ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിന് ഇന്ന് തുടക്കം; 21ാം ചാമ്പ്യൻ പട്ടം തേടി കേരളം
text_fieldsറാഞ്ചി: കേരളത്തിെൻറ ആകാശപ്പെരുമയായിരുന്നു റാഞ്ചി ബിർസമുണ്ട സ്റ്റേഡിയത്തിലെ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് ഉദ്ഘാടന വേദി നിറയെ. മാർച്ച് പാസ്റ്റിൽ കേരളം അണിനിരന്നപ്പോഴും അധ്യക്ഷ–ഉദ്ഘാടന പ്രസംഗകരുടെ നാവിലുമെല്ലാമായി വിമാനത്തിൽ പറന്നെത്തിയ കേരളത്തിെൻറ വിശേഷങ്ങളായിരുന്നു. കൈയടികളോടെ കാണികളും സ്വീകരിച്ചതോടെ ട്രാക്കുണരുംമുമ്പ് കേരളം താരമായി. ഇനി, ഞായറാഴ്ച മുതൽ നാലു ദിവസം പ്രതീക്ഷകൾ പൊന്നാക്കാനുള്ള പോരാട്ടദിനങ്ങൾ. 31ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ അത്ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി പൊന്ന് വിളയിക്കാനിറങ്ങും.
നാലുദിവസത്തെ ചാമ്പ്യൻഷിപ്പിെൻറ ഔദ്യോഗിക ഉദ്ഘാടനം സെൻട്രൽ കോൾ ലിമിറ്റഡ് സി.എം.ഡി ഗോപാൽ സിങ് നിർവഹിച്ചു. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സി.കെ. വൽസൻ അധ്യക്ഷത വഹിച്ചു. മുഴുവൻ സംസ്ഥാനങ്ങളിലെയും അത്ലറ്റുകൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയായിരുന്നു മീറ്റിന് തിരിതെളിഞ്ഞത്. പോൾവാൾട്ടിൽ ദേശീയ റെക്കോഡിനുടമയായ മരിയ ജെയ്സണാണ് കേരളത്തിെൻറ പതാകയേന്തിയത്.
അംഗബലം കുറഞ്ഞു; പ്രതീക്ഷകളും പാളുന്നു
വന്നത് വിമാനത്തിലാണെങ്കിലും ട്രാക്കിലും ഫീൽഡിലും കേരളത്തിെൻറ വീര്യം എത്രമാത്രമുണ്ടാവുമെന്ന് കണ്ടറിയണം. മഴകാരണം ട്രെയിനുകൾ മുടങ്ങുകയും ദേശീയ ജൂനിയർ മീറ്റും ജില്ലാ സ്കൂൾ മീറ്റും ഒന്നിച്ചുവരുകയും ചെയ്തതോടെ പ്രതീക്ഷിച്ച അംഗബലമില്ലാതെയാണ് കേരളം റാഞ്ചിയിലിറങ്ങുന്നത്.
185 പേരുടെ ജമ്പോ സംഘമാണ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും 98 പേർ മാത്രമേ കിരീടം നിലനിർത്താൻ കേരളത്തിനായി ട്രാക്കിലിറങ്ങൂ. മെഡൽ ഉറപ്പുള്ള കെ.ടി. നീന (10 കി.മീ. നടത്തം), ബിബിൻ ജോർജ് (1500 മീ.), അനുമോൾ തമ്പി (3000 മീ.), പി.ആർ. ഐശ്വര്യ (ട്രിപ്പ്ൾ ജംപ്) എന്നിവർ ടീമിലില്ല. എങ്കിലും പെൺകരുത്തിൽ ചാമ്പ്യൻപട്ടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്യാമ്പ്.
അതേസമയം, മഴ ട്രെയിൻ യാത്ര മുടക്കിയത് അനുഗ്രഹമായെന്ന് ടീമംഗങ്ങളുടെ ശരീരഭാഷ വിളിച്ചറിയിക്കുന്നു. പതിവുപോലെയുള്ള ദൈർഘ്യമേറിയ ട്രെയിൻ യാത്രയുടെ ക്ഷീണമോ അവശതയോ ആരുടെയും മുഖത്തില്ല. പോരാട്ടങ്ങൾക്കുള്ള അവസാനവട്ട ഒരുക്കമായി ടീമംഗങ്ങളെല്ലാം ശനിയാഴ്ച ഉച്ചയോടെതന്നെ മത്സരവേദിയായ ബിർസമുണ്ട സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ വാംഅപ്പിനായിറങ്ങി. 98 അംഗ ടീമിൽ 58 പേർ മാത്രമേ ഉച്ചവരെ ടീമിനൊപ്പം ചേർന്നിട്ടുള്ളൂ. ശേഷിച്ച 40 പേർ രാത്രിയോടെ റാഞ്ചിയിൽ വിമാനമിറങ്ങി കേരള സംഘത്തിനൊപ്പം ചേർന്നു.
2011ൽ ഇതേ വേദിയിൽ കേരളത്തിെൻറ ജൈത്രയാത്രകൾക്ക് ഹരിയാന ഫുൾസ്റ്റോപ്പിട്ടതിെൻറ ഓർമയിലാണ് ചാമ്പ്യൻ സംഘത്തിെൻറ പടപ്പുറപ്പാട്. അന്നത്തെ കിരീട നഷ്ടത്തിന് തുടർച്ചയായി മൂന്നുവർഷം ജേതാക്കളായി മറുപടി നൽകിയ കേരളത്തിന് ഇക്കുറിയും ഭീഷണി ഉയർത്തുന്നത് 150 പേരുമായെത്തുന്ന ഹരിയാന തന്നെ. ചെറുസംഘമെങ്കിലും ഉള്ളവരെല്ലാം വീര്യത്തിന് ഒട്ടും കുറവില്ലാത്ത അയൽക്കാരായ തമിഴ്നാടിനെയും ഭയക്കണം.
ആദ്യ ദിനം 22 ഫൈനൽ
അഞ്ചു ദിവസത്തെ മീറ്റ് നാലു ദിവസത്തിലേക്ക് ചുരുട്ടിപ്പിടിച്ചതിെൻറ ഭാരം മുഴുവൻ അത്ലറ്റുകൾക്കാണ്. ആദ്യ ദിവസമായ ഞായറാഴ്ച ട്രാക്കിലും ഫീൽഡിലും കാത്തിരിക്കുന്നത് 22 ഫൈനലുകൾ. ആദ്യ ദിനത്തിൽ കേരളത്തിെൻറ സുവർണ പ്രതീക്ഷയുള്ള ജംപ്, ദീർഘ–മധ്യദൂര ഓട്ടം എന്നീ ഇനങ്ങളിൽ താരങ്ങൾ മത്സരത്തിനിറങ്ങും. ആദ്യ ഇനമായ സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ യു. നീതു, എം.വി. വർഷ എന്നിവർ ട്രാക്കിലിറങ്ങും. ഹൈജംപിൽ ഗായത്രി ശിവകുമാർ, മനു ഫ്രാൻസിസ്, ജിയോ ജോസഫ് എന്നിവർ വിവിധ വിഭാഗങ്ങളിലും മത്സരിക്കും. 1500 മീറ്ററിൽ ഒലിവിയ ആൻ മരിയ അണ്ടർ 20ലും ലേഖ ഉണ്ണി അണ്ടർ 18 വിഭാഗത്തിലും ചാമ്പ്യന്മാരുടെ സ്വർണപ്രതീക്ഷകൾക്ക് ചിറക് നൽകാൻ ആദ്യ ദിനത്തിൽ പോരിനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.