നാട്ടുകാരുടെ സ്വപ്നച്ചിറകില്‍ അഞ്ജലി
text_fieldsകോഴിക്കോട്: ജീവിതദുരന്തങ്ങള്‍ അഞ്ജലിയെ തളര്‍ത്തുന്നില്ല. നാട്ടാരുടെ സ്നേഹവും വിയര്‍പ്പിന്‍െറ വിലയും തിരിച്ചറിഞ്ഞ് നേട്ടത്തിന്‍െറ പടവുകള്‍ ഓരോന്നായി ഓടിക്കയറുകയാണ് ഈ വിദ്യാര്‍ഥിനി. തൃശൂരിലെ സാധാരണക്കാരുടെ സ്കൂളായ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസിന്‍െറ യശസ്സ് വാനോളം ഉയര്‍ത്തിയാണ് പി.ഡി. അഞ്ജലി എന്ന ഒമ്പതാംതരം വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ട്രാക്കില്‍നിന്ന് ഞായറാഴ്ച മടങ്ങിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്ററില്‍ ഒന്നാമതത്തെി വേഗമേറിയ താരമായ ഈ കൊച്ചുമിടുക്കിയുടെ മുന്നില്‍ ഇനിയുള്ള ലക്ഷ്യം 200 മീറ്ററിലെ സുവര്‍ണനേട്ടമാണ്.
കഴിഞ്ഞവര്‍ഷം എല്‍.എന്‍.സി.പി.ഇയിലെ സിന്തറ്റിക് ട്രാക്കില്‍ ഉദിച്ചുയര്‍ന്ന ഈ താരം തന്‍െറ യാത്ര പ്രതീക്ഷയുടെ ട്രാക്കില്‍ തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. അര്‍ബുദബാധിതയായി മാതാവ് സുബി യാത്രയായതിന്‍െറ നൊമ്പരവുമായാണ് അഞ്ജലി കഴിഞ്ഞ മീറ്റില്‍ എത്തിയത്. എന്നാല്‍, അതൊന്നും അവളുടെ പ്രകടനത്തെ ബാധിച്ചില്ല. അതിന്‍െറ തനിയാവര്‍ത്തനമായിരുന്നു കോഴിക്കോടും.
തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങാട്ടുകര കാഞ്ഞിരപറമ്പില്‍ പി.കെ. ദിലീഷിന്‍െറ മകളുടെ പ്രകടനം ഒരുനാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ 100, 200, 400 മീറ്റര്‍ ഓട്ടത്തിലൂടെ ട്രിപ്പ്ള്‍ സ്വര്‍ണവുമായി തന്‍െറ വരവറിയിച്ച അഞ്ജലി ഇക്കുറി ജൂനിയര്‍ വിഭാഗത്തില്‍ രണ്ടു സ്വര്‍ണമാണ് പ്രതീക്ഷിക്കുന്നത്.
അഞ്ജലി നേടിയ സുവര്‍ണ നേട്ടത്തിനു പിന്നില്‍ നാട്ടുകാരില്‍ ഓരോരുത്തരുടെയും കഠിനാധ്വാനവും ഉണ്ട്. നാട്ടിക സ്പോര്‍ട്സ് അക്കാദമിയുടെ കീഴിലാണ് അഞ്ജലിയുടെ പരിശീലനം. അഞ്ജലിയുടെ ജീവിതംതന്നെ കുരുന്നിലേ വിധി നടത്തിയ പരീക്ഷണമാണ്.
അനാഥയായ തന്നെ സനാഥയാക്കി സ്നേഹം വാരിക്കോരിനല്‍കുന്ന നാട്ടികയിലെ നാട്ടാര്‍ക്കും അമ്മാവന്‍ ശ്രീജിത്തിനും തന്നിലെ കായിക താരത്തെ രാകിമിനുക്കി മൂര്‍ച്ചകൂട്ടുന്ന ഗുരുക്കന്മാര്‍ക്കുമുള്ളതാണ് അഞ്ജലിയുടെ ഈ നേട്ടം. അഞ്ജലി വേഗമേറിയ താരമായപ്പോള്‍ ആ ഗ്രൗണ്ടില്‍ കണ്ട സ്നേഹപ്രകടനങ്ങളും അതാണ് വ്യക്തമാക്കിയത്.
അഞ്ജലി ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുന്നത് സ്വപ്നം കാണുകയാണ് നാട്ടികയെന്ന തീരദേശ ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.