കൊച്ചി: കേരള വോളിബാൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തതായി വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ(വി.എഫ്.ഐ). പകരം, ഭരണച്ചുമതല നൽകി വി.എഫ്.ഐ പ്രസിഡൻറ് ചൗധരി അവധേശ് കുമാർ കത്ത് നൽകിയതായി താൽക്കാലിക ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ആറുമുതൽ ഫെഡറേഷൻ ഇവരുടെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് കത്തിൽ പിന്തുണ പുതിയ കമ്മിറ്റിക്കുണ്ട്. ഭൂരിഭാഗം അസോസിയേഷൻ, ക്ലബ് അംഗങ്ങളുടെയും പിന്തുണയുണ്ട്. അടുത്തമാസം നടക്കുന്ന അസോസിയേഷൻ തെരരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇവർ അറിയിച്ചു.
വോളിബാളിനെ സ്നേഹിക്കുന്നവർക്കെല്ലാം പുതിയ സംഘടന നിലവിൽവരണമെന്നാണ് ആഗ്രഹമെന്ന് എസ്.എ. മധുവും ആർ. രാജീവും പറഞ്ഞു. എറണാകുളത്ത് വോളിബാൾ താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച് പിന്തുണ തെളിയിക്കും. ആറുമാസത്തിനുള്ളിൽ കേരള വോളിബാൾ ലീഗ് നടത്തുകയാണ് പ്രഥമലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ നിശ്ചിയിച്ചിരിക്കുന്ന എല്ലാ വോളിബാൾ മത്സരങ്ങളും നടത്താൻ സഹകരിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ താരങ്ങൾക്ക് പരിശീലനം ലഭ്യമാക്കാനുള്ള സംവിധാനം താൽക്കാലിക ഭരണസംവിധാനത്തിനു കീഴിൽ ആരംഭിക്കുമെന്ന് എൻ.സി. ചാക്കോ, രാജ് വിനോദ്, ടോം ജോസഫ് എന്നിവർ പറഞ്ഞു.