ദേശീയ സീനിയര്‍ വോളി: കേരളത്തിന് ഇന്ന് സെമി
text_fieldsബംഗളൂരു: ദേശീയ സീനിയര്‍ വോളിബാള്‍ ടൂര്‍ണമെന്‍റില്‍ കേരള പുരുഷ, വനിതാ ടീമുകള്‍ സെമിഫൈനലില്‍. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരള വനിതാ ടീം ആന്ധ്രപ്രദേശിനെയും പുരുഷ ടീം ഉത്തരാഖണ്ഡിനെയും തോല്‍പിച്ച് സെമിയിലേക്ക് യോഗ്യത നേടി. ശനിയാഴ്ച സെമിയില്‍ പുരുഷന്മാര്‍ പഞ്ചാബിനെയും വനിതകള്‍ മഹാരാഷ്ട്രയെയും നേരിടും.
ആന്ധ്രപ്രദേശിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത കേരള വനിതാ ടീം ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനമാണ് വെള്ളിയാഴ്ച പുറത്തെടുത്തത്. സ്കോര്‍: 25-13, 25-13, 25-10. ഒരുസെറ്റിലും എതിരാളികള്‍ക്ക് മുന്‍തൂക്കം നേടാനനുവദിക്കാതെയായിരുന്നു സെമിയിലേക്കുള്ള ജൈത്രയാത്ര. ടിജി രാജു, രേഖ, അഞ്ജലി, ശ്രുതി എന്നിവര്‍ മികച്ച ഫോം ക്വാര്‍ട്ടറിലും നിലനിര്‍ത്തി.
അഞ്ചാം സെറ്റിലേക്ക് നീണ്ട പോരാട്ടത്തില്‍ ശക്തരായ ഉത്തരാഖണ്ഡിനെ അവസാന പോയന്‍റുകളില്‍ പിടിച്ചുകെട്ടിയാണ് പുരുഷന്മാര്‍ കേരളത്തിന്‍െറ പാരമ്പര്യം കാത്തത്. ആദ്യ രണ്ടുസെറ്റില്‍ ഉത്തരാഖണ്ഡിനെ ഞെട്ടിച്ച് കളി അനുകൂലമാക്കിയെങ്കിലും (25-21, 25-22) മൂന്നാം സെറ്റ് കൈവിട്ടത് (23-25) കേരള ക്യാമ്പില്‍ അസ്വസ്ഥത നിറച്ചു. ആശയക്കുഴപ്പവും അലസതയും നാലാം സെറ്റില്‍ വീണ്ടും കേരളത്തെ പിറകിലാക്കി (14-25).
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഉണര്‍ന്നുകളിച്ച പുരുഷപ്പട ഉത്തരാഖണ്ഡിനുമേല്‍ വ്യക്തമായ മേധാവിത്വം നിലനിര്‍ത്തി (15-12) ജയത്തിലേക്കും സെമിയിലേക്കും കുതിച്ചു. ബുധനാഴ്ച പഞ്ചാബുമായുള്ള മത്സരത്തില്‍ കാലിന് പരുക്കേറ്റ അഖിന് പകരം റിജാസ് കേരളത്തിനായി കളത്തിലിറങ്ങി. ഹഫീല്‍, ജെറോം വിനീത്, മനു, രതീഷ് എന്നിവര്‍ മികച്ച കളി കെട്ടഴിച്ചു. ശനിയാഴ്ച അഖിന്‍ കളിക്കുമെന്ന് കോച്ച് അബ്ദുല്‍ നാസര്‍ പറഞ്ഞു. ഗ്രൂപ് മത്സരത്തില്‍ പഞ്ചാബിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ശനിയാഴ്ച സെമിയില്‍ കളിക്കാനിറങ്ങുന്നത്.
പുരുഷ വിഭാഗത്തില്‍ സര്‍വിസസിനെ തകര്‍ത്താണ് പഞ്ചാബ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഉത്തര്‍പ്രദേശിനെ തോല്‍പിച്ച് തമിഴ്നാടും അവസാന നാലിലത്തെി. സെമിയില്‍ റെയില്‍വേയാണ് തമിഴ്നാടിന്‍െറ എതിരാളി. വനിതാ വിഭാഗത്തില്‍ കര്‍ണാടകയെ തോല്‍പിച്ച റെയില്‍വേസ് സെമിയില്‍ പശ്ചിമബംഗാളിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.