മനോജ് കുമാര്‍ പ്രീക്വാര്‍ട്ടറില്‍, ശിവ ഥാപ്പ പുറത്ത്
text_fieldsറിയോ: വികാസ് കൃഷനു പിന്നാലെ ബോക്സിങ് റിങ്ങില്‍ ഇന്ത്യക്ക് അപ്രതീക്ഷിത വിജയവുമായി മനോജ് കുമാറിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ്. രണ്ടുതവണ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ലിത്വേനിയയുടെ ഇവല്‍ഡസ് പെട്രോസ്കാസിനെയാണ് 64 കിലോ വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗത്തില്‍ മനോജ് ഇടിച്ചിട്ട് പ്രീക്വാര്‍ട്ടറില്‍ കടന്നത്. പുറത്താകലുകളുടെ ഘോഷയാത്രക്കിടയില്‍ കഴിഞ്ഞദിവസം ആശ്വാസമായത് വികാസ് കൃഷന്‍ അമേരിക്കയുടെ ആല്‍ബര്‍ട്ട് ഷോണ്‍ കോണ്‍വെല്ലിനെ ഇടിച്ചിട്ടതായിരുന്നു. തൊട്ടുപിന്നാലെയാണ് മനോജ് കുമാറിന്‍െറ വിജയം ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായത്. ആദ്യ റൗണ്ടില്‍ ഒപ്പംനിന്ന ഇവല്‍ഡസിനെക്കാള്‍ നേരിയ മുന്‍തൂക്കമായിരുന്നു മനോജിന്. എങ്കിലും 2 -1ന് മനോജ് തന്നെ വിജയം വരിച്ചു. രണ്ടാം റൗണ്ടില്‍ ഇവല്‍ഡസിനെ നിഷ്പ്രഭമാക്കി മനോജ് മൂന്നു പോയന്‍റും തൂത്തുവാരി. മൂന്നാം റൗണ്ടില്‍ തിരിച്ചുവരാനുള്ള ഇവല്‍ഡസിന്‍െറ ശ്രമങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച മനോജ് നിര്‍ണായകമായ സെറ്റിലെ രണ്ടു പോയന്‍റും ഗെയിമും സ്വന്തമാക്കി.
ഇവാല്‍ഡസിനെക്കാള്‍ തനിക്കുള്ള ഉയരവും കൈകളുടെ നീളവും മുതലാക്കിയായിരുന്നു 29കാരനായ ഈ ഹരിയാനക്കാരന്‍െറ പ്രകടനം. ഇന്ത്യന്‍ ക്യാമ്പ് പ്രത്യേക പ്രതീക്ഷകളൊന്നും പുലര്‍ത്താതിരുന്ന മനോജിന്‍െറ അപ്രതീക്ഷിത വിജയം ആഹ്ളാദത്തെക്കാള്‍ അമ്പരപ്പാണ് സൃഷ്ടിച്ചത്. അത്ലറ്റായി തുടങ്ങിയ മനോജ് ജ്യേഷ്ഠന്‍ രാജേഷ് കുമാര്‍ രജൗരിയെ പിന്തുടര്‍ന്ന് ബോക്സിങ്ങിലേക്ക് തിരിയുകയായിരുന്നു. 2008ല്‍ നിലവിലെ ചാമ്പ്യനായ സേംബഹാദൂറിനെ ഇടിച്ചിട്ടുകൊണ്ടായിരുന്നു മനോജ് ദേശീയ ചാമ്പ്യനായത്. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുകയുമുണ്ടായി. ഈ വര്‍ഷം നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലും സ്വര്‍ണമണിഞ്ഞിരുന്നു. അതേസമയം, ബോക്സിങ്ങില്‍ ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ക്യൂബയുടെ റൊബെയ്സി റമിറെസ് കറാസാനയാണ് ഥാപ്പയെ നിലംപരിശാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.