നാലാം സ്ഥാനം; അഭിനവ് ബിന്ദ്രക്ക് മെഡൽ നഷ്ടമായി
text_fieldsറിയോ ഡെ ജനീറോ: ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതെയായി. ദിയദോറ ഒളിമ്പിക് ഷൂട്ടിങ് സെന്‍ററില്‍നിന്ന് തിങ്കളാഴ്ച മെഡല്‍വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ മുഴുവന്‍ നിരാശരാക്കി അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍നിന്ന് ടൈബ്രേക്കര്‍ ഷൂട്ടൗട്ടിലാണ് 33കാരനായ ബിന്ദ്രക്കും രാജ്യത്തിനും മെഡല്‍ വഴുതിയത്.
മത്സരത്തിന്‍െറ അവസാന ഘട്ടത്തില്‍ രണ്ടാം സ്ഥാനം വരെയത്തെിയ ബിന്ദ്രക്ക് ടൈബ്രേക്കറിന് തൊട്ടുമുമ്പുള്ള ഷോട്ടില്‍ പറ്റിയ പാളിച്ചയാണ് തിരിച്ചടിയായത്. തന്‍െറ അഞ്ചാമത്തെയും അവസാനത്തെയും ഒളിമ്പിക്സ് ഈ പഞ്ചാബ് സ്വദേശിക്ക് നിര്‍ഭാഗ്യത്തിന്‍േറതായി. ഇതേ ഇനത്തില്‍ കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നാരംഗ് യോഗ്യതാറൗണ്ടില്‍തന്നെ പുറത്തായിരുന്നു. യോഗ്യതാറൗണ്ടില്‍ 50 പേരില്‍ ഏഴാമനായാണ് അഭിനവ് ബ്രിന്ദ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്ത്യന്‍ സമയം രാത്രി എട്ടരക്കായിരുന്നു ഫൈനല്‍ തുടങ്ങിയത്. തറനിരപ്പില്‍നിന്ന് 1.40 മീറ്റര്‍ ഉയരത്തില്‍ 10 മീറ്റര്‍ ദൂരെ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് വെടിയുണ്ട പായിച്ചത് എട്ടുപേര്‍. ലക്ഷ്യത്തിന്‍െറ വ്യാസം 45.5 മില്ലി മീറ്റര്‍ മാത്രം. ഇതില്‍ ഏറ്റവും അകത്തുള്ള വൃത്തത്തിന്‍െറ വലുപ്പം അര മില്ലി മീറ്റര്‍. ഒരു പെന്‍ കുത്തിന് തുല്യം. ഇതില്‍ കൃത്യമായി ഉണ്ട എത്തിച്ചാല്‍ 10.9 പോയന്‍റ്.
മൂന്നു വെടികളുടെ ആദ്യ റൗണ്ടില്‍ ബിന്ദ്ര അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ അത് ഏഴാം സ്ഥാനത്തായി. സ്കോര്‍ 60.1. ആകെ 20 വെടികളുള്ളതില്‍ ഒമ്പതെണ്ണം കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനം. അടുത്ത രണ്ടു റൗണ്ടുകളിലായി തുടര്‍ച്ചയായി രണ്ടു തവണ 10.7 പോയന്‍റ് നേടി ബിന്ദ്ര രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതോടെ ഗാലറിയില്‍ ഇന്ത്യന്‍പതാക പാറി. ആരവങ്ങളുയര്‍ന്നു. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണാധികാരികളുമെല്ലാം ആഹ്ളാദത്തിലായി. എന്നാല്‍, 13ാമത് ഷോട്ടില്‍ ഇറ്റലിക്കാരന്‍ നിക്കോളോ കാപ്രിയാനി മികച്ച വെടിയിലുടെ നാലില്‍നിന്ന് രണ്ടിലേക്ക് കയറി. ബിന്ദ്രയുടേത് അടുത്ത ഷോട്ട് 9.7ലേക്ക് താഴുകയും ചെയ്തു. അതോടെ വീണ്ടും മൂന്നാമത്. ഓരോ റൗണ്ടിലും അവസാനം വരുന്നവര്‍ പുറത്തായിക്കൊണ്ടിരുന്നു. നാലാം സ്ഥാനക്കാരനെ പുറത്താക്കാനുള്ള റൗണ്ടില്‍ ബിന്ദ്രക്കും യുക്രെയ്നിന്‍െറ ഷെറി കുലിഷിനും 163.8 പോയന്‍റ്. അതോടെയാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. ആകാംക്ഷയുടെ നിമിഷങ്ങള്‍. ഇത് കടന്നാല്‍ ഇന്ത്യക്ക് റിയോയില്‍നിന്ന് ഒരു മെഡല്‍ ഉറപ്പാക്കാം. പക്ഷേ, ബിന്ദ്രയുടെ വെടിയുണ്ട 10 പോയന്‍റില്‍ തുളച്ചുകയറിയപ്പോള്‍ യുക്രെയ്ന്‍കാരന്‍ 10.5ല്‍ ഉണ്ട തറപ്പിച്ചു. നിരാശനായി സ്കോര്‍ബോര്‍ഡിലേക്ക് ഒന്നുകൂടി നോക്കി അഭിനവ് ബിന്ദ്ര ഒളിമ്പിക് വേദിയോട് വിടപറയുമ്പോള്‍ ദു$ഖഭാരത്തോടെ നിരവധി ഇന്ത്യക്കാര്‍ ഗാലറിയിലും പ്രസ് ബോക്സിലും തലകുനിച്ചിരിക്കുന്നുണ്ടായിരുന്നു.
ഇറ്റലിക്കാരന്‍ നിക്കോളോ കാപ്രിയാനി സ്വര്‍ണവും ബിന്ദ്രയെ പുറന്തള്ളിയ ഷെറി കുലിഷിന്‍ വെള്ളിയും റഷ്യയുടെ വ്ളാദിമിര്‍ മസ്ലെന്നിക്കോവ് വെങ്കലവും അണിഞ്ഞു. നേരത്തേ 60 ഷോട്ടുകളടങ്ങുന്ന യോഗ്യതാറൗണ്ടില്‍ പരമാവധി നേടാവുന്ന 654 പോയന്‍റില്‍ 625.7 നേടിയാണ് ബിന്ദ്ര ഫൈനലിലത്തെിയത്. രാജ്യത്തിന്‍െറ മറ്റൊരു മെഡല്‍പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗ് 621.7 പോയന്‍റുമായി 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2008ല്‍ ബെയ്ജിങ്ങില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയ ബിന്ദ്ര ഒളിമ്പിക് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണമണിഞ്ഞ ഏക ഇന്ത്യക്കാരനാണ്. 33ാം വയസ്സില്‍ അഞ്ചാമത് ഗെയിംസിനത്തെിയ ഈ പഞ്ചാബിയായിരുന്നു മാറക്കാന സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിച്ചത്.
#Rio2016 @Abhinav_Bindra is in 2nd position in 10m Air Rifle #shootingsport
— Doordarshan Sports (@ddsportschannel) August 8, 2016
Match still going...
Don't miss it... pic.twitter.com/XMei6HBKut
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.