റെക്കോഡ് പിറന്നു; വീട് എന്ന സ്വപ്നം ബാക്കി
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലൂടെ ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനത്തിലേക്ക് ഓടിക്കയറിയപ്പോള്‍ അനുമോള്‍ തമ്പിയുടെ മുന്നിലുണ്ടായിരുന്നത് തന്‍െറ ഭാവിയും സ്വന്തംവീടെന്ന സ്വപ്നവുമായിരുന്നു. വീട് വെച്ചുനല്‍കാമെന്ന് വാഗ്ദാനംനല്‍കിയവര്‍ പിന്നാക്കംപോയിട്ടും തന്‍െറ പ്രയത്നത്തിലൂടെ കായികമികവില്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ഈ പത്താംതരം വിദ്യാര്‍ഥിനി. ചെറുപ്രായത്തില്‍തന്നെ അന്തര്‍ദേശീയതാരമായി വളര്‍ന്നിട്ടും ഈ ഭാവിവാഗ്ദാനം ഇപ്പോഴും കഴിഞ്ഞുകൂടുന്നത് വാടകവീട്ടിലാണെന്നോര്‍ത്ത് കായികകേരളത്തിന് തലകുനിക്കാം. സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീ. ഓട്ടമത്സരത്തില്‍ ദേശീയ സ്കൂള്‍ മീറ്റിലെ നിലവിലെ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ സംസ്ഥാന റെക്കോഡ് നേടിയ കോതമംഗലം മാര്‍ബേസിലിന്‍െറ അനുമോള്‍ തമ്പിയുടെ ജീവിതദുരിതമാണ് മേല്‍വിവരിച്ചത്.
ഇടുക്കി കമ്പിളികണ്ടം പാറക്കോട് കളത്തില്‍ഹൗസില്‍ മാതാവിനും സഹോദരനുമൊപ്പം വാടകക്ക് കഴിഞ്ഞുവരുന്ന അനുമോള്‍ തമ്പി കായികകേരളത്തിന്‍െറ ഭാവി വാഗ്ദാനമാണെന്നതില്‍ തെല്ലുംസംശയിക്കേണ്ട. 3000 മീ. ഓട്ടമത്സരത്തില്‍ സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ കൊച്ചുമിടുക്കി റെക്കോഡിലേക്ക് ഓടിക്കയറിയത്. സംസ്ഥാനത്ത് 2013ല്‍ കെ.ആര്‍. ആതിര സ്ഥാപിച്ച 9.54.10 മിനിറ്റിന്‍െറയും 2008 ല്‍ ഋതു ദിനകര്‍ സ്ഥാപിച്ച 10.00.03 മിനിറ്റിന്‍െറ ദേശീയ മീറ്റ് റെക്കോഡിനെയും 9.41 മിനിറ്റിന്‍െറ പുതിയസമയം കൊണ്ട് ബഹുദൂരം പിന്നിലാക്കിയാണ് അനുമോള്‍ റെക്കോഡിലേക്ക് ഓടിക്കയറിയത്.
എന്നാല്‍ ജീവിതമെന്ന മത്സരത്തില്‍ ഇനിയും ദീര്‍ഘദൂരം ഓടേണ്ടതുണ്ടെന്ന് അനു തിരിച്ചറിയുന്നു. ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം നേടിയ അനുമോള്‍ എറണാകുളം റവന്യൂ ജില്ല കായികമേളയില്‍ 3000, 1500, 800 മീ.എന്നിവയില്‍ ഒന്നാമതത്തെി ട്രിപ്പ്ള്‍ നേട്ടവുമായാണ് കോഴിക്കോടേക്ക് വണ്ടികയറിയത്. ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അനുമോള്‍ക്ക് സഹായവാഗ്ദാനവുമായി പല സംഘടനുകളുമത്തെി. വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം ഒരുസംഘടന നല്‍കി. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും അത് യാഥാര്‍ഥ്യമായില്ളെന്ന് മാത്രം. കുട്ടിക്കാലത്തെ പിതാവ് ഉപേക്ഷിച്ചുപോയ ഈ കുടുംബം മാതാവ് ഷൈനി ഇടുക്കിയിലെ ഒരു സ്വകാര്യ സ്കൂളില്‍ കഞ്ഞിവെച്ചുകിട്ടുന്ന തുച്ഛമായ തുകയിലായിരുന്നു കഴിഞ്ഞുവന്നത്. പ്ളസ് ടു വരെ പഠിച്ച സഹോദരന്‍ ബേസില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് ചേര്‍ന്നെങ്കിലും സാമ്പത്തികം വില്ലനായപ്പോള്‍ പഠനം ഉപേക്ഷിച്ചു. നേട്ടങ്ങള്‍ ഓരോന്ന് കൈവരിക്കുമ്പോഴും മാതാവും സഹോദരനും തനിക്കുവേണ്ടി കഷ്ടപ്പെടുന്നതിലുള്ള വിഷമത്തിലാണ് അനുമോള്‍. മികച്ചപ്രകടനം കാഴ്ചവെക്കണം. ജീവിതത്തില്‍ കരകയറണം, ഒപ്പം സ്വന്തം കുടുംബത്തേയും കരകയറ്റണം -അനുമോള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.