിന്ന് നഗരത്തെ തുറിച്ചുനോക്കുന്നു.
പണക്കാരും പാവങ്ങളും തമ്മിലുള്ള അന്തരവും സംഘര്‍ഷവും റിയോയില്‍ പ്രകടമാകുന്നത് ഫവേലകളെ ചുറ്റിപ്പറ്റിയാണ്. നമ്മുടെ നാട്ടിലെ ചേരികളില്‍നിന്ന് വ്യത്യസ്തമായി കൂടുതലും മലഞ്ചെരിവുകളില്‍ അടുക്കിവെച്ചപോലെ കൊച്ചു വീടുകളുടെ കോളനികള്‍. തുടക്കത്തില്‍ തീര്‍ത്തും ദരിദ്രരായവരാണ് ഇങ്ങനെ കുടിയേറിയതെങ്കില്‍ ഇപ്പോള്‍ നഗരത്തിലെ ജീവിതച്ചെലവ് താങ്ങാനാകാത്ത ലക്ഷങ്ങള്‍ ഇവിടെ താമസക്കാരായുണ്ട്. റിയോയുടെ വടക്കുഭാഗത്ത് ദരിദ്രരും തെക്ക് കടല്‍ത്തീരങ്ങളില്‍ പണക്കാരും എന്നതാണ് പൊതു അവസ്ഥ. അധികാരികള്‍ തിരിഞ്ഞുനോക്കാത്ത മേഖലകളായതിനാല്‍ സ്വാഭാവികമായി മയക്കുമരുന്ന് മാഫിയയും ക്രിമിനലുകളും സാമൂഹിക വിരുദ്ധരും അഭിസാരികളുമെല്ലാം ഫവേലകളില്‍ ഇടംപിടിച്ചു. സംഘര്‍ഷവും വെടിയൊച്ചകളും നിലക്കാതായി. ചില ഫവേലകളെങ്കിലും പൊലീസിനുപോലും കടന്നുചെല്ലാനാകാത്ത അധോലോക കേന്ദ്രങ്ങളാണെന്ന് അധികാരികള്‍തന്നെ സമ്മതിക്കുന്നു.
ലോകത്തിന്‍െറ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്ന, ലക്ഷക്കണക്കിന് വിദേശസഞ്ചാരികളത്തെുന്ന ഒളിമ്പിക്സ് സമയത്ത് അധികാരികളുടെയും സമ്പന്നവിഭാഗങ്ങളുടെയും കണ്ണിലെ കരടാണ് ഫവേലകള്‍. നഗരത്തിന്‍െറ കൊട്ടിഘോഷിക്കുന്ന സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നുവെന്നു മാത്രമല്ല, കുറ്റവാളികളുടെ നഗരമെന്ന് ലോകത്തെക്കൊണ്ടു പറയിപ്പിക്കുമോ എന്ന ആശങ്കയുമുണ്ട് അവര്‍ക്ക്. ഇതിനെ ശരിവെക്കും വണ്ണം മയക്കുമരുന്ന് മാഫിയയും വര്‍ധിച്ചുവരുന്ന കുറ്റകൃത്യ നിരക്കുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയും ചെയ്യുന്നു. ഒളിമ്പിക്സിനോടനുബന്ധിച്ച് പുതിയ സൗകര്യങ്ങളല്ല കൂടുതല്‍ പട്ടാളവും പൊലീസുമാണ് ഫവേലകളില്‍ എത്തിയത്.
റിയോയെ ‘ശുദ്ധീകരിക്കാന്‍’ ഭരണകൂടം കാര്യമായിതന്നെ രംഗത്തിറങ്ങി. ക്രിമിനലുകളെ അടിച്ചമര്‍ത്താനും ഫവേലകളില്‍ സമാധാനമത്തെിക്കാനുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ 2008ല്‍ ഇവിടേക്ക് മാത്രമായി പ്രത്യേക പൊലീസ് സേന രൂപവത്കരിച്ചു. എന്നാല്‍, ഈ സേനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവരാന്‍ അധിക സമയം വേണ്ടിവന്നില്ല. കൊലകളും റെയ്ഡുകളും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കലും ആട്ടിപ്പായിക്കലുമെല്ലാം പതിവായതോടെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ വരെ രംഗത്തുവന്നു.
