മഴ യാത്ര മുടക്കിയ കേരള താരങ്ങൾക്ക് വിമാനത്തിൽ യാത്ര
text_fieldsകൊച്ചി: തമിഴ്നാട്ടിലെ കനത്തമഴ മൂലം തീവണ്ടികൾ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയ കേരള താരങ്ങളെ ചാർട്ടേഡ് വിമാനത്തിലെത്തിക്കാൻ തീരുമാനം. റാഞ്ചിയിൽ നടക്കാനിരിക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിനുള്ള കേരള താരങ്ങൾക്കാണ് മഴ മൂലം തീവണ്ടി യാത്ര മുടങ്ങിയത്. മഴയെത്തുടർന്ന് തീവണ്ടികൾ റദ്ദാക്കിയതിനാൽ താരങ്ങളെ എത്തിക്കാനാകാതെ കേരളം മീറ്റിൽനിന്ന് പിന്മാറിയേക്കുമെന്ന ഘട്ടത്തിലാണ് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് താരങ്ങളെ വിമാനത്തിൽ അയക്കാൻ നിർദേശിച്ചത്. എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കാനുള്ള അപേക്ഷ മുംബൈയിലേക്ക് അയച്ചതായി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് അറിയിച്ചു.
പത്മിനി തോമസ് വിഷയം കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ശ്രദ്ധയിൽപെടുത്തിയതോടെയാണ് പ്രത്യേക വിമാനത്തിൽ താരങ്ങളെ അയക്കാൻ തീരുമാനമായത്. തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴമൂലം ബുധനാഴ്ചത്തെ ധൻബാദ് എക്സ്പ്രസും റദ്ദാക്കി. തുടർന്നാണ് മീറ്റിൽ കേരള ടീമിെൻറ യാത്രമുടങ്ങിയത്. നിലവിലെ ചാമ്പ്യൻമാരാണ് കേരളം. ശനിയാഴ്ച തുടങ്ങുന്ന മീറ്റ് മാറ്റിവെക്കണമെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ ദേശീയ ഫെഡറേഷനോട് അഭ്യർഥിച്ചിരുന്നു. റാഞ്ചിയിൽ 21 മുതൽ 25 വരെയാണ് മീറ്റ്.
കേരളത്തെ പ്രതിനിധാനംചെയ്ത് കോച്ചുമാരടക്കം 171 പേരാണ് രണ്ട് സംഘങ്ങളായി റാഞ്ചിയിലേക്ക് പുറപ്പെടാനിരുന്നത്. മഴമൂലം ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയതിനാൽ ചൊവ്വാഴ്ച ആദ്യസംഘത്തിെൻറ യാത്രമുടങ്ങി. ഇതേത്തുടർന്ന് ബുധനാഴ്ച രാവിലെയുള്ള ധൻബാദ് എക്സ്പ്രസിൽ ടീമിനെ മുഴുവനായി റാഞ്ചിയിലേക്ക് അയയ്ക്കാനായിരുന്നു അസോസിയേഷെൻറ ശ്രമം. ചൊവ്വാഴ്ച രാത്രിയോടെ ബുധനാഴ്ചത്തെ തീവണ്ടിയും റദ്ദാക്കിയതായി അറിയിപ്പ് വന്നതോടെയാണ് കേരള ടീമിെൻറ യാത്രമുടങ്ങുന്ന സ്ഥിതിയുണ്ടായത്.
ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയതോടെ മറ്റു യാത്രാമാർഗങ്ങൾക്ക് അസോസിയേഷൻ ശ്രമിച്ചിരുന്നെങ്കിലും റിസർവേഷൻപോലുമില്ലാതെ 171 പേരുമായി മറ്റു റൂട്ടുകളിലൂടെ സഞ്ചരിച്ചാൽ കൃത്യസമയത്ത് റാഞ്ചിയിൽ എത്താനാകില്ലെന്ന് ബോധ്യമായതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ചത്തെ ധൻബാദ് എക്സ്പ്രസിലെ യാത്രയ്ക്ക് കേരള ടീമിന് 80 സീറ്റുകൾ മാത്രമാണ് റിസർവ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.