ചരിത്രത്തിലേക്കുള്ള ദൂരം അകലെയല്ല
text_fieldsബംഗളൂരു: ഹോക്കിയും ഗുസ്തിയും ടെന്നിസും ഷൂട്ടിങ്ങുമെല്ലാം റിയോയില്‍ സുവര്‍ണ പ്രതീക്ഷകളില്‍ നിറയുമ്പോള്‍ നിനച്ചിരിക്കാതെ മെഡലിലേക്ക് കുതിക്കാനൊരുങ്ങുന്ന ഒരു സംഘമുണ്ട്. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ 4x400 മീറ്റര്‍ റിലേയില്‍ സീസണില്‍ ലോകത്തെ മികച്ച മൂന്നാമത്തെ സമയംകുറിച്ച് ദേശീയ റെക്കോഡിട്ട പുരുഷ റിലേ ടീം. അതും മലയാളികളുടെ കരുത്തില്‍. കണ്ണൂരുകാരനായ പരിശീലകന്‍ മുഹമ്മദ് കുഞ്ഞിയുടെ ശിക്ഷണത്തില്‍ കൊല്ലത്തുകാരന്‍ മുഹമ്മദ് അനസ്, പാലക്കാട്ടുകാരന്‍ കുഞ്ഞിമുഹമ്മദ്, തമിഴ്നാട്ടുകാരായ ആരോക്യ രാജീവ്, ധരുണ്‍ അയ്യാസ്വാമി എന്നിവര്‍ക്കൊപ്പം ട്രാക്കിലിറങ്ങുമ്പോള്‍ ഇത്തിരി പ്രതീക്ഷ വെക്കുന്നതില്‍ തെറ്റുണ്ടാവില്ല. ടീമിന്‍െറ പ്രതീക്ഷകള്‍ കോച്ച് മുഹമ്മദ് കുഞ്ഞി ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
റിലേ ടീമിലെ പ്രതീക്ഷ
റിലേയില്‍ ചരിത്രത്തിലേക്ക് ഒരു കുതിപ്പ് അപ്രാപ്യമല്ല. ഒരു മെഡല്‍ ഈ സംഘത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ കാര്യമായ എതിരാളികളില്ലാഞ്ഞിട്ടും 4x400 മീറ്റര്‍ ദേശീയ റെക്കോഡോടെ 3:00:91 മിനിറ്റില്‍ ഓടിത്തീര്‍ത്തവരാണിവര്‍. ഒളിമ്പിക്സില്‍ മികച്ച എതിരാളികളുണ്ടാവുമ്പോള്‍ ഇതിലും മികച്ചൊരു ഫിനിഷിങ് പ്രതീക്ഷിക്കാം. ഫ്രാന്‍സിലും പോളണ്ടിലും തുര്‍ക്കിയിലും ലഭിച്ച മത്സരപരിചയം തുണയാകും. തുര്‍ക്കിയില്‍ ദേശീയ റെക്കോഡ് മറികടന്നതോടെയാണ് ആത്മവിശ്വാസം ഉണ്ടായത്. 1998ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് മറികടന്ന് ഒരു മാസത്തിനകം ബംഗളൂരുവില്‍ സമയം മെച്ചപ്പെടുത്താനായി. റിലേക്ക് മൂന്നാഴ്ച സമയമുണ്ടെങ്കിലും ടീം ബുധനാഴ്ച പുറപ്പെടും. റിയോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണിത്. ടീമംഗമായ കുഞ്ഞുമുഹമ്മദ് ഒളിമ്പിക്സ് വേദിയില്‍ 2011ലെ മിലിട്ടറി ഗെയിംസില്‍ 4x400 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയിരുന്നു. ഉറുഗ്വായിലേക്ക് പരിശീലനത്തിന് പുറപ്പെടാനിരുന്നെങ്കിലും കടുത്ത തണുപ്പുകാരണം വേണ്ടെന്ന് വെക്കുകയായിരുന്നു. 20 ദിവസമായി ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ക്യാമ്പില്‍ പരിശീലനത്തിലാണ് സംഘം.
മലയാള പ്രതീക്ഷകള്‍
വനിതാ റിലേ ടീമും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. പി.ടി. ഉഷയുടെ ശിക്ഷണത്തില്‍ മലയാളികളായ ടിന്‍റു ലൂക്കയും ഒപ്പം അനില്‍ഡ തോമസ് എന്നിവര്‍ക്കൊപ്പം മംഗളൂരുകാരി എം.ആര്‍. പൂവമ്മയും നിര്‍മല ഷിയറോനും ചേരുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ട്. 800 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട്ടുകാരനായ ജിന്‍സണ്‍ ജോണ്‍സനും ശ്രദ്ധേയതാരമാണ്. 40 വര്‍ഷം പഴക്കമുള്ള ശ്രീറാം സിങ്ങിന്‍െറ ദേശീയ റെക്കോഡ് (ഒരു മിനിറ്റ് 45.77 സെക്കന്‍ഡ്) ജിന്‍സണ്‍ റിയോയില്‍ മറികടക്കുമെന്നാണ് പ്രതീക്ഷ. ബംഗളൂരുവില്‍ നടന്ന ഗ്രാന്‍ഡ്പ്രീയില്‍ ഒരു മിനിറ്റ് 45.98 സെക്കന്‍ഡിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. ട്രിപ്പ്ള്‍ ജംപില്‍ ദേശീയ റെക്കോഡിനുടമയായ രഞ്ജിത്ത് മഹേശ്വരിയും മികച്ചപ്രകടനം കാഴ്ചവെച്ചേക്കും. റിലേ ടീം അംഗമായ മുഹമ്മദ് അനസ് 400 മീറ്റര്‍ ഓട്ടത്തിലും മത്സരത്തിനിറങ്ങും.
കേന്ദ്രം തുണച്ചു, കേരളം അവഗണിച്ചു
അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയില്‍നിന്ന് മികച്ച പിന്തുണയാണ് ഇത്തവണ കായികതാരങ്ങള്‍ക്ക് ലഭിച്ചത്. ഇതിന്‍െറ ഫലമാണ് ഒളിമ്പിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ പുറപ്പെടുന്നത്. കഴിഞ്ഞതവണ ലണ്ടനില്‍ 84 പേരുണ്ടായിരുന്നത് ഇത്തവണ 120 ആയി. എന്നാല്‍, നിരാശയുണ്ടാക്കിയത് കേരള സര്‍ക്കാറില്‍നിന്നുള്ള സമീപനമാണ്. ഏറെ മലയാളികള്‍ ഒളിമ്പിക്സ് സംഘത്തിലുണ്ടായിട്ടും ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ളെന്നുമാത്രമല്ല, ഫോണില്‍ ബന്ധപ്പെടാന്‍പോലും ആരും മനസ്സുകാണിച്ചില്ല. ഹരിയാനയിലെയും കര്‍ണാടകയിലെയുമെല്ലാം സര്‍ക്കാറുകള്‍ മികച്ചപ്രകടനം നടത്തുന്ന കായികതാരങ്ങള്‍ക്ക് വാഗ്ദാനങ്ങളും പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ കേരളത്തില്‍നിന്ന് അതുണ്ടായില്ല. താരങ്ങള്‍ ഇത്തരമൊരു പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.