2009ല്‍ ഒളിമ്പിക്സ് റിയോക്ക് പ്രഖ്യാപിച്ചശേഷം പൊലീസ് നഗരത്തില്‍ 2500 പേരെ വധിച്ചതായാണ് ആംനസ്റ്റിയുടെ കണക്ക്. ആദ്യം വെടിവെക്കുക പിന്നെ ചോദ്യംചെയ്യുക എന്ന നയമാണ് പൊലീസിന്‍േറതെന്ന് ബ്രസീലിലെ ആംനസ്റ്റി ഡയറക്ടര്‍ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരിലേറെയും ഫവേലകളില്‍ താമസിക്കുന്ന കറുത്തവരായ യുവാക്കളാണ്. ഇപ്പോള്‍ ക്രിമിനലുകള്‍ക്കും പൊലീസിനുമിടയില്‍ അരക്ഷിത ജീവിതമാണ് ഫവേലകളില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ നരഹത്യ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഒരുവര്‍ഷം 42,000 പേരാണ് ബ്രസീലില്‍ തോക്കിനിരയാകുന്നത്. ഇക്കഴിഞ്ഞ മേയില്‍ മാത്രം 40 പേരെ പൊലീസ് വെടിവെച്ചുകൊന്നതായി ആംനസ്റ്റി രേഖകള്‍ പറയുന്നു. പൊലീസിന്‍െറ മനുഷ്യാവകാശലംഘനകള്‍ക്കെതിരെ ഫവേലകളില്‍ നാലുവര്‍ഷമായി പ്രക്ഷോഭവും പ്രതിഷേധവും അലയടിക്കുകയാണ്. മറ്റു നഗരവാസികള്‍ക്കുള്ള അവകാശങ്ങളെല്ലാം തങ്ങള്‍ക്കുമുണ്ടെന്നും തങ്ങളുടെ വീടുകള്‍ അതിക്രമിച്ചു കയറാനുള്ളതല്ളെന്നും എഴുതിയ നോട്ടീസുകള്‍ എല്ലാ വീടുകളിലും പതിച്ചാണ് ഈ കാമ്പയിന്‍ നടക്കുന്നത്.
റിയോയില്‍ മാത്രം ആയിരത്തോളം ഫവേലകളുണ്ടെന്നും 60 ലക്ഷം നഗരവാസികളില്‍ അഞ്ചിലൊന്നും കഴിയുന്നത് ഇവിടെയാണെന്നും അറിയുമ്പോഴേ പാവങ്ങളായ വലിയൊരു ജനസമൂഹമാണ് ഇതെന്ന് മനസ്സിലാകൂ. റോസിഞ്ഞയാണ് ബ്രസീലിലെതന്നെ ഏറ്റവും വലിയ ഫവേല. റിയോയുടെ തെക്കന്‍ മേഖലയിലെ ബീച്ചിനെ അഭിമുഖീകരിച്ചുനില്‍ക്കുന്ന മലഞ്ചെരിവിലെ ഈ ഫവേലയില്‍ മുക്കാല്‍ ലക്ഷത്തോളം പേരാണ് ജീവിക്കുന്നത്.
19ാം നൂറ്റാണ്ടിന്‍െറ അവസാനത്തില്‍ പണിപോയ ഒരുപറ്റം സൈനികരാണ് ആദ്യമായി ഇത്തരം ചേരികളുണ്ടാക്കുന്നത്. പിന്നീട് ആഫ്രിക്കന്‍ അടിമകളത്തെി. അടിമത്തം ഇല്ലാതാവുകയും ലാറ്റിനമേരിക്കയിലെങ്ങും നഗരവത്കരണവും വ്യവസായവത്കരണവും വര്‍ധിക്കുകയും ചെയ്തതോടെ റിയോയിലേക്കും വലിയതോതില്‍ കുടിയേറ്റമുണ്ടായി. ഇവര്‍ ഈ പുറമ്പോക്കുകളില്‍ ജീവിതം പാകി. 1970കളില്‍ ഗ്രാമീണ മേഖലയില്‍നിന്ന് തൊഴില്‍തേടിയത്തെിയവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഫവേലകള്‍ പെരുകിയത്.
ഇഷ്ടികകളും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള വീടുകളില്‍ ടെലിവിഷനും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് കണക്ഷനുമെല്ലാം ഉണ്ടെന്നതാണ് വസ്തുത. ഏറ്റവും പുതിയ കണക്കനുസരിച്ച് ഫവേലകളില്‍ താമസിക്കുന്നവരില്‍ പകുതിയോളം മധ്യവര്‍ഗക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും തങ്ങളുടെ താമസ സൗകര്യങ്ങളില്‍ സംതൃപ്തരാണെന്നതാണ് മറ്റൊരു രസകരമായ വസ്തുത. റിയോയുടെ മുഖം ലോകത്തിന് മുന്നില്‍ സുന്ദരമാക്കി വെക്കാനുള്ള വെമ്പലിലാണ് അധികൃതര്‍. അതിനായി ദരിദ്രജീവിതങ്ങളെ മറച്ചുപിടിക്കുന്നു. നഗരത്തിന് തെക്കുഭാഗത്തേക്ക് യാത്രചെയ്ത് മറേയിലത്തെുമ്പോള്‍ ഒരുവശത്ത് കിലോമീറ്ററുകള്‍ നീളുന്ന കൂറ്റന്‍ മതില്‍ കാണാം. നഗരത്തിലെ വലിയ ഫവേലകളിലൊന്നാണ് അതിനപ്പുറത്ത്. ഒളിമ്പിക്സിന് മുന്നോടിയായി മോശം കാഴ്ച മറച്ചുപിടിക്കാന്‍ പണിതതാണ് ഈ മതില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.