കൗമാരകേരളം ഇന്നുണരും
text_fieldsകോഴിക്കോട്: സമയ സൂചികകളെ വേഗം കൊണ്ടും ഉയരദൂരങ്ങൾ ചാടിക്കടന്നും കീഴടക്കാൻ കൗമാരകേരളം ഉണരുകയായി. 59ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് ശനിയാഴ്ച അരങ്ങുണരുന്ന മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്കിലും ഫീൽഡിലും ഇനി നാലുനാൾ ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾ.
കിരീടം കാക്കാൻ എറണാകുളവും തിരിച്ചുപിടിക്കാൻ പാലക്കാടും അരയുംതലയും മുറുക്കുമ്പോൾ ഇവർക്കൊപ്പംനിന്ന് മല്ലിടാനാണ് ആതിഥേയരുടെ ശ്രമം.
സ്കൂൾ വിഭാഗത്തിൽ എറണാകുളത്തിെൻറ കരുത്തായ സെൻറ് ജോർജും മാർബേസിലും പരസ്പരം പോരടിക്കുന്നു. പാലക്കാട്ടുനിന്ന് പറളിയും കല്ലടിക്കോടും തമ്മിലാണ് മത്സരം.
ആതിഥേയരുടെ പ്രതീക്ഷയായി ഒരു കൈനോക്കാൻ പുല്ലൂരാംപാറയും കൂടെയുണ്ട്. രണ്ടു പതിറ്റാണ്ടിെൻറ ഇടവേളക്കുശേഷമാണ് കോഴിക്കോട് ആതിഥേയത്വമരുളുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 95 ഇനങ്ങളിൽ 2500ലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്. ആദ്യദിനം 18 ഇനങ്ങളിൽ ഫൈനൽ നടക്കും. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന മീറ്റിൽ 289 പോയൻറുമായി കിരീടംചൂടിയ എറണാകുളത്തിനുപിന്നിൽ പാലക്കാട് 190 പോയൻറ് മാത്രമാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 156 പോയൻറ് ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്കൂൾ വിഭാഗത്തിൽ ഫോട്ടോഫിനിഷിൽ മാർബേസിലിനെ (82) ഒറ്റ പോയൻറിന് പിന്തള്ളി സെൻറ് ജോർജ് (83) കിരീടം ചൂടി.
75 പോയൻറുമായി പറളി മൂന്നാം സ്ഥാനക്കാരായി. ഇത്തവണ എറണാകുളത്തിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് പാലക്കാടും കോഴിക്കോടും ഒരുപോലെ വെല്ലുവിളിക്കുന്നു. സെൻറ് ജോർജിനും മാർബേസിലിനുമൊപ്പം മാതിരപ്പള്ളിയും മേഴ്സിക്കുട്ടൻ അക്കാദമിയുമാണ് എറണാകുളത്തിെൻറ കരുത്ത്. പറളിയുടെ കരുത്തിനൊപ്പം കല്ലടിക്കോടും മുണ്ടൂരും പാലക്കാടിെൻറ കിരീടമോഹങ്ങൾക്ക് ചിറക് നൽകുന്നു. പുല്ലൂരാംപാറക്കും ഉഷ സ്കൂളിനുമൊപ്പം ഇത്തവണ കുളത്തുവയൽ സെൻറ് ജോർജ് സ്കൂൾ കോഴിക്കോടിെൻറ സാധ്യതകൾക്കൊപ്പമുണ്ട്.
തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട് വെള്ളിയാഴ്ച കോഴിക്കോട്ട് ഒളിമ്പ്യൻ പി.ടി. ഉഷ ഏറ്റുവാങ്ങിയ ദീപശിഖ ശനിയാഴ്ച സ്റ്റേഡിയത്തിൽ തെളിയും. രാവിലെ ഒമ്പതിന് അഡീഷനൽ ഡി.പി.ഐ വിശ്വലത പതാക ഉയർത്തും. 3.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിെൻറ അധ്യക്ഷതയിൽ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.