ട്രാക്കില്‍....
text_fieldsകോഴിക്കോട്: ട്രാക്കിനെ തൊട്ടറിഞ്ഞ പി.ടി. ഉഷ ആദ്യമേ പറഞ്ഞിരുന്നു, മനോഹരമായ ഈ പോരിടത്തില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ കാണാമെന്ന്. ആ വാക്കുകള്‍ ആദ്യ ദിനം തന്നെ പൊന്നായി മാറി. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ചയുടെ പുലരി പിറന്നത് തന്നെ റെക്കോഡോടെയായിരുന്നു. 21 വര്‍ഷം മുമ്പ് കോഴിക്കോട് സംസ്ഥാന കായികമേളക്ക് അവസാനമായി ആതിഥേയത്വം വഹിച്ച ഇതേ വേദിയില്‍ കാല്‍വരി മൗണ്ടിലെ ടി.എന്‍. ഷാജി സ്ഥാപിച്ച റെക്കോഡ് തിരുത്തിയെഴുതിയ കോതമംഗലം മാര്‍ ബേസിലിന്‍െറ ബിബിന്‍ ജോര്‍ജ് ആദ്യമേ പൊന്‍താരകമായി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ബിബിന്‍െറ ചരിത്രം തിരുത്തിയ മികവ്. പിന്നാലെ മാര്‍ ബേസിലിന്‍െറതന്നെ അനു മോള്‍ തമ്പി സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡിനെ വെല്ലുന്ന മികവുമായി പൊന്നണിഞ്ഞപ്പോള്‍ ഈ ട്രാക്കില്‍ ഇനി സംഭവിക്കാനിരിക്കുന്നതിന്‍െറ സൂചനകള്‍ പ്രകടമായിരുന്നു. രാജ്യാന്തര തലത്തില്‍ ഇതിനകം മേല്‍വിലാസമുണ്ടാക്കിയ പൂവമ്പായി എം.എച്ച്.എസിനെ പ്രതിനിധാനംചെയ്തത്തെിയ ഉഷാ സ്കൂളിലെ ജിസ്ന മാത്യു ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കാര്യമായ വെല്ലുവിളികളില്ലാതെയാണ് ദേശീയ റെക്കോഡ് സമയം വെല്ലുന്ന മികവുമായി പുതിയ സമയത്തില്‍ ഫിനിഷിങ് പോയന്‍റ് തൊട്ടത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ചെര്‍പുളശേരി ഗവ. സ്കൂളിലെ ചിത്രയും റെക്കോഡ് പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.എന്‍. അജിതാണ് ശനിയാഴ്ച റെക്കോഡിലേക്ക് ഓടിക്കയറിയ മറ്റൊരു താരം. ആദ്യ ദിനം ട്രാക്കില്‍ അരങ്ങേറിയ 10 ഇനങ്ങളില്‍ അഞ്ചിലും പുതിയ വേഗം കുറിച്ചപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ എം.കെ. ശ്രീനാഥ് മാത്രമാണ് പുതിയ ദൂരം കുറിച്ചത്.
ദേശീയ ഗെയിംസിനോടനുബന്ധിച്ച് നിര്‍മിച്ച സ്റ്റേഡിയത്തിന്് ഇത്തവണ വീണുകിട്ടിയ മീറ്റില്‍ വരാനിരിക്കുന്ന മൂന്ന് നാള്‍ കൂടുതല്‍ റെക്കോഡുകള്‍ പിറക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. മികച്ച പ്രതിഭകള്‍ക്ക് അദ്ഭുത പ്രകടനം കാഴ്ചവെക്കാനാവുമെന്ന് പ്രവചിക്കപ്പെടുന്ന പ്രതലത്തില്‍ കൂടുതല്‍ അതിശയങ്ങള്‍ക്ക് കാത്തിരിക്കുകയാണ് കൗമാരം. കിരീട പോരാട്ടത്തില്‍ ആദ്യ ദിനം എറണാകുളം ഒരു പടി മുന്നിലാണെങ്കിലും പാലക്കാടും കോഴിക്കോടും വെല്ലുവിളിയാകുമെന്നും സൂചന നല്‍കുന്നു. ദീര്‍ഘദൂരത്തില്‍ ആദ്യ ദിനം നാലില്‍ രണ്ടെണ്ണം ജയിച്ച എറണാകുളം ഒപ്പമത്തെിയെങ്കിലും ഒറ്റ ലാപില്‍ ആറില്‍ ഒരു സ്വര്‍ണം മാത്രമാണ് മാറോട് ചേര്‍ക്കാനായത്. ഉഷാ സ്കൂളിലെ ജിസ്ന മാത്യുവിനും കെ. സ്നേഹക്കുമൊപ്പം കൂരാച്ചുണ്ട് സെന്‍റ് തോമസ് ഹൈസ്കൂളിലെ സായുജിന്‍െറ വിജയം കോഴിക്കോടിന്‍െറ നേട്ടത്തിന് തിലകം ചാര്‍ത്തി.
ഫീല്‍ഡില്‍ എറണാകുളത്തിന്‍െറയും പാലക്കാടിന്‍െറയും കുതിപ്പിനൊപ്പം സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ തൃശൂര്‍ വിദ്യാ ജ്യോതിയിലെ ഗിഫ്റ്റ് ഗോഡ്സണും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവും സ്വര്‍ണമണിഞ്ഞത് ശ്രദ്ധേയമായി.
മെച്ചപ്പെട്ട ട്രാക് കുട്ടികളുടെ പ്രകടനം മെച്ചപ്പെടാന്‍ കാരണമാകുമെന്ന് പി.ടി. ഉഷ പറഞ്ഞു. 400 മീറ്ററില്‍ കാര്യമായ വെല്ലുവിളികളില്ലാതെയാണ് ഒന്നാം സ്ഥാനത്തേക്ക് ഓടി കയറിയതെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.