കേരള ജൂനിയര്‍ ടീമംഗങ്ങള്‍ക്ക് സ്കൂള്‍ മീറ്റില്‍ പ്രവേശം
text_fields
കോഴിക്കോട്: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിനുവേണ്ടി പൊന്നു വാരാന്‍ പോയ കായിക പ്രതിഭകള്‍ക്ക് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ നേരിട്ട് എന്‍ട്രി നല്‍കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. റാഞ്ചിയിലെ ജൂനിയര്‍ മീറ്റിനും യാത്രക്കുമിടയില്‍ വന്ന ജില്ലാ സ്കൂള്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് കോഴിക്കോട്ട് ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ മാറ്റുരക്കാനാവുമോയെന്ന ആശങ്കക്ക് അടിസ്ഥാനമില്ളെന്ന് വകുപ്പുമന്ത്രിമാരും സംസ്ഥാന സ്കൂള്‍ ഗെയിംസ് ഫെഡറേഷനും ആവര്‍ത്തിച്ചുപറയുമ്പോഴും ഓരോ ജില്ലകളും സ്വീകരിക്കുന്നത് വ്യത്യസ്ത മാനദണ്ഡങ്ങള്‍. വ്യാഴാഴ്ച മീറ്റ് തുടങ്ങിയ കോട്ടയം പോലുള്ള ജില്ലകള്‍ റാഞ്ചിയില്‍ പോയ താരങ്ങളെ മൂന്നാം സ്ഥാനക്കാരായി പരിഗണിച്ച് നേരിട്ട് എന്‍ട്രി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ശനിയാഴ്ച ജില്ലാ മീറ്റ് തുടങ്ങുന്ന കോഴിക്കോട് പോലുള്ള ജില്ലകളില്‍ യാത്രകഴിഞ്ഞത്തെുന്ന താരങ്ങള്‍ നേരിട്ട് ഗ്രൗണ്ടിലത്തെണമെന്ന് നിഷ്കര്‍ഷിക്കുകയാണ്. മറ്റു ചിലയിടങ്ങളില്‍ ജില്ലാ മീറ്റില്‍ മൂന്നാമതത്തെിയവരുമായി സെലക്ഷന്‍ ട്രയല്‍സില്‍ ഇവര്‍ മാറ്റുരക്കണമെന്ന നിബന്ധനയും മുന്നോട്ടുവെക്കുന്നുണ്ട്.
ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമതടസ്സങ്ങളുണ്ടെങ്കില്‍ അവ നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും വ്യക്തമാക്കിയിട്ടുണ്ട്. ജൂനിയര്‍ താരങ്ങളുടെ പങ്കാളിത്തത്തിന് ആവശ്യമായ കാര്യങ്ങള്‍ ജില്ലാതലത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു സംസ്ഥാന സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
വ്യാഴാഴ്ച തന്നെ മീറ്റ് തുടങ്ങിയ എറണാകുളം, കോട്ടയം, മലപ്പുറം, തുടങ്ങിയ ജില്ലകളിലെ താരങ്ങള്‍ക്കാണ് ജില്ലാ മീറ്റില്‍ ഇത്തവണ ഒട്ടും സാന്നിധ്യമറിയിക്കാന്‍ കഴിയാതെപോയത്. കോഴിക്കോട്, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ശനിയാഴ്ച കായിക മേളക്ക് കൊടിയുയരും. ട്രെയിന്‍ റദ്ദാക്കിയതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെ വിമാനത്തില്‍ റാഞ്ചിയിലേക്ക് പറന്ന കേരള ടീം ട്രെയിന്‍ മാര്‍ഗം ഇന്ന് ഉച്ചയോടെ മാത്രമേ കേരളത്തില്‍ തിരിച്ചത്തെൂ. തിങ്കളാഴ്ച മീറ്റ് തുടങ്ങുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താരങ്ങള്‍ക്ക് മാത്രമേ യാത്രാക്ഷീണം ചെറുതായെങ്കിലും മാറ്റി ജില്ലാ മീറ്റുകളില്‍ മത്സരിക്കാന്‍ കഴിയൂ. അതേസമയം, സംസ്ഥാന മീറ്റില്‍ എറണാകുളത്തിനും പാലക്കാടിനും വെല്ലുവിളിയായി വളരുന്ന കോഴിക്കാട് ജില്ലയിലെ പത്തോളം താരങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും മത്സരിക്കാനിറങ്ങണം. ഇന്ന് ഹീറ്റ്സ് നടക്കുന്ന ഇനങ്ങളിലെ ഫൈനലില്‍ ഇവര്‍ക്ക് നേരിട്ട് അവസരം നല്‍കുമെന്നതാണ് ഇതുവരെ ലഭിച്ച പരിഗണന. അന്താരാഷ്ട്ര തലത്തില്‍ മത്സരപരിചയമുള്ളവരും കഴിവു തെളിയിച്ചവരുമായ ജിസ്ന മാത്യുവും അബിത മേരി മാനുവലും പോലുള്ള താരങ്ങളുടെ മികവ് അളക്കാതെ അവര്‍ക്ക് നേരിട്ട് എന്‍ട്രി നല്‍കേണ്ടതായിരുന്നുവെന്ന് പി.ടി. ഉഷ പറഞ്ഞു. യാത്രാക്ഷീണത്തോടെ മത്സരിക്കേണ്ടിവന്നാല്‍ ജൂനിയര്‍ മീറ്റില്‍ മികവുകാട്ടി തിരിച്ചത്തെിയവര്‍ക്ക് യോഗ്യത നേടാനാവുമെങ്കിലും അത് കടുത്ത പരീക്ഷണമാണെന്ന് ഉഷ ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു ജില്ലയില്‍നിന്ന് ഒരിനത്തില്‍ രണ്ടുപേര്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ടീമില്‍ പ്രവേശം നല്‍കുമോയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമായിട്ടില്ല. ജൂനിയര്‍ മീറ്റിന് പോയ താരങ്ങളെ ജില്ലാതലത്തില്‍ മൂന്നാം സ്ഥാനക്കാരായി പരിഗണിച്ച് ടീമിലെടുക്കാനാണ് കോട്ടയത്ത് തീരുമാനമെടുത്തത്.
കേരളത്തിന്‍െറ ശ്രദ്ധേയ താരങ്ങളായ മരിയ ജോസഫും ഡൈബി സെബാസ്റ്റ്യനും സ്വന്തം ചെലവില്‍ റാഞ്ചിയില്‍നിന്ന് വിമാന മാര്‍ഗം കോട്ടയത്ത് എത്തിയിരുന്നു. സംസ്ഥാന സ്കൂള്‍ മീറ്റില്‍ മികവു കാട്ടുന്ന എറണാകുളം, പാലക്കാട് ജില്ലയിലെ മുന്‍നിര സ്കൂളുകളിലെ താരങ്ങള്‍ സ്കൂള്‍ മീറ്റിന് തയാറെടുക്കുന്നതിന് ദേശീയ മീറ്റില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ഉഷ സ്കൂളിലേതടക്കം മറ്റു ജില്ലകളിലെ താരങ്ങളാണ് കേരളത്തെ റാഞ്ചിയില്‍ പ്രതിനിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.