ഇടിക്കൂട്ടില്‍ നിന്ന് സ്വര്‍ണത്തിലേക്കൊരു ഷോട്ട്പുട്ട്
text_fieldsകോഴിക്കോട്: സ്കൂള്‍ ഗെയിംസില്‍ ബോക്സിങ്ങും വേണമെന്നാണ് ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടിലെ സ്വര്‍ണ മെഡല്‍ ജേതാവ് തിരുവനന്തപുരം സായ് താരമായ മേഘ മറിയം മാത്യുവിന്‍െറ ആവശ്യം. അങ്ങനെയെങ്കില്‍ അത്ലറ്റിക് മീറ്റിലും ഗെയിംസിലും മെഡല്‍ നേടാമെന്ന ആഗ്രഹവും. ത്രോ ഇനങ്ങള്‍പോലെ ഇഷ്ടമാണ് ബോക്സിങ്ങും. അതാവട്ടെ ദേശീയ താരമെന്ന ഖ്യാതിയും തന്നിരിക്കുന്നു. ഇക്കഴിഞ്ഞ നാഷനല്‍ ഇന്‍റര്‍ സായ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി മേഘ ബോക്സിങ്ങിനോട് പ്രിയം മാത്രമല്ളെന്ന് തെളിയിച്ചു.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനം 10.87 മീറ്റര്‍ എന്ന മികച്ച വ്യക്തിഗത പ്രകടനത്തിലൂടെയാണ് തിരുവനന്തപുരം തുണ്ടത്തില്‍ എം.വി എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസുകാരി ഷോട്ട്പുട്ടില്‍ സ്വര്‍ണം നിലനിര്‍ത്തിയത്. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ വെങ്കലവും നേടി. ഡിസ്കസ് ത്രോയിലും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം സായി കേന്ദ്രത്തിലെ താരമായ മേഘയെ ഡി. സത്യാനന്ദനാണ് ഷോട്ട്പുട്ടും ഡിസ്കസും പരിശീലിപ്പിക്കുന്നത്. ബോക്സിങ് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് ഡി. ചന്ദ്രലാലും.
കൊല്ലം പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ മേഘ 2013ല്‍ സായിയുടെ എല്‍.എന്‍.സി.പി.ഇയിലെ പരിശീലനകേന്ദ്രത്തില്‍ വന്നതോടെയാണ് ബോക്സിങ് കമ്പം സജീവമായത്. വീട്ടുകാരുടെ പൂര്‍ണപിന്തുണയും ലഭിച്ചപ്പോള്‍ സരിതാദേവി അടക്കമുള്ളവരെ ഇടി പഠിപ്പിച്ച ചന്ദ്രലാല്‍ എന്ന ദേശീയ പരിശീലകന്‍െറ ശിക്ഷണം വഴിത്തിരിവായി. ജോണ്‍ മാത്യുവും ജോളിയുമാണ് മാതാപിതാക്കള്‍. മിഥുന്‍ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.