ജിംനാസ്റ്റിക്സിൽ സ്വർണമില്ലാതെ ചൈനയുടെ മടക്കം
text_fieldsറിയോ ഡി ജനീറോ: ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ സ്വർണം ലഭിക്കാതെ ചൈനയുടെ മടക്കം. 30 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനക്ക് ജിംനാസ്റ്റിക്സിൽ 'സ്വർണദാരിദ്ര്യം' വന്നത്. 1984നു ശേഷം ചൈനീസ് താരങ്ങൾ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ഒളിമ്പിക്സാണ് റിയോയിലേത്. ജിംനാസ്റ്റിക്സ് വിഭാഗത്തിലെ വൻപുലികളായിരുന്ന ചൈനയുടെ പുരുഷ, വനിതാ ടീമുകളുടെ പോരാട്ടം ഇത്തവണ ഒരു വെങ്കലത്തിലൊതുങ്ങി. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ചൈനയുടെ പുരുഷ, വനിതാ ടീമുകളായിരുന്നു സ്വർണം കൊയ്തിരുന്നത്.
പുരുഷ വിഭാഗത്തിൽ ലഭിച്ച ഒരു വെങ്കല മെഡൽ മാത്രാണ് ജിംനാസ്റ്റിക്സിൽ ചൈനക്ക് കൊണ്ടു പോകാനുള്ളത്. എട്ടു വർഷം മുമ്പ് ബിജിംഗിൽ ജിംനാസ്റ്റിക്സ് പുരുഷ വിഭാഗത്തിലെ ആകെയുള്ള എട്ട്സ്വർണത്തിൽ ഏഴും ചൈനക്കായിരുന്നു. ലണ്ടൻ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ നാലു സ്വർണം ചൈന നേടിയിരുന്നു. മത്സരിക്കുന്നതിന് മുമ്പുള്ള സമ്മർദ്ദം ഉയർന്നതാണെന്ന് ജിംനാസ്റ്റിക്സ് ഫൈനലിൽ നാലാം സ്ഥാനത്തെത്തി മെഡൽ നേടാതെ പുറത്തായ ചാനീസ് താരം ഡെങ് ഷുഡി വ്യക്തമാക്കി. രണ്ടു മുതൽ മൂന്നു മണി വരെ ഉറങ്ങാൻ കഴിയാറില്ലെന്നും പിന്നീട് ഉറക്കത്തിലേക്ക് വഴുതി വീഴാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ സംഭവിച്ചത് എന്താണെന്നറിയില്ല. എന്റെ തലച്ചോറ് ശൂന്യമാണ്- താരം വ്യക്തമാക്കി.
രാജ്യത്തിൻെറ പ്രതീക്ഷയായിരുന്ന 16കാരി വാങ് യാൻ ചൊവ്വാഴ്ച വനിതകളുടെ ഫ്ലോര് ഫൈനലിൽ അഞ്ചാമതാണെത്തിയത്. വനിതകളുടെ മത്സരത്തിൽ ചൈനീസ് ആധിപത്യത്തെ തകർത്തത് അമേരിക്കയാണ്. നാല് സ്വർണങ്ങൾ വാരിക്കൂട്ടിയ അമേരിക്കയുടെ സൈമൺബൈൽസ് ആണ് ചൈനീസ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയത്.
1956 മുതൽ 1984 വരെയുള്ള കാലയളവിൽ ചൈന ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് 1984 ൽ ഒളിമ്പിക്സിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ചൈനയുടെ കായിക വ്യവസ്ഥിതി ബൃഹത്തായ വിജയം ആയിരുന്നു. 2008 ൽ ആതിഥേയ രാജ്യമെന്ന മിടുക്കിൽ ചൈന ഒളിമ്പിക്സ് ജേതാക്കളായി. നാലു വർഷത്തിനു ശേഷം ലണ്ടനിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ചൈന പിന്തള്ളപ്പെട്ടു. റിയോയിലെ പോയിൻറ് ടേബിളിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ചൈനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രിട്ടൻ രണ്ടാമതെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.