ദേശീയ സ്കൂള്‍ കായികമേള: കേരളം അനുമതി തേടി –മന്ത്രി
text_fieldsകോഴിക്കോട്: കേന്ദ്രത്തിന്‍െറ അനുവാദം ലഭിക്കുകയാണെങ്കില്‍ ദേശീയ സ്കൂള്‍ കായികേള കേരളത്തില്‍ നടത്താന്‍ തയാറാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. അനുമതി ലഭിക്കുകയാണെങ്കില്‍ മേള നടത്താനുള്ള തീരുമാനം അടുത്ത കാബിനറ്റില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ 59ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സ്കൂള്‍ കായികമേള മഹാരാഷ്ട്രയില്‍ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അവര്‍ പിന്മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളം മീറ്റ് നടത്താന്‍ തയാറാണ്. അനുവാദം ലഭിച്ചാല്‍ അടുത്ത കാബിനറ്റില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജേതാക്കളാകുന്ന ജില്ലക്ക് നല്‍കുന്ന 101 പവന്‍െറ സ്വര്‍ണ കപ്പിന്‍െറ പണി പുരോഗമിക്കുകയാണ്. മേള കഴിഞ്ഞ് അത് നല്‍കും. സംസ്ഥാന മീറ്റിലും ദേശീയ മീറ്റിലും പങ്കെടുത്ത് വിജയിക്കുന്ന താരങ്ങള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. റെക്കോഡ് നേടുന്നവര്‍ക്ക് നല്‍കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ദേശീയ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനത്തുക നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
സ്പോര്‍ട്സ് മേഖലയുടെ വളര്‍ച്ചക്കായി സ്പോര്‍ട്സ് ഫണ്ട് രൂപവത്കരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസില്‍ വിജയിച്ചവര്‍ക്ക് ജോലി നല്‍കുമെന്നും ഇതുവരെ 13 കോടി രൂപയോളം ദേശീയ ഗെയിംസിലെ താരങ്ങള്‍ക്കുള്ള സമ്മാനത്തുകയായി നല്‍കിയതായും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, സി. മോയിന്‍കുട്ടി, പി.ടി.എ. റഹീം, എളമരം കരീം, പുരുഷന്‍ കടലുണ്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ്, ഷെറീനാ വിജയന്‍, പി.വി. നാരായണന്‍, ഡോ. ഗിരീഷ് ചോലയില്‍, കെ.പി. നൗഫല്‍ സംസാരിച്ചു. താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്നും സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷയില്‍നിന്നും താരങ്ങളായ അപര്‍ണ റോയും ലിസ്ബത്ത് കരോലിനും ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി ഗ്രൗണ്ടിലൂടെ വലംവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.